Thursday 16 January 2025 10:07 AM IST : By സ്വന്തം ലേഖകൻ

‘കല്ലറയില്‍ ഇരിക്കുന്ന നിലയില്‍ മൃതദേഹം, വായില്‍ ഭസ്മം, നെഞ്ചുവരെ പൂജാദ്രവ്യങ്ങള്‍’; ഗോപൻ സ്വാമിയുടെ വിവാദ സമാധി പൊളിച്ചു

gopan-swami-samadhi-opened

നെയ്യാറ്റിൻകരയിലെ ഗോപൻ സ്വാമിയുടെ വിവാദ സമാധി പൊളിച്ചു. കല്ലറയില്‍ മൃതദേഹം കണ്ടെത്തി. ഇരിക്കുന്ന നിലയിലാണ് ഗോപന്‍ സ്വാമിയുടെ മൃതദേഹം. വായ തുറന്ന നിലയിലാണ്. വായില്‍ ഭസ്മവും മൃതദേഹത്തിന്റെ നെഞ്ചു വരെ പൂജാദ്രവ്യങ്ങള്‍ നിറച്ചിട്ടുമുണ്ട്. മൃതദേഹം തിരുവനന്തപുരം മെഡിക്കല്‍ കോളജിലേക്ക് മാറ്റും. പോസ്റ്റ്മോര്‍ട്ടത്തിനു ശേഷം മാത്രമേ മരണകാരണം അടക്കമുള്ള കാര്യങ്ങള്‍ വെളിപ്പെടൂ.

കഴിഞ്ഞ ദിവസങ്ങളിലെല്ലാം കല്ലറ പൊളിക്കാന്‍ പൊലീസ് എത്തിയപ്പോള്‍ കുടുംബം വലിയ തോതിലുള്ള പ്രതിഷേധമാണ് നടത്തിയത്. എന്നാല്‍ ഇന്ന് അത്തരത്തിലൊന്നും തന്നെയുണ്ടായില്ല എന്നതും ശ്രദ്ധേയം. പിതാവിനെ സമാധിയിരുത്തിയെന്നാണ് മക്കളുടെ അവകാശവാദം. ഗോപന്‍ സ്വാമി എന്ന് അറിയപ്പെട്ടിരുന്ന മണിയന്‍ കഴിഞ്ഞ വ്യാഴാഴ്ച സമാധിയായെന്നും മരിച്ചിരുന്ന സ്ഥലത്ത് കോണ്‍ക്രീറ്റ് അറ പണിതെന്നുമാണ് മക്കള്‍ പറഞ്ഞിരുന്നത്. 

വിഷയം വിവാദമാകുകയും കേസ് കോടതിയില്‍ എത്തുകയും ചെയ്തതോടെ നെയ്യാറ്റിന്‍കര ഗോപന്‍ സ്വാമിയുടെ മരണസര്‍ട്ടിഫിക്കറ്റ് എവിടെയെന്ന് ഹൈക്കോടതി ചോദിച്ചിരുന്നു. സര്‍ട്ടിഫിക്കറ്റ് ഇല്ലെങ്കില്‍ അസ്വാഭാവിക മരണമായി കണക്കാക്കാമെന്നും അന്വേഷണത്തിനായി കല്ലറ തുറക്കാന്‍ പൊലീസിന് അധികാരമുണ്ടെന്നും കോടതി വ്യക്തമാക്കിയിരുന്നു. കല്ലറ പൊളിക്കാനുള്ള ഉത്തരവിന് ഹൈക്കോടതി സ്റ്റേയും നല്‍കിയില്ല. 

പിന്നാലെ കോടതി വിധി അംഗീകരിക്കാനാകില്ലെന്നു പറഞ്ഞ ഗോപന്‍ സ്വാമിയുടെ മകന്‍ അച്ഛന്‍ മരിച്ചതല്ല സമാധിയാണെന്ന് ആവര്‍ത്തിച്ചു. കല്ലറയ്ക്ക് സമീപം മകൻ രാജസേനൻ പൂജ നടത്തുന്നതും മുടക്കിയില്ല. ഗോപന്‍ സ്വാമി മരണപ്പെട്ടുവെന്ന് തെളിയിക്കുന്ന എന്തെങ്കിലും രേഖയുണ്ടോ എന്ന ചോദ്യത്തിന് ഫോട്ടോ, വീഡിയോ ഒന്നുമില്ലെന്നും സമാധിക്ക് സമീപം സ്കാനർ വെച്ച് മനുഷ്യശരീരസാന്നിധ്യം കണ്ടെത്തിക്കൂടേയെന്നായിരുന്നു മകന്‍ സദാനന്ദന്‍ ചോദിച്ചത്. 

കോടതിയെ മാനിക്കുന്നു. പക്ഷേ, ഈ ഘട്ടത്തിൽ കോടതി നിലപാട് അംഗീകരിക്കാനാകില്ല. സമാധിയായതിന്റെ പടങ്ങൾ എടുത്ത് വെച്ചിട്ടില്ല. സമാധിയാകുന്ന ദിവസം മക്കൾ തന്നെ ചടങ്ങുകൾ പൂർത്തിയാക്കണമെന്ന് അച്ഛൻ പറഞ്ഞിരുന്നു. ഹിന്ദു ആചാരമനുസരിച്ച് അച്ഛന്റെ വാക്കുകൾ മക്കൾ നിറവേറ്റിയതാണെന്നും സനന്ദൻ പറഞ്ഞു. എന്നാല്‍ സമാധി പൊളിക്കാന്‍ ജില്ലാ ഭരണകൂടം അനുമതി കൂടി നല്‍കിയതോടെ വന്‍ പൊലീസ് സന്നാഹത്തോടെയാണ് കല്ലറ പൊളിച്ചത്.

Tags:
  • Spotlight