Wednesday 07 August 2024 11:37 AM IST : By സ്വന്തം ലേഖകൻ

‘അറുപതു കൊല്ലമായി ഈ മണ്ണിലാണു ജീവിച്ചത്; ഇനിയിവിടേക്കു തിരിച്ചുവരാൻ പറ്റുമോ എന്നറിയില്ല’: സ്വന്തം വീട്ടിൽനിന്നു കണ്ണീരോടെയിറങ്ങിയ ഏലിയാമ്മ

eliyamma-kelakam ചിത്രം: സമീർ എ.ഹമീദ്/ മനോരമ

‘അറുപതു കൊല്ലമായി ഈ മണ്ണിലാണു ജീവിച്ചത്. മണ്ണിടിഞ്ഞുതാഴ്ന്നു വീടും പറമ്പുമെല്ലാം അതിൽപെട്ടുപോകുമെന്ന്  പൊലീസും പഞ്ചായത്തിലെ ആളുകളും വന്നുപറഞ്ഞു. കയ്യിൽ കിട്ടിയതെതെല്ലാം എടുത്ത് മോന്റെ കൂടെ ഞാൻ വാടകവീട്ടിലേക്ക് പോയി. ഇനിയിവിടേക്കു തിരിച്ചുവരാൻ പറ്റുമോ എന്നറിയില്ല.’’– കേളകം ഏഴാം വാർഡ് ശാന്തിഗിരി കൈലാസംപടിയിൽ വലിയവീട്ടിൽ ഏലിയാമ്മ (86) അപകടമണ്ണിൽ അടച്ചിട്ട സ്വന്തം വീടുനോക്കി നെടുവീർപ്പിട്ടു. 

വയനാട്ടിലെ ഉരുൾപൊട്ടലിനെത്തുടർന്ന്, മുൻകരുതലെന്ന നിലയിൽ ജില്ലാഭരണകൂടം ഇടപെട്ടു മാറ്റിപ്പാർപ്പിച്ച കൈലാസംപടിയിലെ 10 വീടുകളിലൊന്നാണ് ഏലിയാമ്മയുടെത്. ഇവിടെ ഭൂമിയിൽ കാണപ്പെട്ട വിള്ളൽ അനുദിനം വലുതാകുന്നതിനെത്തുടർന്നാണ് വീട്ടുകാരെ കോളിത്തട്ട് ഗവ.എൽപി സ്കൂളിലെ ദുരിതാശ്വാസ ക്യാംപിലേക്കു മാറ്റിയത്. 

ഭൂമിവിള്ളൽ കാരണം കഴിഞ്ഞവർഷം അ‍ഞ്ചുവീട്ടുകാരെ ഇവിടെനിന്നു മാറ്റിപ്പാർപ്പിച്ചിരുന്നു. ജൂലൈ 18ന് ആണ് കൈലാസംപടിയിൽ ഭൂമിവിള്ളൽ വീണ്ടും കണ്ടുതുടങ്ങിയത്. 3 മീറ്റർ വരെ ഭൂമി താഴ്ന്നതോടെയാണ് വലിയവീട്ടിൽ ഏലിയാമ്മ, കുര്യൻപ്ലാക്കൽ മേരി, ചിറയിൽ ജോസ്, ചിറയിൽ മാത്യു, ഇയ്യാലിൽ സ്കറിയ എന്നീ അ‍ഞ്ചുവീട്ടുകാരോടു കൂടി ഈ മാസം 3ന് ക്യാംപിലേക്കു മാറാൻ ആവശ്യപ്പെട്ടത്. 

ഇന്നലെ ക്യാംപ് അവസാനിച്ചതോടെ ചിലർ ബന്ധുവീടുകളിലേക്കു മാറി. ചിലർ കുറച്ചകലെ വാടകവീട്ടിലേക്കും. അടയ്ക്കാത്തോട്ടിലേക്കാണു വലിയവീട്ടിൽ ഏലിയാമ്മ താൽക്കാലികമായി മാറിയത്. 2,000 രൂപയാണു വാടക. കൂലിപ്പണിക്കാരനായ മകൻ ജോർജുകുട്ടിയാണു വീടു കണ്ടെത്തിയത്. പാത്രങ്ങളും വസ്ത്രങ്ങളുമൊക്കെ വാടകവീട്ടിലേക്കു കൊണ്ടുപോയി. ഇനി സ്വന്തം വീട്ടിലേക്കു വരാൻ കഴിയുമോയെന്ന പ്രതീക്ഷ ഏലിയാമ്മയ്ക്കില്ല. വീടു വിടേണ്ടി വന്ന ആർക്കും അങ്ങനെയൊരു പ്രതീക്ഷയില്ല.

‘‘വർക്കിച്ചായനും ഞാനും മൂന്നു മക്കളും കൂടി 60 കൊല്ലം മുൻപ് വാങ്ങി വീടുവച്ച സ്ഥലമാണിത്. നിറയെ തെങ്ങും കമുകുമായിരുന്നു. 22 കൊല്ലം മുൻപ് അദ്ദേഹം മരിച്ചു. മക്കളും വേറെ വീട്ടിലേക്കു താമസം മാറി. ഞാൻ തനിച്ചായിരുന്നു ഇവിടെ. കുറച്ചുനാൾ മുൻപാണ് ജോർജുകുട്ടി എന്റെ കൂടെ താമസിക്കാനെത്തിയത്. കണ്ടോ ഈ മതിൽ ഇടിഞ്ഞുവീണത്. ഇവിടൊക്കെ മണ്ണു താഴ്ന്നുപോകുകയാണ്. ഇനി ഇവിടെ നിന്നാൽ ചിലപ്പോൾ വയനാട്ടിലേതുപോലെയാകുമെന്നാണ് പൊലീസൊക്കെ പറഞ്ഞത്. ഇനിയെന്താകുമെന്നൊരു നിശ്ചയവുമില്ല.’’– സ്വന്തം വീട്ടിൽനിന്നു കണ്ണീരോടെയിറങ്ങിയ ഏലിയാമ്മ പറഞ്ഞു. 

