Thursday 28 March 2024 03:25 PM IST : By സ്വന്തം ലേഖകൻ

അന്ന് ആസ്വദിക്കാന്‍ പറ്റാതെ പോയ ആ സന്തോഷങ്ങൾ തിരികെ വരട്ടെ... നാൽപതെന്നാൽ രണ്ടാം കൗമാരം

forties

കൗമാരത്തിൽ ആസ്വദിക്കാൻ പറ്റാതെ പോയ, മാറ്റിവയ്ക്കപ്പെട്ട സന്തോഷങ്ങൾ നാൽപതുകളിൽ തേടിപ്പോകാം

മിഡ് ലൈഫ് ക്രൈസിസ് – നാൽപതുകളിലെത്തുമ്പോൾ കേൾക്കുന്ന വരിയാണിത്. നിറം മങ്ങിത്തുടങ്ങിയോ എന്നു സംശയിക്കുന്ന സമയം. ആ സംശയം ശരിക്കുമുള്ള സന്തോഷങ്ങളെ ഇല്ലാതാക്കുകയാണു ചെയ്യുന്നത്.

∙ ഒന്നുറപ്പിക്കുക, നാൽപതുകള്‍ രണ്ടാം കൗമാരമാണ്. ഒരു പക്ഷേ, കൗമാരത്തിൽ ചെയ്യാനാകാതെ പോയ പലതും സ്വാതന്ത്ര്യത്തോടെ ചെയ്യാൻ കിട്ടുന്ന സുന്ദര കാലം. അതൊരു മോഹയാത്രയാകാം അല്ലെങ്കിൽ സൗഹൃദങ്ങളുടെ ഒത്തുചേരലാകാം.

∙ ചില നെഗറ്റീവ് ചിന്തകൾ മനസ്സിലേക്കു കടന്നുവരാം. അവയെ തുടക്കത്തിൽ തന്നെ ഇല്ലാതാക്കുക. സമപ്രായക്കാരുടെ നേട്ടങ്ങൾ സ്വന്തം ജീവിതവുമായി താരതമ്യം ചെയ്യണ്ട. അവർക്ക് അത്തരം നേട്ടങ്ങൾ ഉണ്ടെങ്കിൽ അതുപോലുള്ള നേട്ടങ്ങൾ നമ്മുടെ ജീവിതത്തിലും ഉണ്ടായിട്ടുണ്ട് ആ സന്തോഷങ്ങൾ കണ്ടെത്താനാകണം എന്നു മാത്രം.

∙ നാൽപതുകളിലെത്തുമ്പോൾ ശരീരത്തിലുണ്ടാകുന്ന മാറ്റങ്ങൾ അപകർഷതാ ബോധം ഉണ്ടാക്കിയേക്കാം. ക ണ്ണാടിയിൽ നോക്കി നെടുവീർപ്പിടുന്ന അവസ്ഥ ഉണ്ടാകരുത്. അത്തരം വിഷമങ്ങൾക്ക് ജീവിതത്തിൽ ഒരു പ്രസക്തിയുമില്ല. സങ്കടപ്പെട്ടിരിക്കാതെ വ്യായാമത്തിലൂടെ ഡയറ്റിലൂടെ ഊർജസ്വലത തിരിച്ചു പിടിക്കാൻ ശ്രമിക്കാം

∙ ശരീരസൗന്ദര്യം മാത്രമല്ല സ്ത്രീയുടെ മൂല്യം നിശ്ചയിക്കുന്നത്. ജീവിതത്തിലുണ്ടായ നേട്ടങ്ങൾ തിരിച്ചറിഞ്ഞ് എത്ര ഉയരെയാണു നിൽ‌ക്കുന്നതെന്നു തിരിച്ചറിയുക. സ ന്തോഷത്തിനു തടസ്സം വരുന്ന ഏതൊരു ചിന്തയെയും മായ്ചു കളയാനുള്ള കരുത്തും തിരിച്ചറിവും അതിനുള്ള വഴികളുമാണു തിരയേണ്ടത്.

