കോഴിക്കോട് വടകരയില്‍ ആറു മാസം മുന്‍പ് ഒമ്പതു വയസുകാരിയെ ഇടിച്ചുതെറിപ്പിച്ച കാര്‍ കണ്ടെത്താന്‍ പൊലീസ് അന്വേഷണം ഊര്‍ജ്ജിതം. കാറിനെ കുറിച്ചുള്ള വിവരങ്ങള്‍ ലഭിക്കുന്നവര്‍ അന്വേഷണ സംഘത്തെ അറിയിക്കണമെന്ന് പൊലീസ് അറിയിച്ചു. മനുഷ്യാവകാശ കമ്മീഷന്‍ ഇടപെട്ടതോടെ പ്രത്യേക സംഘമാണിപ്പോള്‍ കേസ് അന്വേഷിക്കുന്നത്.
ഫെബ്രുവരി 17–ാം തിയതി ബന്ധുവീട്ടിലേക്ക് പോകാനായി റോഡ് മുറിച്ച് കടക്കുന്നതിനിടെയാണ് വെള്ളനിറത്തിലുള്ള കാര്‍ അഞ്ചാം ക്ലാസുകാരി ദൃഷാനയെയും മുത്തശ്ശി ബേബിയെയും ഇടിച്ചുതെറിപ്പിച്ചത്. ആശുപത്രിയിലെത്തിക്കുമ്പോഴേക്കും അമ്മൂമ്മ മരിച്ചിരുന്നു. ദൃഷാന ഇപ്പോഴും കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ അബോധാവസ്ഥയിലാണ്. കേസ് അന്വേഷണം ഊര്‍ജ്ജിതമാക്കിയതോടെ പ്രത്യേക സംഘം കുട്ടിയുടെ ബന്ധുകളുടെ മൊഴിയെടുത്തു.
അതേസമയം, ചില ദൃശ്യങ്ങള്‍ പരിശോധിച്ചതില്‍ നിന്ന് സ്വിഫ്റ്റ് കാറാണെന്ന് ഇടിച്ചതെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. ക്രൈംബ്രാഞ്ച് ഡിവൈഎസ്‍പിയുടെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്. കാറിന്റെ മുന്‍വശത്ത് കേടുപാടുണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ വര്‍ക്ക് ഷോപ്പുകളില്‍ വെള്ള നിറത്തിലുള്ള കാര്‍ എത്തിച്ചുണ്ടാകാമെന്ന നിഗമനത്തിലാണ് പൊലീസ്.