Tuesday 18 March 2025 10:49 AM IST : By സ്വന്തം ലേഖകൻ

‘വിവാഹം നടത്തണമെന്ന ആവശ്യവുമായി നിരന്തരം ശല്യം; താല്‍പര്യമില്ലെന്ന് പലവട്ടം പറഞ്ഞതാണ്’; പ്രണയ പക, ഒടുവില്‍ അരുംകൊല

febin-demise തേജസ് രാജ്, ഫെബിന്‍ ജോര്‍ജ് ഗോമസ്

കോളജ് വിദ്യാര്‍ഥിയെ വീട്ടില്‍ കയറി കൊലപ്പെടുത്തിയ ശേഷം അക്രമി ട്രെയിനിനു മുന്നില്‍ ചാടി ജീവനൊടുക്കിയ സംഭവത്തിന്റെ നടുക്കത്തിലാണ് കൊല്ലത്തെ ഉളിയക്കോവ്. കൊല്ലം ഫാത്തിമ മാതാ കോളജ് വിദ്യാര്‍ഥി ഫെബിന്‍ ജോര്‍ജ് ഗോമസിനെയാണ് നീണ്ടകര സ്വദേശി തേജസ് രാജ് കുത്തി കൊലപ്പെടുത്തിയത്. പിന്നാലെ കടപ്പാക്കടയിലെത്തിയാണ് ട്രെയിനിന് മുന്നില്‍ച്ചാടി തേജസ് ജീവനൊടുക്കിയത്. ഫെബിന്റെ സഹോദരിയുമായി ബന്ധപ്പെട്ട ചില കാര്യങ്ങളാണ് ക്രൂരകൃത്യത്തിന് പിന്നിലെന്ന വിവരങ്ങള്‍ പുറത്തുവരുന്നുണ്ട്.

തേജസിന് ഫെബിന്റെ സഹോദരിയെ ഇഷ്ടമായിരുന്നു. എന്നാല്‍ വിവാഹബന്ധത്തിന് സമ്മതിക്കണമെന്ന ആവശ്യം പെണ്‍കുട്ടി നിരസിച്ചു. ഇതാണ് പകയ്ക്ക് കാരണമെന്നാണ് സൂചന. തേജസിന്‍റെ കുടുംബവുമായി പരിചയമുണ്ടെന്ന് ഫെബിന്‍റെ മാതാവ് പൊലീസിന് മൊഴി നല്‍കി. തേജസ്‌ മകൾക്കൊപ്പം പഠിച്ചിട്ടുണ്ട്. അവനെ വിവാഹം കഴിക്കാൻ മകൾക്ക് താൽപര്യം ഇല്ലായിരുന്നു. ഇക്കാര്യം തേജസിനോട് പറഞ്ഞതാണ്. പക്ഷേ, വിവാഹം നടത്തണമെന്ന ആവശ്യവുമായി തേജസ് മകളെ നിരന്തരം ശല്യം ചെയ്തിരുന്നു എന്നാണ് അമ്മ പറയുന്നത്. 

തേജസിന്റെ ഇത്തരത്തിലുള്ള നീക്കങ്ങള്‍ വീട്ടുകാർ വിലക്കിയിരുന്നു. ബന്ധം തുടരാൻ താൽപര്യം ഇല്ലെന്ന് യുവതി നിലപാട് എടുത്തതോടെ തേജസ് മാനസികമായി തകർന്നിരുന്നുവെന്നും പൊലീസ് പറയുന്നു. ഉളിയക്കോവിലിലെ  വീട്ടിലെത്തിയാണ്  തേജസ് രാജ് ഫെബിനെ ആക്രമിച്ചത്. ആദ്യം കോളിംഗ് ബെല്ലടിച്ചു. ഫെബിന്റെ അച്ഛനാണ് വാതില്‍ തുറന്നത്. അദ്ദേഹത്തെ ആക്രമിച്ച പ്രതി ശബ്ദം കേട്ട് ഓടിയെത്തിയ ഫെബിനെ കുത്തി വീഴ്ത്തുകയായിരുന്നു. 

നെഞ്ചിലും കഴുത്തിലും ആഴത്തില്‍ മുറിവേറ്റ ഫെബിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കനായില്ല. തേജസ് ലക്ഷ്യമിട്ടത് ഫെബിന്റെ സഹോദരിയെയാണെന്ന സംശയവുമുണ്ട്. ആക്രമണം തടയാൻ ശ്രമിച്ച പിതാവ് ജോർജ് ഗോമസിന് വാരിയെല്ലിനും കൈയ്ക്കും ആഴത്തിൽ മുറിവേറ്റിട്ടുണ്ട്. പര്‍ദ്ദ ധരിച്ചാണ് അക്രമി ഫെബിന്റെ വീട്ടില്‍ എത്തിയതെന്ന് അയല്‍വാസി പറയുന്നു. തേജസിന്‍റെ കയ്യില്‍ പെട്രോള്‍ ഉണ്ടായിരുന്നു. ഇത് വീട്ടിലേയ്ക്ക് ഒഴിക്കാനും ഇയാള്‍ ശ്രമിച്ചു എന്നാണ് വിവരം. 

Tags:
  • Spotlight