Saturday 21 October 2023 05:07 PM IST

‘ആളോള്ടെ വിചാരം, യാത്ര പോകാൻ പണംവേണം എന്നാണ്’: 100 രൂപ കിട്ടിയാൽ ട്രിപ്പ് പ്ലാൻ ചെയ്യുന്ന 63കാരി: ആ കഥ...

Rakhy Raz

Sub Editor

girija-journey

പലിശയ്ക്കു കടം വാങ്ങി ലോകത്താരെങ്കിലും ടൂർ പോകുമോ ഗിരിജേച്ച്യേ... ?’ എന്നു സുലൈമാന്‍ ചോദിച്ചു.

‘ന്നാ ന്റെ പേരങ്ങ്ട് എഴുതി വച്ചോളൂ സുെെലമാനേ...’ എന്നു ഗിരിജച്ചേച്ചി പറഞ്ഞു.

അങ്ങനെയാണ് എടപ്പാളിലെ ഗിരിജയുെട യാത്രാനു ഭവങ്ങള്‍ തുടങ്ങുന്നത്. നൂറു രൂപ കിട്ടിയാൽ ഉടൻ യാത്ര പോകുന്നതിനെക്കുറിച്ചു മാത്രം ചിന്തിക്കുന്ന അറുപത്തിമൂന്നുകാരി. പത്തു മിനിറ്റ് ഇവരോെടാന്നു സംസാരിച്ചാൽ ആർക്കും തോന്നും ഒന്നു ലോകം ചുറ്റ്യാലോ എന്ന്. ‘‘ആളോള്ടെ വിചാരം, യാത്ര പോകാൻ പണം വേണം എന്നാണ്. പണത്തേക്കാൾ പ്രധാനം യാത്ര ചെയ്യാനുള്ള ആഗ്രഹമാണ്. ആഗ്രഹമുണ്ടെങ്കിൽ പണം താനേ വരും. കാരണം യാത്ര ഒരു ലഹരിയാണ്’’ ഗിരിജ പറയുന്നു.

യാത്രയിലേക്കു വിളിച്ച ചാവുകടൽ

വെള്ളത്തിൽ പൊങ്ങിക്കിടക്കാൻ കഴിയുന്ന കടലോ! അ തൊന്നു കാണണല്ലോ. ചാവുകടലിനെക്കുറിച്ചുള്ള ഈ അറിവാണു യാത്രാമോഹം ഉണർത്തിയത്. ആ സമയത്താണു മനോരമ പത്രത്തിൽ ‘സഫലമീ യാത്ര’ എന്ന പാക്കേജ് ടൂറിന്റെ പരസ്യം കണ്ടത്. ഇസ്രയേൽ, പലസ്തീൻ, ജോ ർദാൻ, ഈജിപ്ത് എന്നീ രാജ്യങ്ങൾ സന്ദർശിക്കാം. 33,000 രൂപ ചെലവ്. പണം പലിശയ്ക്കു വാങ്ങാം എന്നു നിശ്ചയിച്ചു സുലൈമാനിക്കയെ സമീപിച്ചപ്പോഴാണ് മൂപ്പര് ആ ഡയലോഗെടുത്തു വീശിയത്. 300 രൂപ ഒരു ദിവസം എന്ന കണക്കിൽ നൂറു ദിവസം കൊണ്ട് തിരിച്ചടയ്ക്കണം എന്ന വ്യവസ്ഥയിൽ 30,000 രൂപ വാങ്ങിയായിരുന്നു ജീവിതത്തിലെ ആദ്യയാത്ര.

‘‘തൃശൂരാണ് സ്വദേശം. ഭർത്താവ് സേവ്യറിന്‍റെ വീട് പാലക്കാട്. ആദ്യ യാത്രയുടെ കാലത്ത് എടപ്പാളിൽ സ്കൂൾ ടീച്ചറായി ജോലി ചെയ്യുകയാണ്. അവിെട നിന്നു പിരിഞ്ഞ് ആലുവയിലേക്കു പോന്നു. ആലുവ ശിവക്ഷേത്രത്തിനടുത്തു താമസിക്കണം എന്ന മോഹം കൊണ്ട്.

