Saturday 06 April 2024 11:29 AM IST : By മനോരമ ആരോഗ്യം റിസർച്ച് ഡസ്ക്

മായമുള്ള അരിയിൽ നാരങ്ങാനീര് ഒഴിച്ചാൽ ചുവന്ന നിറമാകും, ജീരകത്തിലെ മായമറിയാൻ കയ്യിലിട്ട് തിരുമ്മാം: ഭക്ഷണപദാർഥങ്ങളിലെ മായം വീട്ടിൽവച്ച് തിരിച്ചറിയാൻ മാർഗങ്ങൾ

mayame3

പച്ചക്കറികൾ

പാരഫിൻ ദ്രാവകത്തിൽ മുക്കിയ കോട്ടൺ തുണി കൊണ്ട് പച്ചക്കറികളുടെ പുറംഭാഗം തുടച്ചുനോക്കുക. തുണിയിൽ പച്ചനിറം കാണുന്നുവെങ്കിൽ അതിൽ നിറം കലർത്തിയിട്ടുണ്ട്.

പാൽ

വെള്ളം ഡിറ്റർജന്റ് തുടങ്ങി ഫോർമാലിനും ഹൈഡ്രജൻ പെറോക്സൈഡും വരെ പാലിൽ കലർത്തുന്നുണ്ട്.

മിനുത്ത പ്രതലത്തിൽ ഒഴിക്കുക. പതിയെ ഒഴുകി വെളുത്ത പാട അവശേഷിക്കും. വെള്ളം ഉണ്ടെങ്കിൽ വെളുത്ത പാട കാണില്ല.

5-10 മി ലി പാലിൽ അത്ര തന്നെ വെള്ളം ചേർത്ത് കുലുക്കുക. ഡിറ്റർജന്റ് ഉണ്ടെങ്കിൽ പതഞ്ഞുപെങ്ങും.

കൃത്രിമ പാലിന് സോപ്പിന്റേതുപോലെ തെന്നൽ, പുളിപ്പു രുചി, ചൂടാക്കുമ്പോൾ മഞ്ഞനിറം ഇവ കാണും.

വെളിച്ചെണ്ണ

ചെറിയ കുപ്പിയിൽ എണ്ണ നിറച്ച് ഫ്രിഡ്ജിൽ വയ്ക്കുക. മറ്റെണ്ണകൾ വേറിട്ട് ഒരു പാളിയായി കാണപ്പെടും.

തേൻ

മായം: പഞ്ചസാര ലായനി

തേനിൽ ഒരു തുണിത്തിരി മുക്കി കത്തിച്ചാൽ പൊട്ടലും ചീറ്റലുമില്ലാതെ കത്തും. മായമുണ്ടെങ്കിൽ എരിയില്ല. ശുദ്ധമായ തേൻ വെള്ളത്തിൽ വ്യാപിക്കില്ല.

പഞ്ചസാര

മായം: ചോക്കുപൊടി, യൂറിയ

10 ഗ്രാം പഞ്ചസാര വെള്ളത്തിൽ ലയിപ്പിച്ചു വയ്ക്കുക. ചോക്ക് പൊടി താഴെ അടിഞ്ഞുകൂടും. വെള്ളത്തിന് അമോണിയഗന്ധം ഉണ്ടെങ്കിൽ യൂറിയ കലർന്നതാണ്.

അടുക്കളയിലും ചെയ്യാവുന്നത്

കായം

മായം: മണ്ണ്, റെസിൻ

വെള്ളത്തിൽ കായപ്പൊടി കലക്കി അടിയാൻ വയ്ക്കുക. മായമുണ്ടെങ്കിൽ വെള്ളം കലങ്ങും. ശുദ്ധമായ കായം കർപ്പൂരം പോലെ കത്തും.

അയഡൈസ്ഡ് ഉപ്പ്

മായം: സാധാരണ ഉപ്പ്

ഒരു കഷണം ഉരുളക്കിഴങ്ങ് എടുക്കുക. ഇതിൽ ഉപ്പു പുരട്ടി ഒരു മിനിറ്റ് കഴിഞ്ഞ് രണ്ടു തുള്ളി നാരങ്ങാ നീര് ഒഴിക്കുക. കഷണത്തിൽ നീലനിറം കണ്ടാൽ അയഡൈസ്ഡ് ഉപ്പാണ്.

