ഷാരോൺ വധക്കേസിൽ നിർണായകമായത് ശാസ്ത്രീയ തെളിവുകൾ. കുറ്റകൃത്യത്തിനു ദൃക്സാക്ഷികളില്ലാതിരുന്ന കേസിൽ പൊലീസ് നടത്തിയ പിഴവില്ലാത്ത അന്വേഷണവും പ്രോസിക്യൂഷന്റെ കൃത്യതയുള്ള വാദങ്ങളുമാണ് ഒന്നാം പ്രതിയായ ഗ്രീഷ്മയെ കുടുക്കിയത്. കൊലപാതകത്തിൽ ഗ്രീഷ്മയ്ക്കു മാത്രമാണു നേരിട്ടു പങ്കെന്നും സംഭവശേഷം തെളിവു നശിപ്പിക്കാൻ അമ്മയും അമ്മാവനും കൂട്ടുനിന്നുവെന്നുമായിരുന്നു പൊലീസിന്റെ കണ്ടെത്തൽ.
കേസ് തെളിയിച്ചത് ഇങ്ങനെ
കീടനാശിനിയുണ്ടാക്കിയ വ്രണങ്ങൾ
കഷായത്തിൽ കലർത്തി നൽകിയ കീടനാശിനി ഉള്ളിൽ ചെന്നാണു ഷാരോൺ മരിച്ചതെങ്കിലും പൊലീസ് അന്വേഷണമാരംഭിക്കുന്ന ഘട്ടത്തിൽ അതിന്റെ സാന്നിധ്യം അദ്ദേഹത്തിന്റെ ശരീരത്തിലുണ്ടായിരുന്നില്ല. ചികിത്സയുടെ ഭാഗമായി 3 തവണ ഡയാലിസിസ് ചെയ്തതോടെയാണ് വിഷത്തിന്റെ അംശം കണ്ടെത്താനാകാത്ത സ്ഥിതി വന്നത്. ഷാരോണിന്റെ വായിലും ശ്വാസകോശത്തിലും വൃക്കയിലുമുണ്ടായ വ്രണങ്ങൾ പൊലീസ് തെളിവായി ശേഖരിച്ചു. കൊലപാതകത്തിന് ഉപയോഗിച്ച കീടനാശിനി ശരീരത്തിനുള്ളിൽ എത്തിയാലുണ്ടാകുന്ന ലക്ഷണങ്ങളെല്ലാം ഈ വ്രണങ്ങളിലുമുണ്ടെന്നു വിദഗ്ധ ഡോക്ടർമാരുടെ സഹായത്തോടെ തെളിയിച്ചു. നിർമലകുമാരൻ കൃഷി ആവശ്യത്തിനായി ഉപയോഗിച്ചിരുന്ന കീടനാശിനിയാണു ഗ്രീഷ്മ കഷായത്തിൽ കലർത്തിയത്.
ഡിജിറ്റൽ തെളിവുകൾ
കൊലപാതകത്തിൽ ഗ്രീഷ്മയ്ക്കുള്ള പങ്ക് തെളിയിക്കുന്നതിൽ ഇവ നിർണായകമായി. 2022 ഓഗസ്റ്റ് 22നാണ് ഷാരോണിനെ കൊലപ്പെടുത്താൻ ഗ്രീഷ്മ ആദ്യ ശ്രമം നടത്തിയത്. ജൂസിൽ 50 പാരസെറ്റമോൾ ഗുളികകൾ കലർത്തി നൽകിയെങ്കിലും കയ്പു മൂലം ഷാരോൺ കുടിച്ചില്ല. അതേവർഷം ഒക്ടോബർ 14നാണു കഷായത്തിൽ കീടനാശിനി കലർത്തിയത്. വിഷം കലർത്തി നൽകുന്നതിന്റെ വിശദാംശങ്ങൾ 2 ദിവസങ്ങളിലും രാവിലെ ഗ്രീഷ്മ യുട്യൂബിൽ പരതി. പെട്ടെന്ന് മരണം സംഭവിക്കാതെ, സാവധാനം ശരീരത്തിൽ വിഷം കലർന്ന് മരിക്കുന്നതിന്റെ രീതികളും കീടനാശിനി കഴിച്ചാൽ ശരീരത്തിൽ സംഭവിക്കുന്ന കാര്യങ്ങളും തിരഞ്ഞു.
വീട്ടിലെത്തിക്കാൻ പ്രലോഭനം:
സംഭവത്തിനു തലേന്ന് രാത്രി ഷാരോണുമായി ഗ്രീഷ്മ ദീർഘനേരം ഫോണിൽ സംസാരിച്ചു. പിറ്റേന്ന് വീട്ടിലേക്കു വരാൻ പ്രലോഭിപ്പിച്ചു.
പൊളിഞ്ഞ കഷായക്കഥ:
തന്റെ നടുവേദന മാറാനാണു കഷായം വാങ്ങിയതെന്നായിരുന്നു ഷാരോണിന്റെ സഹോദരനോടും പൊലീസിനോടും ഗ്രീഷ്മ ആദ്യം പറഞ്ഞിരുന്നത്. ബന്ധുവായ ഫിസിയോതെറപ്പിസ്റ്റ് പ്രശാന്തിനി, അവരുടെ സുഹൃത്തായ ഡോക്ടറുടെ കുറിപ്പടി ഉപയോഗിച്ച് വാങ്ങിയ നൽകിയതാണെന്നും പറഞ്ഞു. എന്നാൽ, അങ്ങനെയൊരു കുറിപ്പടി ആർക്കും നൽകിയിട്ടില്ലെന്ന് ഡോക്ടർ മൊഴി നൽകി. കഷായം വാങ്ങി ഗ്രീഷ്മയ്ക്കു നൽകിയിട്ടില്ലെന്നു പ്രശാന്തിനിയും പറഞ്ഞു. ഗ്രീഷ്മ പറയുന്ന കഷായം, ഏറെനാളായി വിൽപനയ്ക്കെത്തിയിട്ടില്ലെന്ന് മരുന്ന് കടയുടമ കൂടി മൊഴി നൽകിയതോടെ, കഷായത്തെക്കുറിച്ചുള്ള കള്ളക്കഥ പൊളിഞ്ഞു. പ്രശാന്തിനിയുടെ മൊഴി ക്രൈംബ്രാഞ്ച് കേൾപ്പിച്ചതോടെ, അതുവരെ കൊലപാതകത്തിൽ പങ്കില്ലെന്ന് ആവർത്തിച്ചിരുന്ന ഗ്രീഷ്മ സത്യം പറഞ്ഞുതുടങ്ങി.