Wednesday 27 September 2023 04:42 PM IST : By സ്വന്തം ലേഖകൻ

തെങ്ങു വീണ് വീട് തകര്‍ന്നു; ബ്ലേഡ് തട്ടിയാല്‍ കീറുന്ന ‘ചുമരുള്ള’ വീട്ടില്‍ മക്കള്‍ക്കൊപ്പം ഭയന്നു ജീവിച്ച് സെലീന, ദുരിത ജീവിതം

home.jpg.image.845.440

തെങ്ങ് വീണ് താമസിച്ചിരുന്ന വീട് തകര്‍ന്നതോടെ പ്ലാസ്റ്റിക് ഷീറ്റ് മറച്ച ഷെഡ്ഡിലാണ് പത്തനംതിട്ട പെരിങ്ങനാട് സ്വദേശിനി സെലിനയും രണ്ടു മക്കളും കഴിയുന്നത്. ഏതു സമയവും തകര്‍ന്നു വീഴാവുന്ന ഷെഡ്ഡില്‍ മക്കളേയും കൂട്ടി കഴിയാന്‍ ഭയമാണെന്ന് സെലീന പറയുന്നു. 

വീടിനു വേണ്ടി കാത്തിരിക്കാന്‍ തുടങ്ങിയിട്ട് 14 വര്‍ഷമായി. മണ്‍കട്ട കെട്ടിയ ദുര്‍ബലമായ വീട്ടിലായിരുന്നു താമസം. പലവട്ടം പള്ളിക്കല്‍ പഞ്ചായത്തില്‍ വീടിനായി അപേക്ഷ നല്‍കിയെങ്കിലും ഫലമുണ്ടായില്ല. കഴിഞ്ഞ മഴക്കാലത്ത് ഉള്ളവീടും തെങ്ങ് വീണു തകര്‍ന്നു. ഇതോടെ സഹോദരന്റെ പറമ്പില്‍ ഷെഡ്ഡു കെട്ടി താമസം മാറി. സെലീനയുടെ  ഇരട്ടകളായ മകനും മകളും പ്ലസ്ടു വിദ്യാര്‍ഥികളാണ്. 

ഒരു ബ്ലേഡ് കൊണ്ട് കീറാന്‍ കഴിയുന്ന ചുമരുള്ള വീട്ടില്‍ മകളേയും കൂട്ടി ഭയന്നു ജീവിക്കുകയാണെന്ന് സെലീന പറയുന്നു. ഹൃദ്രോഹി കൂടിയാണ് സെലീന. മാതാപിതാക്കളുടെ ആരോഗ്യം മോശമായതിനാല്‍  ഭര്‍ത്താവ് ഇടയ്ക്കിലെ ആ വീട്ടിലാണ് താമസം. റബര്‍ തോട്ടത്തിലാണ് നിലവിലെ ഷെഡ്. മഴ വീണാല്‍പ്പിന്നെ സെലീനയ്ക്ക് ഭയമാണ്. അടുത്തിടെ ഷെഡ്ഡില്‍ പാമ്പ് ശല്യവും കൂടിയെന്ന് സെലീന പറയുന്നു.

Tags:
  • Spotlight