പനി ബാധിച്ച് ചികിത്സയിലായിരുന്ന അഞ്ചു വയസ്സുകാരി മരിച്ചു. കുഴൽമന്ദം തേങ്കുറുശ്ശി മഞ്ഞളൂർ ചടയത്തുപറമ്പ് തിരുവാതിരയിൽ അനിക ആണു മരിച്ചത്. ഒക്ടോബർ 17ന് ആരോഗ്യവകുപ്പ് കുട്ടിക്ക് വാക്സിനേഷൻ നൽകിയിരുന്നു. പനി ബാധിച്ചതിനെത്തുടർന്ന് കണ്ണാടിയിലെ സ്വകാര്യ ആശുപത്രിയിലും, പിന്നീട് തൃശൂരിലെ സ്വകാര്യ മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. വിദഗ്ധ ചികിത്സയ്ക്കായി തിരുവനന്തപുരം ശ്രീചിത്ര മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.
ആശുപത്രിയിൽ നിന്നു ഡിസ്ചാർജ് ചെയ്തു വീട്ടിലെത്തിയ അനികയ്ക്ക് അസുഖം കൂടിയതിനെത്തുടർന്ന് ഇന്നലെ പുലർച്ചെ കണ്ണാടിയിലെ സ്വകാര്യാശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വാക്സിനേഷനെ തുടർന്നാണ് അനികയുടെ മരണം എന്നു കാണിച്ചു ബന്ധുക്കൾ ആരോഗ്യവകുപ്പിനെതിരെ ആലത്തൂർ പൊലീസിൽ പരാതി നൽകി.
ആലത്തൂർ പൊലീസ് അസ്വാഭാവിക മരണത്തിനു കേസെടുത്തു.പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ചാലേ മരണകാരണം വ്യക്തമാകൂ എന്ന് ആലത്തൂർ പൊലീസ് അറിയിച്ചു. മഞ്ഞളൂർ എഎസ്ബി സ്കൂളിലെ പ്രീ പ്രൈമറി വിദ്യാർഥിനിയാണ് അനിക. അജയൻ - സൗമ്യ ദമ്പതികളുടെ മൂന്ന് മക്കളിൽ ഇളയ കുട്ടിയാണ്. സഹോദരങ്ങൾ: അമൃത, അമൂഖ.