ഓട്ടോറിക്ഷകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഓട്ടോ യാത്രികയായ ടിടിസി വിദ്യാർഥിനി മരിച്ചു. ഇന്നലെ വൈകിട്ട് കിടാരക്കുഴിയിൽ നടന്ന അപകടത്തിൽ വിളവൂർക്കൽ പെരുകാവ് ഈഴക്കോട് ശാന്തിവനത്തിൽ ഈഴക്കോട് സെന്റ് ഫ്രാൻസിസ് യുപിഎസ് മാനേജർ എഫ്.സേവ്യർ– ലേഖാറാക്സൺ ദമ്പതിമാരുടെ മകൾ എൽ.എക്‌സ്. ഫ്രാൻസിസ്‌ക(19) ആണ് മരിച്ചത്. ഒപ്പം സഞ്ചരിച്ച സഹപാഠികളായ പത്തനംതിട്ട സ്വദേശിനി കെ.പി.ദേവിക(19),കാസർകോട് സ്വദേശിനി രാഖി സുരേഷ്(19), ഓട്ടോ ഡ്രൈവർ വെങ്ങാനൂർ സ്വദേശി സുജിത്ത്(32) എന്നിവർക്ക് പരുക്കേറ്റു. അപകടത്തിന് ഇടയാക്കിയ ഓട്ടോറിക്ഷ നിർത്താതെ പോയെന്ന് പരുക്കേറ്റ ഓട്ടോ ഡ്രൈവർ പറഞ്ഞു. പിന്നിട് അപകടമുണ്ടാക്കിയ ഓട്ടോറിക്ഷയെയും ഡ്രൈവറെയും വിഴിഞ്ഞം പൊലീസ് സംഘം കസ്റ്റഡിയിൽ എടുത്തു. വിഴിഞ്ഞം കരിമ്പള്ളിക്കര സ്വദേശി ഷൈജു(30) ആണ് കസ്റ്റഡിയിലായതെന്നു പൊലീസ് അറിയിച്ചു.
സംഭവ ശേഷം വീട്ടിലെത്തി വാഹനം ഒതുക്കി നിർത്തി പ്രതി ഉറങ്ങുകയായിരുന്നുവെന്നു പൊലീസ് പറഞ്ഞു. സിസിടിവി ക്യാമറകൾ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. വിഴിഞ്ഞം എസ്എച്ച്ഒ ആർ.പ്രകാശ്, എസ്ഐമാരായ ബിനു,വിനോദ് എന്നിവരുൾപ്പെട്ട പൊലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്. കോട്ടുകാൽ മരുതൂർക്കോണം പട്ടം മെമ്മോറിയൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടീച്ചേഴ്സ് എജ്യുക്കേഷനിൽ മൂന്നാം സെമസ്റ്റർ വിദ്യാർഥിനികളായിരുന്നു ഫ്രാൻസിസ്കയും ഒപ്പമുണ്ടായവരും. അധ്യാപന പരിശീലന ഭാഗമായി വെങ്ങാനൂർ മുടിപ്പുരനട ഗവഎൽപി സ്കൂളിലെ ക്ലാസ് കഴിഞ്ഞു മരുതൂർക്കോണത്തുളള ഹോസ്റ്റലിലേക്ക് മടങ്ങുമ്പോഴാണ് അപകടം. നിർത്താതെ പോയ ഓട്ടോറിക്ഷക്കായി പ്രദേശത്തെ സിസിടിവി ക്യാമറകൾ കേന്ദ്രീകരിച്ചു അന്വേഷണം തുടങ്ങിയെന്നു വിഴിഞ്ഞം പൊലീസ് പറഞ്ഞു. സംഭവത്തിൽ പൊലീസ് കേസെടുത്തു. മൃതദേഹം മോർച്ചറിയിൽ.
അധ്യാപികയാകണമെന്ന് മോഹം ബാക്കിയാക്കി വിയോഗം അധ്യാപക ദിനത്തിൽ
മലയിൻകീഴ് ∙ അമ്മയുടെ പാത പിന്തുടർന്ന് അധ്യാപികയാകണം എന്ന ആഗ്രഹം നിറവേറ്റാനുള്ള പഠനം തുടരുന്നതിനിടെ അധ്യാപക ദിനത്തിൽ തന്നെ ഫ്രാൻസിസ്കയുടെ (19) ജീവൻ വിധി കവർന്നെടുത്തു. വിവാഹശേഷം ഏറെ നാളത്തെ കാത്തിരിപ്പിനും ചികിത്സയ്ക്കും ഒടുവിൽ കിട്ടിയ ഏകമകൾ അധ്യാപികയായി വരുന്നതും സ്വപ്നം കണ്ടു കഴിഞ്ഞിരുന്ന മാതാപിതാക്കളുടെ അടുത്തേക്കാണ് ഇന്നലെ വൈകിട്ട് അപകട വിവരം എത്തുന്നത്. വിഴിഞ്ഞം കിടാരക്കുഴിയിൽ ഓട്ടോറിക്ഷകൾ കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ മകൾ പരുക്കേറ്റ് ആശുപത്രിയിൽ ചികിത്സയിലാണ് എന്നായിരുന്നു ആദ്യം അറിഞ്ഞത്. ഉടൻ പിതാവായ എഫ്.സേവ്യറും മാതാവ് ലേഖയും ബന്ധുക്കളോടൊപ്പം ആശുപത്രിയിലേക്ക് തിരിച്ചു. അവിടെ എത്തുമ്പോൾ മകളുടെ ജീവന്റെ തുടിപ്പുകൾ അവസാനിച്ചിരുന്നു.
ഒടുവിൽ മകളുടെ ചേതനയറ്റ ശരീരം പോസ്റ്റ്മോർട്ടം നടപടികൾക്കായി മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു കൊണ്ടു പോകുമ്പോൾ നിറകണ്ണുകളോടെ മാതാപിതാക്കൾ വിളവൂർക്കൽ ഈഴക്കോടുള്ള വീട്ടിലേക്ക് മടങ്ങി. ‘ശാന്തിവനം’ എന്ന ആ വീട് അപ്പോഴേക്കും ആളുകൾ എത്തി തുടങ്ങിയിരുന്നു. ഈഴക്കോട് സെന്റ് ഫ്രാൻസിസ് യുപി സ്കൂൾ ഉടമയും മാനേജറും ആണ് സേവ്യർ. ഭാര്യ ലേഖ ഈ സ്കൂളിലെ ഹെഡ്മിസ്ട്രസും. അങ്ങനെ സ്വന്തമായി വിദ്യാലയവും അധ്യാപക പാരമ്പര്യവും നിറഞ്ഞ വീട്ടിൽ നിന്നാണ് ഫ്രാൻസിസ്ക അധ്യാപികയാകാനുള്ള ആദ്യ ഡിഇഎൽഇഡി പഠനം തിരഞ്ഞെടുത്തത്. മരുതൂർക്കോണം പട്ടം താണുപിള്ള മെമ്മോറിയൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടീച്ചർ എജ്യുക്കേഷനിലെ രണ്ടാം വർഷ വിദ്യാർഥിയായിരുന്നു. ഹോസ്റ്റലിൽ താമസിച്ചാണ് പഠിച്ചിരുന്നത്. പിതാവ് നടത്തിയിരുന്ന സ്കൂളിലെ വിദ്യാർഥികൾക്കും അധ്യാപകർക്കും സുപരിചിതയാണ്. ഫ്രാൻസിസ്കയുടെ അപകട മരണം ഞെട്ടലോടെയാണ് ഈഴക്കോട് പ്രദേശം ഇന്നലെ കേട്ടത്.