Saturday 07 December 2024 02:20 PM IST : By സ്വന്തം ലേഖകൻ

‘കൈകാലുകൾ ഇടയ്ക്കിടെ അനക്കും, കണ്ണിമകളാൽ ആരെയോ നോക്കുന്നതു പോലെ’: അബോധാവസ്ഥയിൽ 10 വയസ്സുകാരി തൃഷാന

drushana-14 1)ബേബി, തൃഷാന 2) ഷെജീൽ 3) അപകടമുണ്ടാക്കിയ കാർ കോഴിക്കോട് റൂറൽ ജില്ലാ പൊലീസ് മേധാവിയുടെ ഓഫിസിൽ എത്തിച്ചപ്പോൾ.

‘തൃഷാന ഒന്നും അറിയുന്നില്ല... കൈകാലുകൾ ഇടയ്ക്കിടെ അനക്കും. കണ്ണിമ ഇളക്കി ആരെയോ നോക്കുന്നതു പോലെ...’ അപകടം നടന്നു 10 മാസത്തിനു ശേഷവും മെഡിക്കൽ കോളജ് ആശുപത്രിയിലെ ഫിസിക്കൽ മെഡിസിൻ റിഹാബിലിറ്റേഷൻ സെന്ററിലെ 28-ാം വാർഡിൽ അബോധാവസ്ഥയിൽ കഴിയുകയാണ് 10 വയസ്സുകാരി. അമ്മ സ്മിത കണ്ണിമ പൂട്ടാതെ മകളുടെ വിളി കേൾക്കാനും ഓർമ തിരിച്ചുകിട്ടാനുമായി പ്രാർഥനയോടെ കാത്തിരിപ്പാണ്.

മകളെ ഇടിച്ചിട്ട കാർ കണ്ടെത്തിയ വിവരം അറിഞ്ഞപ്പോൾ കണ്ണൂർ മേലേചൊവ്വ വടക്കൻ കോവിൽ സുധീറും ഭാര്യ ചോറോട്ടെ സ്മിതയും തെല്ല് ആശ്വാസത്തിലാണ്. ‘കാർ കിട്ടിയെന്നതിൽ സന്തോഷമുണ്ട്. ഡ്രൈവറെ പിടികൂടിയാൽ മാത്രമേ നഷ്ടപരിഹാരവും കുട്ടിയുടെ ചികിത്സയും തുടരാൻ സാധിക്കൂ.

അയാളെ പിടികൂടി നാട്ടിലെത്തിക്കാൻ സർക്കാർ നടപടിയെടുക്കണം. ഡ്രൈവറെ കിട്ടിയാൽ മാത്രമേ ഇൻഷുറൻസ് കിട്ടുകയുള്ളൂ. അയാളെ കൊണ്ടുവന്ന് അമ്മയെ കൊന്നതിനു ശിക്ഷയും നൽകണം’ – തൃഷാനയുടെ അച്ഛൻ സുധീർ പറഞ്ഞു. തലശ്ശേരി മനേക്കരയിലെ പന്ന്യന്നൂർ പഞ്ചായത്ത് ഓഫിസിനു സമീപം പുത്തലത്ത് ബേബി (68) അപകടത്തിൽ മരിക്കുകയും പേരക്കുട്ടി തൃഷാനയെ അബോധാവസ്ഥയിലാക്കുകയും ചെയ്ത അപകടം സംഭവിച്ചത് കഴിഞ്ഞ ഫെബ്രുവരി 17ന്. ബേബിയുടെ മകൻ സുധീറിന്റെയും സ്മിതയുടെയും മകളാണ് തൃഷാന.

ചോറോട്ടെ ബന്ധുവീട്ടിൽ നിന്നു ബേബിയോടൊപ്പം വരുന്ന വഴിയിൽ ചോറോട് അമൃതാനന്ദമയിമഠം ബസ്‌സ്‌റ്റോപ്പിന് സമീപം റോഡ് കുറുകെ കടക്കുമ്പോൾ തലശ്ശേരി ഭാഗത്തേക്കു പോകുകയായിരുന്ന കാർ ഇടിക്കുകയായിരുന്നു. കുട്ടിയെ പരിചരിക്കാൻ അമ്മയും അച്ഛനും ബന്ധുക്കളും ഗവ.മെഡിക്കൽ കോളജ് ആശുപത്രിയിലുണ്ട്.

7000 രൂപ മാസവാടകയ്ക്ക് താമസിക്കുകയാണ് ബന്ധുക്കൾ. ഹരിതകർമസേന വൊളന്റിയറായ സ്മിത 10 മാസമായി ജോലിക്ക് പോകുന്നില്ല. ലൈഫ് പദ്ധതിയിൽ ലഭിച്ച വീടിന്റെ പണി പാതിവഴിയിലാണെന്നു സുധീർ പറഞ്ഞു.