Saturday 01 July 2023 03:12 PM IST

‘വന്ദനയുടെ മരണം ശരിക്കും ഷോക്ക്... ആ സംഭവം ഓർക്കുമ്പോൾ ഭയത്തോടെ മാത്രമേ ജോലിചെയ്യാൻ കഴിയൂ’: ഡോ. വീണ വിജയൻ

Rakhy Raz

Sub Editor

dr-veena-nair-vandana

മാസത്തിൽ അഞ്ച് ആരോഗ്യപ്രവർത്തകർ കേരളത്തിൽ രോഗികളുടെയോ ബന്ധുക്കളുടെയോ ആക്രമണത്തിന് ഇരയാകുന്നുണ്ട്. ഭാഗ്യവശാൽ ഇതുവരെ ഇത്തരത്തിൽ ഒരു മരണം ഉണ്ടായിട്ടില്ല.

അതു ഭാഗ്യം മാത്രമാണ്. അത്തരത്തിൽ ഒരു മരണം ഉണ്ടാകും. നിശ്ചയമാണ്.

ദുരന്ത നിവാരണ വിദഗ്ധനായ മുരളി തുമ്മാരുകുടി 2023 ഏപ്രിൽ ഒന്നാം തീയതി സോഷ്യൽ മീഡിയയിൽ കുറിച്ച വാക്കുകളാണിത്.

2023 മേയ് പത്താം തീയതി ഈ വാക്കുകൾ സ ത്യമായി. കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ പൊലീസ് എത്തിച്ച രോഗിയുടെ കുത്തേറ്റ് ഹൗസ് സർജൻ ഡോ. വന്ദന ദാസ് മരണമടഞ്ഞു.

അതുവരെയുള്ള എല്ലാ സംയമനവും നഷ്ടപ്പെട്ടു ഡോക്ടർമാർ തെരുവിലിറങ്ങി. ആത്മരോഷത്താൽ അവരുടെ വാക്കുകൾ വിറകൊണ്ടു. ഒപി ബഹിഷ്ക്കരിച്ച് അവർ സമരമുഖത്ത് അണിനിരന്നു. ആരോഗ്യരംഗത്ത് കേരളത്തെ ലോകത്തിനു തന്നെ മാതൃകയാക്കി മാറ്റിയ നമ്മുടെ ഡോക്ടർമാർ അർഹിക്കുന്നത് ഈ വിധമുള്ള മുറിവുകളാണോ? ഡോക്ടർമാർ പ്രതികരിക്കുന്നു.

ആറു മാസം മുൻപു തിരുവനന്തപുരം മെഡിക്കൽ കോളജ് ന്യൂറോ സർജറി വിഭാഗത്തിലെ സൂപ്പർ സ്പെഷ്യാലിറ്റി സീനിയർ റസിഡന്റ് ആയ വനിതാ ഡോക്ടറെ രോഗിയുടെ കൂടെ വന്നയാൾ അടിവയറ്റിൽ ചവിട്ടി വീഴ്ത്തി. സംഭവത്തെത്തുടർന്നു ഡോക്ടർമാർ സമരത്തിലേക്കു നീങ്ങി. ബ്രെയിൻ ട്യൂമർ ശസ്ത്രക്രിയ കഴിഞ്ഞ് ഐസിയുവിൽ പ്രവേശിപ്പിക്കപ്പെട്ട സ്ത്രീ മരിച്ചതുമായി ബന്ധപ്പെട്ടാണു സംഭവം. ഐസിയുവിൽ പ്രവേശിപ്പിക്കപ്പെട്ട ശേഷം രാത്രിയോടെ സങ്കീർണത ഉടലെടുക്കുകയും രോഗി മരിക്കുകയുമായിരുന്നു. മരണം അറിയിക്കാൻ ചെന്ന ഡോക്ടറെയാണു ചവിട്ടി വീഴ്ത്തിയത്.

dr-vandana-dr-veena ഡോ. വീണ വിജയനും സഹപ്രവർത്തകരും

ആത്മവിശ്വാസം പ്രധാനമാണ്

ഡോ. വീണ വിജയൻ

ഐഎംഎ ജൂനിയർ ഡോക്ടേഴ്സ് നെറ്റ്‌വർക്

കോ ഓർഡിനേറ്റർ, പത്തനംതിട്ട

ആശുപത്രിയിൽ വരുന്ന 95 ശതമാനം പേരും കാര്യങ്ങൾ മനസ്സിലാക്കുന്നവരാണ്. ആക്രമിക്കുന്നവർ വളരെ കുറച്ചേയുള്ളുവെങ്കിൽ പോലും ഭയത്തോടെ മാത്രമേ ഡോക്ടർമാർക്ക് എന്തും ചെയ്യാൻ കഴിയൂ എന്ന സ്ഥിതിയുണ്ട്.

അത് ഒട്ടും തന്നെ നല്ല പ്രവണതയല്ല. ചികിത്സയിലെ ശ്രദ്ധയെ ബാധിക്കുന്ന ഒന്നായി അതു മാറാം. അതിനാൽ ഡോക്ടർമാർക്കു സുരക്ഷിതത്വ ബോധം തീർച്ചയായും ഉ ണ്ടാകണം.

വന്ദനയുടെ കേസ് ശരിക്കും ഷോക്ക് തന്നെയാണ്. നമ്മളെ തന്നെ ആ സാഹചര്യത്തിൽ സങ്കൽപിച്ചു നോക്കിയാൽ ഭയമില്ലാതെ ജോലി ചെയ്യാൻ ഏതെങ്കിലുമൊരു ഡോക്ടർക്ക് ആകുമോ? തന്റെ മക്കളെ മെഡിസിൻ പഠിക്കാൻ വിടാൻ മാതാപിതാക്കൾ മടിച്ചാൽ കുറ്റപ്പെടുത്താനാകുമോ? പരാതി പറഞ്ഞു പൊലീസ് സ്റ്റേഷനിൽ കയറി നടക്കാതെ ഉടനടി നടപടി സാധ്യമാകുന്ന സുരക്ഷി തത്വമാണു വേണ്ടത്. അതിനു മാത്രമേ ഡോക്ടർമാരുടെ ആത്മവിശ്വാസം തിരികെ നേടിത്തരാനാകൂ. ഇല്ലെങ്കിൽ ചികിത്സയുടെ നിലവാരം ഭയം കയ്യടക്കുന്ന സ്ഥിതി വരും.