പിന്നീടു മലപ്പുറം കൊണ്ടോട്ടിയിൽ ഒരു ആയുർവേദ കമ്പനിയിൽ മാനേജരായി ജോലി കിട്ടി. ഭർത്താവിന് കോയമ്പത്തൂരും. ഹോട്ടലുകളിൽ ഇഡ്ഡലി, വട ഒക്കെയുണ്ടാക്കാനുള്ള മെഷീനുകൾ നിർമിച്ചു നൽകലായിരുന്നു പണി. എന്റെ കൂട്ടുകാരിയുടെ ചേട്ടനാണ് അദ്ദേഹം. ജാതിയും മ തവും കണക്കാക്കാതെ വന്ന വിവാഹാലോചന. കൂട്ടുകാരിയോടുള്ള സ്നേഹം മൂലം എനിക്ക് സമ്മതമായിരുന്നു. വീട്ടുകാർ സമ്മതിക്കാത്തതിനാൽ ചേച്ചിയുടെ പിന്തുണയോടെ വിവാഹിതരായി. ഞങ്ങൾക്കു മക്കളില്ല. പക്ഷേ, മക്കളുടെ സ്ഥാനത്തു നിൽക്കാൻ സഹോദരങ്ങളുടെ മക്കളുണ്ട്. 2018 ലെ പ്രളയത്തിനു ശേഷം ആലുവ വിട്ട് കൊണ്ടോട്ടിയിൽ താമസമാക്കി. ഇപ്പോഴിവിടെ ആയുർവേദ കടയും ഔഷധത്തോട്ടവുമായി കഴിയുന്നു. ഒപ്പം യാത്രകളും.

ഇതിനകം 31 രാജ്യങ്ങളിൽ സഞ്ചരിച്ചു. ചിലതു ഭർത്താവുമൊത്ത്, ചിലത് ഒറ്റയ്ക്ക്. ഇന്ത്യയിലെ പ്രധാനകാഴ്ചകള്‍ തേടിയും യാത്ര പോകാറുണ്ട്. രാജസ്ഥാനിലെ അംബർ ഫോർട്ട്, ജയ്പൂർ പാലസ്, എട്ടു കിലോ മീറ്റർ പാറ തുരന്നു നിര്‍മിച്ച തമിഴ്നാട്ടിലെ ഉച്ചി പിള്ളൈയാർ ഗണപതി ക്ഷേത്രം, ഒഡീഷയിലെ കൊണാർക്ക് സൂര്യ ക്ഷേത്രം ഒക്കെ കാണേണ്ട കാഴ്ചകളാണ്. തമിഴ്‌നാട്, കർണാടക, ആന്ധ്ര, തെലുങ്കാന എന്നീ സംസ്ഥാനങ്ങളിലെ കാഴ്ച കണ്ടു തീ ർക്കാൻ മാത്രം അഞ്ചു വർഷമെങ്കിലും വേണം.

girija-2

ഇഷ്ടം സ്വയം പോകുന്ന യാത്രകൾ

പാക്കേജ് ടൂറുകളേക്കാള്‍ ഞങ്ങള്‍ക്കു പ്രിയം ഒറ്റയ്ക്കോ ചെറുഗ്രൂപ്പുകളായോ പോകുന്നതാണ്. സമയക്രമവും ചിട്ടകളും ഒന്നും അപ്പോള്‍ നോക്കേണ്ടല്ലോ. ഒരു കാഴ്ച മാത്രം കണ്ടു കുറേ നേരം നില്‍ക്കണമെങ്കില്‍ അതും ആകാം. നമ്മുെട ഇഷ്ടവും താൽപര്യങ്ങളും അപ്പോഴാണു കൂടുതല്‍ സാധ്യമാവുക. ലാഭവും അതാണ്.

ഒരേ മനസ്സുള്ള അഞ്ചോ ആറോ പേരെ കൂട്ടിയാണിപ്പോ ൾ യാത്ര. ടിക്കറ്റും ഹോട്ടലും ഞാൻ നേരിട്ടു ബുക്ക് ചെയ്യും. പോകേണ്ട സ്ഥലത്തെക്കുറിച്ചു നന്നായി പഠിക്കും. കാണേണ്ട എല്ലാ പ്രധാന സ്ഥലങ്ങളും ഉള്‍പ്പെടുത്തും. ക്ഷേത്രങ്ങളാണെങ്കിൽ അവിടുത്തെ പ്രത്യേക ചടങ്ങുകൾ കൂടി കാണാൻ കഴിയുന്ന വിധത്തിലാകും പ്ലാൻ ചെയ്യുക.