‌∙ സന്തോഷിക്കാനുള്ള വഴികൾ കണ്ടെത്താനുള്ള കഴിവ് ചിലപ്പോൾ നമ്മുടെ മനസ്സിന് ഉണ്ടാകണമെന്നില്ല. അതിനുള്ള ചില കാര്യങ്ങൾ പറയാം. ജീവിതത്തിലുണ്ടായ നേട്ടങ്ങളെക്കുറിച്ച് ഒാർക്കുക. സന്തോഷിക്കാനുള്ള കാരണങ്ങൾ ജീവിതത്തിൽ നിന്നു കണ്ടെത്താൻ പഠിക്കുക. ജോലിയിലുള്ള സന്തോഷങ്ങളാകാം. മക്കളുടെ പഠന നേട്ടങ്ങളാകാം. ഭർത്താവിന്റെ കരുതലാകാം. ചങ്ങാത്തത്തിലെ രസങ്ങളാകാം. ഇപ്പോഴും കുട്ടിക്കാലത്തേക്കു മടക്കി കൊണ്ടു പോകുന്ന മാതാപിതാക്കളുടെ സ്നേഹമാകാം. ഇതൊക്കെ വലിയ അനുഗ്രഹമായി തിരിച്ചറിയണം.

∙ കുറവുകൾ സ്വയം കൽപിച്ചു കുഴിയിൽ വീണുപോയാൽ അതിൽ നിന്നു കരകയറാനായുള്ള മാർഗങ്ങൾ സ്വയം മെനഞ്ഞെടുക്കുന്ന ചിലരുണ്ട്. അത് അബദ്ധമാകാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. സ്കൂൾ കോളജ് ഗ്രൂപ്പുകളിൽ ഞാനൊരു സംഭവമാണെന്ന മട്ടിലുള്ള പോസ്റ്റുകൾ നിങ്ങളുടെ ഇമേജിനെ തകർക്കും.

ഭാവി വേവലാതി

∙ ഭാവി ഭയങ്കര മോശമാണെന്ന മട്ടിലുള്ള ചിന്തകൾ ഈ ഘട്ടത്തിൽ‌ പലപ്പോഴും ഉണ്ടാകാൻ സാധ്യതയുണ്ട്. മറ്റുള്ളവരുടെ ജീവിതവുമായി താരതമ്യം ചെയ്യുമ്പോഴാണു ഭാവിയെക്കുറിച്ചുള്ള ആധി കയറുന്നത്. ജോലി മുതൽ കുട്ടികളുടെ പഠനവും കുടുംബത്തിലുള്ളവരുടെ ആരോഗ്യ കാര്യങ്ങളും എല്ലാം ‘ഭാവി വേവലാതി’ ഉണ്ടാക്കിയേക്കാം.

∙ ഇത്തരം താരതമ്യങ്ങൾ ചില എടുത്തു ചാട്ടങ്ങളുണ്ടാക്കാൻ സാധ്യതയുണ്ട്. കരിയറിൽ മറ്റൊരാളുമായി താരതമ്യം ചെയ്യുമ്പോൾ അതുപോലെ ആകാൻ സാധിക്കില്ലെന്നും തോറ്റുപോകുമെന്ന മുൻധാരണയോടെ തീരുമാനങ്ങളെടുക്കും. അതോടെ വിജയിക്കാനുള്ള സാധ്യത തീർത്തും ഇല്ലാതാകുകയും പരാജയം ഉറപ്പാകുകയും ചെയ്യും

∙ പുതു തലമുറയോടുള്ള താരതമ്യവും അനാവശ്യമത്സരങ്ങളും അബദ്ധത്തിൽ ചാടിച്ചേക്കാം. മറ്റുള്ളവരെ ബോധിപ്പിക്കാനായി എടുത്തുചാടിയാൽ കരിയറിലും ജീവിതത്തിലും തിരിച്ചടികളുണ്ടായേക്കാം.

∙ സാമ്പത്തിക കാര്യത്തിലും ഇത്തരം എടുത്തുചാട്ടങ്ങൾ അബദ്ധത്തിൽ കലാശിക്കാം. വലിയ ലാഭം കിട്ടും എന്നോർത്തു പണം നിക്ഷേപിച്ച് അപകടത്തിലാവുന്ന സ്ത്രീകളെക്കുറിച്ചുള്ള വാർത്തകൾ കാണാറില്ലേ. പലതും നാൽപതുകളിലെ അപകർഷതാ ബോധത്തിൽ നിന്നുണ്ടാവുന്ന പ്രശ്നങ്ങളാണ്.

∙ ജോലിയിലും ജീവിതത്തിലും ബോറടിയുണ്ടാകുന്ന കാലമാണിത്. എന്നും ഒരേ കാര്യങ്ങൾ ചെയ്യുന്നു, ഒരുപോലുള്ള ദിവസങ്ങൾ. ജീവിതം നരച്ചു പോകുന്നു എന്നു തോന്നിയാൽ സമർഥമായി നേരിടാൻ പ ഠിക്കണം. ഹോബികൾ, യാത്രകൾ പുതിയ കോഴ്സുകൾ തുടങ്ങിയ കാര്യങ്ങളെന്തും ചെയ്യാം.

