തൊട്ടരികിലെ ലോറിയിൽ കൊതിപ്പിക്കുന്ന പൈനാപ്പിളുകൾ കണ്ടപ്പോൾ സ്വകാര്യ ബസ് ഡ്രൈവർ പിടിവിട്ടു ചെയ്തു പോയ ഒരു കയ്യബദ്ധം. ഒരു പൈനാപ്പിൾ ‘മോഷണം’. ഇത് നാടാകെ പാട്ടായതിന്റെ ജാള്യതയിലാണ് ആ ബസ് ഡ്രൈവറും ബസ് ജീവനക്കാരും.
മൂവാറ്റുപുഴ വാഴക്കുളം സെന്റ് ജോർജ് ഫൊറോന പള്ളി കവലയിൽ സിഗ്നൽ കാത്തു കിടക്കുന്നതിനിടെയാണു സ്വകാര്യ ബസ് ഡ്രൈവർ തൊട്ടരികെ എത്തിയ പൈനാപ്പിൾ നിറച്ച ലോറി കണ്ടത്. കയ്യെത്തും ദൂരത്ത് പൈനാപ്പിൾ കണ്ടപ്പോൾ കൗതുകത്തിനു ചെയ്തതാണ്. ബസിൽ നിന്നു കൈ നീട്ടി ലോറിയിൽ നിന്നൊരു പൈനാപ്പിൾ അതിവേഗം കൈക്കലാക്കി ബസ് ഡ്രൈവർ.
ആരും കണ്ടില്ല എന്നായിരുന്നു ഡ്രൈവർ വിചാരിച്ചത്. പക്ഷേ പിന്നിൽ സിഗ്നൽ കാത്തു കിടന്ന വാഹനത്തിലെ യാത്രക്കാരൻ ഈ മോഷണം ക്യാമറയിൽ പകർത്തി. സമൂഹമാധ്യമങ്ങളിൽ ഇപ്പോൾ ഈ പൈനാപ്പിൾ മോഷണം ഹിറ്റ് ആയിരിക്കുകയാണ്. ആർക്കും പരാതിയും പരിഭവവും ഇല്ലെങ്കിലും കൗതുകത്തിനു ചെയ്തൊരു കുഞ്ഞു മോഷണം നാടും നാട്ടുകാരും കണ്ട് ആസ്വദിക്കുന്നതിന്റെ ജാള്യതയിലാണ് ബസ് ഡ്രൈവർ.