ഷാരോൺ വധക്കേസിൽ കുറ്റക്കാരിയാണെന്ന കോടതിയുടെ വിധി ഗ്രീഷ്മ കേട്ടുനിന്നതു നിർവികാരതയോടെ. അമ്മ സിന്ധുവിനും അമ്മാവൻ നിർമലകുമാരൻ നായർക്കുമൊപ്പമാണു ഗ്രീഷ്മ കോടതിയിലെത്തിയത്. ഒരു വർഷത്തെ ജയിൽവാസത്തിനു ശേഷം ഗ്രീഷ്മ ജാമ്യത്തിലിറങ്ങിയിരുന്നു. കേസിൽ വിധി കേൾക്കാൻ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിനു സമീപമുള്ള വഴിയിലൂടെ കോടതിയുടെ പിൻവശത്തുകൂടിയാണ് അവർ എത്തിയത്. രാവിലെ 7.10നു കോടതിയിലെത്തി. വിധി പ്രസ്താവിക്കുമ്പോൾ അഡീഷനൽ സെഷൻസ് കോടതിയുടെ വാതിലിനു പിന്നിലായി ആരുടെയും ശ്രദ്ധയിൽപെടാത്ത ഇരുന്നു. വിധി വന്ന ശേഷം ജയിലിലേക്കു പോകാൻ പൊലീസുകാർ വിളിച്ചപ്പോഴും മുഖത്ത് ഭാവഭേദമൊന്നുമുണ്ടായില്ല. കോടതിയിൽനിന്ന് ജീപ്പിലേക്കു കയറ്റുമ്പോൾ ഗ്രീഷ്മയ്ക്ക് ശ്വാസതടസ്സം അനുഭവപ്പെട്ടെങ്കിലും വൈകാതെ സാധാരണനിലയിലായെന്നു പൊലീസ് പറഞ്ഞു.പ്രോസിക്യൂഷനു വേണ്ടി സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ വി.എസ്.വിനീത്കുമാർ, അൽഫാസ് മഠത്തിൽ, വി.എസ്.നവനീത് കുമാർ എന്നിവർ ഹാജരായി.
കേരളം നടുങ്ങിയ ഷാരോൺ രാജ് വധക്കേസിൽ ഗ്രീഷ്മ കുറ്റക്കാരിയെന്ന് കോടതി വെള്ളിയാഴ്ച വിധിച്ചിരുന്നു. ഗ്രീഷ്മയുടെ അമ്മ സിന്ധുവിനെ വെറുതെ വിട്ടു. നെയ്യാറ്റിൻകര അഡീഷനൽ സെഷൻസ് കോടതിയുടേതാണ് വിധി. ഗ്രീഷ്മയ്‌ക്കെതിരെ കൊലപാതകം, ഗൂഢാലോചന, തെളിവു നശിപ്പിക്കൽ തുടങ്ങിയ കുറ്റങ്ങളെല്ലാം തെളിഞ്ഞു. ഗ്രീഷ്മയുടെ അമ്മാവൻ നിർമലകുമാരൻ നായരും കുറ്റക്കാരനെന്ന് കോടതി. സംശയത്തിന്റെ ആനുകൂല്യത്തിലാണു ഗ്രീഷ്മയുടെ അമ്മ സിന്ധുവിനെ വെറുതെ വിട്ടത്.
ഗ്രീഷ്മയുടെ അമ്മയും പ്രതിയുമായ സിന്ധുവും കുറ്റക്കാരിയാണെന്നും ശിക്ഷ കൊടുക്കേണ്ടതായിരുന്നു എന്നും ഷാരോണിന്റെ മാതാപിതാക്കളുടെ ആദ്യപ്രതികരണം.
ഷാരോണിനെ ഒഴിവാക്കാനുള്ള ഗ്രീഷ്മയുടെ ശ്രമങ്ങൾക്കു അമ്മ സിന്ധു ഒത്താശ ചെയ്തു കൊടുത്തെന്നും കീടനാശിനി ഗ്രീഷ്മയ്ക്കു വാങ്ങി നൽകിയത് നിർമല കുമാരൻ നായരാണ് എന്നും പൊലീസ് കണ്ടെത്തി. ഇംഗ്ലിഷിൽ ബിരുദാനന്തര ബിരുദധാരിയാണ് ഗ്രീഷ്മ. നെയ്യൂർ ക്രിസ്ത്യൻ കോളജിലെ അവസാന വർഷ ബിഎസ്‌സി റേഡിയോളജി വിദ്യാർഥിയായിരുന്നു ഷാരോൺ രാജ്. കഴിഞ്ഞ ഒക്ടോബർ 15നു തുടങ്ങിയ വിചാരണ ഈ മാസം മൂന്നിനാണ് അവസാനിച്ചത്. 95 സാക്ഷികളെ വിസ്തരിച്ചു.
2022 ലാണ് സംഭവം. കാമുകനായ മുര്യങ്കര ജെ.പി ഹൗസിൽ ജെ.പി. ഷാരോൺ രാജിനെ (23) വീട്ടിലേക്ക് ക്ഷണിച്ചു വരുത്തി കഷായത്തിൽ കീടനാശിനി കലർത്തി നൽകി കൊലപ്പെടുത്തിയെന്ന കേസിൽ പാറശാല തേവിയോട് പൂമ്പള്ളിക്കോണം ശ്രീനിലയത്തിൽ ഗ്രീഷ്മ (22) ആണ് ഒന്നാം പ്രതി. പ്രണയബന്ധത്തിൽ നിന്നു പിന്മാറാത്തതാണു കൊലപാതകത്തിനു കാരണമെന്നാണ് കേസ്.