∙കുട്ടികളൊക്കെ വളർന്നു ഇനി ലൈംഗിക ജീവിതം വേണോ എന്ന ചിന്ത ഉണ്ടാകാം. സെക്സ് എന്ന വാക്കിനെ അടഞ്ഞ മനസ്സോടെ കാണേണ്ട കാര്യമില്ല. സ്വാഭാവിക വൈകാരികഭാവങ്ങൾ നിലനിർത്തണം.

∙ മകൾ ആത്മാഭിമാനത്തോടെ വളർന്നുവരുന്നു എന്ന് ഉറപ്പാക്കേണ്ടതു മാതാപിതാക്കളാണ്. തുല്യത പ ഠിപ്പിച്ച് സ്വതന്ത്രചിന്തയോടെ വളർത്താൻ ശ്രദ്ധിക്കണം.

∙ മകള്‍ പ്രണയിക്കുന്നെന്ന് അറിഞ്ഞാൽ ബുദ്ധിപൂർവം കൈകാര്യം ചെയ്യാം. പൊട്ടിത്തെറിച്ചു കരഞ്ഞു ബഹളമുണ്ടാക്കരുത്. ഗുണവും ദോഷവും അവരെ കൊണ്ടു തന്നെ പറയിച്ച്, പഠിക്കേണ്ട പ്രായമാണെന്നും അതിനാണു മുൻഗണന നൽകേണ്ടതെന്നും പറയാം. കരിയർ സ്വപ്നങ്ങൾക്കു തടസമാവുമോ എന്ന് അവരോടു തന്നെ ചിന്തിക്കാനും പറയുക.

അവളെ ശരിയായി അറിയൂ

∙ നാൽപതുകളിലെ ജീവിതവിരസത മറികടക്കാനുള്ള സാഹചര്യം പുരുഷന്മാർക്കു കൂടുതലായിരിക്കും. ചങ്ങാത്തത്തിനും ഒത്തുചേരലിനും യാത്രക ൾക്കുമുള്ള സ്ത്രീകളെക്കാൾ എളുപ്പമായിരിക്കും. അതുകൊണ്ട് അത്തരം അവസരങ്ങൾ ഭാര്യയ്ക്ക് ഉ ണ്ടാകുമ്പോൾ എതിരു നിൽക്കരുത്. അവരെ അതിനു പ്രോത്സാഹിപ്പിക്കാനുള്ള മനസ്സുണ്ടാക്കുക.

∙ വിവാഹം പോലെ തന്നെ സ്വാഭാവികമാണു വിവാ ഹ മോചനവും. സിംഗിൾ മദർ എന്ന ഉത്തരവാദിത്തമുള്ള റോൾ ചെയ്യുന്ന സ്ത്രീകളെ സമൂഹത്തിലെ ചിലരെങ്കിലും മറ്റൊരു രീതിയിൽ കണ്ടേക്കാം. അത്തരം സംസാരങ്ങളിൽ പങ്കുചേർന്നാൽ നിങ്ങൾ പഴഞ്ചനായി പോകുമെന്നോർക്കുക. ഒറ്റയ്ക്കു ജീവിക്കുന്ന സ്ത്രീ പുരുഷനെപ്പോലെ തന്നെ സ്വതന്ത്രയാണെന്നു തിരിച്ചറിയുക.

∙ ഒറ്റയ്ക്കാകുന്ന സ്ത്രീ മോശമായി പെരുമാറാനുള്ള ഇടമാണെന്നു കരുതുന്നവരുണ്ട്. തന്റേടത്തോടു കൂടി അവർ തലയുയർത്തി നിൽക്കുമ്പോള്‍ അവർക്കു പിന്തുണ നൽകുകയാണു വേണ്ടത്. അത്തരം സാഹചര്യങ്ങളിൽ സ്ത്രീകളോടു മോശമായി പെരുമാറാൻ ശ്രമിക്കുന്നവരെ നേരിടാൻ അവർക്കു കരുത്തു പകരുക.

വിവരങ്ങൾക്ക് കടപ്പാട്:

ഡോ. സി.ജെ. ജോൺ

ചീഫ് സൈക്യാട്രിസ്റ്റ്

മെഡിക്കൽ ട്രസ്റ്റ്

ഹോസ്പിറ്റൽ, കൊച്ചി