ഏറ്റവും ലാഭകരമായി പോകാവുന്ന റൂട്ടും തീരുമാനിക്കും. അടുത്തിടെ കുംഭകോണം, തഞ്ചാവൂർ, ശ്രീരംഗം തുടങ്ങിയ സ്ഥലങ്ങളിലെ 34 ക്ഷേത്രങ്ങൾ നാലു ദിവസം കൊ ണ്ടു കണ്ടു തീർത്തു. ഒാരോരുത്തർക്കും താമസവും ഭക്ഷണവും അടക്കം 5000 രൂപയേ ചെലവായുള്ളു.

അറിവില്ലായ്മയും കൂട്ടില്ലായ്മയും കൊണ്ടു യാത്രചെയ്യാനാകാത്ത സ്ത്രീകളെ ഉൾപ്പെടുത്തി യാത്രാസംഘം ഉ ണ്ടാക്കാനും മോഹമുണ്ട്.

travel-girija55

അപകടം എന്ന സഹയാത്രികന്‍

യാത്രയ്ക്കിടയില്‍ അപകടങ്ങളിലും കുടുങ്ങാറുണ്ട്. ഒരിക്കല്‍ ഗുജറാത്തിലെ കച്ച് കാണാൻ പോയി. എറണാകുളത്തു നിന്ന് ട്രെയിന്‍ പുറപ്പെട്ടപ്പോൾ തന്നെ ദമ്പതിമാരുടെ വേഷത്തിൽ പോക്കറ്റടിക്കാർ കയറി.

സൂററ്റ് എത്തുമ്പോൾ രാത്രി രണ്ടു മണി. എല്ലാവരും ഉറങ്ങിക്കിടക്കുമ്പോൾ അവർ ബാഗുകളുമായി സ്ഥലം വിട്ടു. ഏകദേശം 3000 രൂപയേ ബാഗിലുണ്ടായിരുന്നുള്ളു. എടിഎം കാർഡ്, പാൻ കാർഡ്, ഇലക്‌ഷൻ ഐഡി, ഫോൺ ഒക്കെ നഷ്ടപ്പെട്ടു.

അന്നു കൂടെയുണ്ടായിരുന്ന സുഹൃത്തിനോടു കടം വാങ്ങിയ പണവുമായി ഉദ്ദേശിച്ച യാത്ര പൂർത്തിയാക്കി. കച്ചിൽ നിന്നു കുറേ ബാന്ദ്നി സാരികൾ വാങ്ങി നാട്ടിൽ കൊണ്ടു വിറ്റ് കടം വീട്ടി. ഏതു സ്ഥലത്തു പോകുന്നോ അവിടുത്തെ പ്രത്യേകതയുള്ള വസ്തുക്കൾ വാങ്ങി പാഴ്സലായി നാട്ടിലേക്ക് അയയ്ക്കും. ചെറിയ വില വ്യത്യാസത്തിൽ വിറ്റു ലാഭമുണ്ടാക്കും. കൂടാതെ ഷെയർ ട്രേഡിങ്ങും ചെയ്യും. ഇങ്ങനെയൊക്കയാണിപ്പോള്‍ യാത്രയ്ക്കുള്ള പണം ഉണ്ടാക്കുന്നത്.

ആദ്യമായി വിദേശയാത്ര പോകാനൊരുങ്ങുന്നവരോട് യൂറോപ്പ് ലക്ഷ്യമിടാനാണ് എനിക്കു പറയാനുള്ളത്. അ വിടുത്തെ പ്രകൃതിഭംഗി വശ്യസുന്ദരമാണ്. കണ്ടാൽ പോരാനേ തോന്നുകയില്ല. യൂറോപ്പില്‍ പോകുന്ന പലരും മടങ്ങാന്‍ മടിക്കുന്നതില്‍ അതിശയമില്ല. അതിമനോഹരമായ കാഴ്ചകൾക്കുമുന്നിൽ ഭ്രമിച്ചു പോകാത്ത മനുഷ്യരുണ്ടാകുമോ?

രാഖി റാസ്

ഫോട്ടോ: സുനിൽ ആലുവ