മുറ്റത്തെ കൂട്ടിൽ വളർത്തുനായ മാത്രമാണ് ഇവിടെയുള്ളത്. ‘അവനെ ജോർജുകുട്ടി വാടകവീട്ടിലേക്കു കൊണ്ടുവരും. അതോടെ ഈ മണ്ണ് അനാഥമാകും.’– റോഡിൽനിന്ന് ഒരിക്കൽകൂടി വീടിനെ നോക്കി ഏലിയാമ്മ പറഞ്ഞു. 

മനസ്സുകളിൽ ആശങ്കയുടെ വിള്ളൽ 

ഏതു സമയവും മണ്ണിലേക്കു താഴ്ന്നുപോകുമെന്ന ഭീതിയിലാണ് കേളകം പഞ്ചായത്തിലെ ഏഴാംവാർഡ് ശാന്തിഗിരി കൈലാസംപടി. ഒരേ നിരപ്പിലുണ്ടായിരുന്ന സ്ഥലം ഇപ്പോൾ 3 മീറ്റർ വരെ താഴ്ന്നു. പരത്തനാൽതോട് മുതൽ ഒരു കിലോമീറ്റർ ചുറ്റളവിലാണു ഭൂമി താഴ്ന്നത്.16 വർഷം മുൻപ് ചെറുതായി ഭൂമിയിൽ വിള്ളൽ കണ്ടുതുടങ്ങിയപ്പോൾ മുതൽ ആധിയോടെ കഴിയുകയാണ് ഇവിടെയുള്ളവർ. 

ഓരോ മഴക്കാലത്തും വിള്ളലിനു ആഴം കൂടും. ഇതിലൂടെ വെള്ളമിറങ്ങിയാണ് ആഴമേറുന്നത്. സോയിൽ പൈപ്പിങ് എന്ന പ്രതിഭാസമാണ് ഇവിടെ കണ്ടെത്തിയത്. 2008 ൽ സോയിൽ പൈപ്പിങ് കണ്ടെത്തിയെങ്കിലും 2018ൽ ആണ് വിള്ളൽ കൂടാൻ തുടങ്ങിയത്. ഇതോടെ ഇവിടത്തെ 10 കുടുംബങ്ങളെ 10 ലക്ഷം രൂപ വീതം നഷ്ടപരിഹാരം നൽകി സർക്കാർ മാറ്റിപ്പാർപ്പിച്ചു. 35 കുടുംബങ്ങളെ മാറ്റിപ്പാർപ്പിക്കണം എന്നാവശ്യപ്പെട്ടായിരുന്നു സണ്ണി ജോസഫ് എംഎൽഎ സർക്കാരിനു നിവേദനം നൽകിയിരുന്നത്. 10 കുടുംബങ്ങൾക്കു മാത്രമേ നഷ്ടപരിഹാരം ലഭിച്ചുള്ളൂ.

ഇതിൽ ബാക്കിയുള്ള 10 കുടുംബങ്ങളെയാണ് കഴിഞ്ഞ വർഷവും  ഈ വർഷവുമായി ഇവിടെ നിന്നു മാറ്റിയത്. പക്ഷേ, ഇവർക്കു നഷ്ടപരിഹാരം നൽകുന്നതിൽ തീരുമാനമൊന്നുമായിട്ടില്ല. സ്വന്തം വീട്ടിലേക്കുള്ള വഴി ഇടിഞ്ഞു താഴുന്ന ഭീതിയിലാണ് കരുവൻപ്ലാക്കൽ ജസ്റ്റിനും (50) കുടുംബവും. അമ്മ മേരിയെ (82) ബന്ധുവീട്ടിലേക്കു മാറ്റി ജസ്റ്റിനും ഭാര്യയും ക്യാംപിലായിരുന്നു ഇത്രയും നാൾ. തെങ്ങും കമുകുമായി നല്ല ആദായം ലഭിച്ചിരുന്ന ഭൂമിയിൽനിന്ന് ഇപ്പോൾ വരുമാനമൊന്നുമില്ലാത്ത അവസ്ഥയിലാണ് ജസ്റ്റിൻ. 

‘‘വയനാട്ടിൽ ദുരന്തമുണ്ടായപ്പോഴാണ് എല്ലാവരും ഉണർന്നുപ്രവർത്തിക്കാൻ തുടങ്ങിയത്. അതുപോലെയൊരു അപകടമുനമ്പിലാണു ഞങ്ങൾ. രണ്ടു ദിവസം തുടർച്ചയായി മഴ പെയ്താൽ വിള്ളലുള്ള ഈ ഭൂമി ഒലിച്ചുപോകും. അങ്ങനെ പേടിയോടെയാണു ഞങ്ങൾ കഴിയുന്നത്. കുറേപേർ നഷ്ടപരിഹാരം ലഭിച്ചു സ്ഥലംമാറി. ബാക്കിയുള്ളവരുടെ കാര്യത്തിൽ പെട്ടെന്നു തീരുമാനമുണ്ടായില്ലെങ്കിൽ കൈലാസംപടി മറ്റൊരു ദുരിതഭൂമിയാകും’’– ജസ്റ്റിൻ പറഞ്ഞു. അപകടഭീതിയിൽ കഴിയുന്ന കുടുംബങ്ങൾക്കെല്ലാം ഇതേ അഭിപ്രായം തന്നെയാണുള്ളത്.

Tags:
  • Spotlight