കാറിന്റെ ബമ്പര്‍ ഇളക്കിയെടുത്ത് അജ്മലിനെ തല്ലി നാട്ടുകാര്‍. ഡോക്ടര്‍ ശ്രീക്കുട്ടി കാറില്‍ നിന്ന് ഇറങ്ങി ഓടി. കൊല്ലം മൈനാഗപ്പള്ളിയില്‍ മദ്യലഹരിയില്‍ കാറോടിച്ച് അപകടമുണ്ടാക്കിയ കേസിൽ പ്രതി അജ്മലിനെ പിടികൂടാന്‍ ശ്രമിക്കുന്ന ദൃശ്യങ്ങള്‍ മനോരമ ന്യൂസിന് ലഭിച്ചു. കരുനാഗപ്പള്ളിയില്‍ കാര്‍ നിര്‍ത്തിയപ്പോഴാണ് നാട്ടുകാര്‍ വളഞ്ഞത്.
അജ്മൽ നിരവധി കേസുകളിലെ പ്രതിയാണെന്ന് നേരത്തെ പൊലീസ് സ്ഥിരീകരിച്ചിരുന്നു. നാട്ടുകാരില്‍ നിന്ന് രക്ഷപെട്ട് അജ്മല്‍ ഒരു വീടിന്‍റെ പിന്നിലൂടെ ഓടിപ്പോയി. മൈനാഗപ്പിള്ളി അപകടത്തിലെ പ്രതികള്‍ രാസലഹരി ഉപയോഗിച്ചോയെന്ന് സംശയമുണ്ട്. അജ്മല്‍, ഡോ. ശ്രീക്കുട്ടി, എന്നിവരുടെ രക്ത, മൂത്ര സാമ്പിളുകള്‍ പരിശോധിക്കും.
അജ്മലും ഡോ. ശ്രീക്കുട്ടിയും തമ്മിലുള്ള പണമിടപാടുകളും പരിശോധിക്കും. തന്റെ ആഭരണങ്ങള്‍ അജ്മലിന്റെ കൈവശമുണ്ടെന്ന് ഡോ. ശ്രീക്കുട്ടി പൊലീസിനോട് പറഞ്ഞിരുന്നു. മൈനാഗപ്പള്ളി അപകടത്തിലെ പ്രതി അജ്മൽ രക്ഷപ്പെടാനായി വീട്ടിലേക്ക് ഓടി കയറിയ ശേഷം വീട്ടിൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ചതായി വീട്ടുടമസ്ഥൻ പ്രദീപ്.
പ്രതികളെ തടഞ്ഞ ഭാര്യയെയും അമ്മയെയും അജ്മൽ തള്ളിമാറ്റി. കിടപ്പുമുറിയിൽ കയറി അട്ടഹസിച്ചു. വീടിന്‍റെ ശുചിമുറിയിൽ ഒളിക്കാൻ ശ്രമിച്ചു. അടുക്കളയിൽ ഒളിച്ച പ്രതി ഡോ ശ്രീക്കുട്ടിയെ തടഞ്ഞുവെച്ച് പൊലീസിൽ ഏൽപ്പിക്കുകയായിരുന്നെന്നും പ്രദീപ് മനോരമ ന്യൂസിനോട് പറഞ്ഞു.
കേസില്‍ യുവാവും വനിതാ ഡോക്ടറും അറസ്റ്റിലായിരുന്നു. റോഡിൽ തെറിച്ചുവീണ സ്ത്രീയുടെ ശരീരത്തിലൂടെ കാർ കയറ്റിയിറക്കിയ കരുനാഗപ്പള്ളി വെളുത്തമണൽ സ്വദേശി അജ്മലും കാറിൽ ഉണ്ടായിരുന്ന വനിതാ ഡോക്ടർ ശ്രീക്കുട്ടിയുമാണ് അറസ്റ്റിലായത്. ഇവർക്കെതിരെ മനഃപൂർവമായ നരഹത്യാകുറ്റം ചുമത്തിയിട്ടുണ്ട്.
കാറിടിച്ച് സ്കൂട്ടറില്‍ നിന്ന് തെറിച്ച് കാറിനു മുന്നിൽ റോഡിൽ വീണ ആനൂർക്കാവ് സ്വദേശിനി കുഞ്ഞുമോളുടെ ശരീരത്തിലൂടെ കാർ കയറ്റി ഇറക്കുകയായിരുന്നു. കാർ മുന്നോട്ട് എടുക്കരുതെന്ന് നാട്ടുകാർ വാവിട്ടു പറഞ്ഞിട്ടും ഡ്രൈവർ അജ്മൽ കേട്ടില്ല. കുഞ്ഞുമോൾക്ക് ജീവൻനഷ്ടപ്പെട്ടു.സ്കൂട്ടർ ഓടിച്ചിരുന്ന കുഞ്ഞുമോളുടെ ബന്ധു ഫൗസിയയ്ക്കും പരുക്കേറ്റു.ഫൗസിയ ഞെട്ടലോടെയാണ് അപകടം ഓർക്കുന്നത്.
നിർത്താതെ പോയ കാർ പിന്നീട് മറ്റ് നിരവധി വാഹനങ്ങളിലും ഇടിച്ചു. കരുനാഗപ്പള്ളിക്ക് സമീപത്ത് വച്ച് നാട്ടുകാർ പിടികൂടിയെങ്കിലും അജ്മൽ ഓടി രക്ഷപ്പെട്ടു. അജ്മലിനൊപ്പം മദ്യലഹരിയിൽ കാറിൽ ഉണ്ടായിരുന്ന വനിതാ ഡോക്ടർ നെയ്യാറ്റിൻകര സ്വദേശിനി ശ്രീക്കുട്ടിയെ പിടികൂടി. പുലർച്ചെ പിടിയിലായ അജ്മലിനെതിരെയും ഡോക്ടർ ശ്രീക്കുട്ടിക്കെതിരെയും ഭാരതീയ ന്യായ സംഹിത 105 വകുപ്പ് മനഃപൂർവമായ നരഹത്യ കുറ്റമാണ് ചുമത്തിയത്.
ഇടക്കുളങ്ങര സ്വദേശിയായ യുവതിയുടെ പേരിലുള്ള കാറാണ് അജ്മൽ ഓടിച്ചിരുന്നത്. മദ്യപിച്ചിരുന്നതായി അജ്മലും ശ്രീക്കുട്ടിയും പൊലീസിനോട് സമ്മതിച്ചു. ചന്ദനക്കടത്ത്, വഞ്ചന ഉൾപ്പെടെ നിരവധി കേസുകളിലെ പ്രതിയാണെന്ന് അജ്മൽ എന്ന് റൂറൽ എസ് പി പറഞ്ഞു. ഡോക്ടർ ശ്രീക്കുട്ടിയെ കരുനാഗപ്പള്ളിയിലെ സ്വകാര്യ ആശുപത്രി, ജോലിയിൽ നിന്ന് പുറത്താക്കി. അപകടത്തിൽ സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ കൊല്ലം എസ്പിയോട് റിപ്പോർട്ട് തേടി.