മഞ്ഞൾ

മായം: ലെഡ് ക്രോമേറ്റ്

ഒരു പാത്രം വെള്ളത്തിൽ ഇട്ടു വയ്ക്കുക. ശുദ്ധമല്ലെങ്കിൽ വെള്ളം മഞ്ഞ നിറമാകും.

മുളകുപൊടി

മായം: അറക്കപ്പൊടി, നിറം
വെള്ളത്തിൽ കലർത്തുക. അറക്കപ്പൊടി പൊങ്ങിക്കിടക്കും. കൃത്രിമ നിറം വെള്ളത്തെ നിറമുള്ളതാക്കും. കട്ടപ്പൊടിയാണെങ്കിൽ താഴെ അടിയും.

റവ

മായം: ഇരുമ്പുതരികൾ

10 ഗ്രാം റവയെടുത്ത് അടുത്തായി ഒരു കാന്തം പിടിക്കുക. ഇരുമ്പുതരികൾ കാന്തത്തിൽ ഒട്ടിപ്പിടിക്കും.

ശർക്കര

മായം: ചോക്കുപൊടി, വാഷിംഗ് സോഡ

വെള്ളത്തിൽ കലക്കുക. ചോക്കുപൊടി ഉണ്ടെങ്കിൽ അടിയും. ഹൈഡ്രോക്ലോറിക് ആസിഡ് ഒഴിക്കുമ്പോൾ പത കണ്ടാൽ വാഷിംഗ് സോഡയുണ്ട്.

തേയില ഇല

മായം: കോൾ ടാർ ഡൈ

നനവുള്ള ബ്ലോട്ടിങ് പേപ്പറിൽ വിതറി വയ്ക്കുക. നിറം പടർന്നാൽ മായമുണ്ട്.

പാർബോയിൽഡ് അരി

മായം: കൃത്രിമ നിറങ്ങൾ

അരി തിരുമ്മുക. മായമുണ്ടെങ്കിൽ മഞ്ഞനിറം കുറയും മായമുള്ള അരിയിൽ നാരങ്ങാനീര് ഒഴിച്ചാൽ ചുവന്ന നിറമാകും.

ഗോതമ്പ് പൊടി

മായം: തവിട്, ഫംഗസ്

നനഞ്ഞ പ്രതലത്തിൽ വിതറുക. തവിട് പൊങ്ങി നിൽക്കും. ഫംഗസ് ബാധിച്ചതെങ്കിൽ തവിടിന് കറുപ്പിനോടടുത്ത നിറം, ചീഞ്ഞ മത്സ്യത്തിന്റെ ഗന്ധം ഇവ കാണും.

കറുവ

മായം: കൃത്രിമ നിറം

വെള്ളത്തിലിട്ടാൽ ബ്രൗൺ നിറം വേർതിരിഞ്ഞു കണ്ടാൽ മായമുണ്ട്.

ജീരകം

മായം: ചാർക്കോൾ

കൈയിലിട്ട് തിരുമ്മി നോക്കുക. കൈകൾ കറുപ്പു നിറമാകുന്നെങ്കിൽ മായം കലർന്നതാണ്.

കടുക്

മായം: അർഗിമോൺ വിത്ത്

രണ്ടും കറുപ്പു നിറമായതിനാൽ സൂക്ഷിച്ചു നോക്കിയാലേ തിരിച്ചറിയൂ. കടുക് ഞെരിച്ചു നോക്കിയാൽ അകം മഞ്ഞ നിറമായിരിക്കും. അല്ലെങ്കിൽ വെളുപ്പ്.

മല്ലിപ്പൊടി

മായം: കുതിരച്ചാണകം.

വെള്ളത്തിൽ കലക്കുക.

ചാണകപ്പൊടി വെള്ളത്തിൽ പൊങ്ങിക്കിടക്കും. മല്ലിപ്പൊടി അടിയും.

Tags:
  • Daily Life
  • Manorama Arogyam