ഒരു മാസത്തെ ഇടവേളയിൽ വിധി ഒറ്റിക്കൊടുത്തപ്പോൾ ഒറ്റപ്പെട്ടുപോയ രണ്ടുകുട്ടികൾ. അരിയന്നൂർ പൗഡർ കുന്നിലെ മീനാക്ഷിയും (18) ശ്രീലക്ഷ്മിയും(16). ന്യുമോണിയ ബാധിച്ച് അമ്മ ഗീത (50) മരിച്ചതിന്റെ ആഘാതത്തിലാണവർ. നമ്പഴിക്കാട്ടെ സ്വകാര്യ കമ്പനിയിൽ ജോലിക്കു പോയിരുന്ന അമ്മ കൊണ്ടരാം വളപ്പിൽ ഗീതയാണ് കുടുംബം പോറ്റിയിരുന്നത്. അമ്മയുടെ അച്ഛൻ കേശവൻ ന്യുമോണിയ ബാധിച്ചു മരിച്ചത് ഒരു മാസം മുൻപ്. അതിനും ആറു വർഷം മുൻപാണ് അച്ഛൻ ബാബു മരിച്ചുപോയത്. ഒറ്റമുറി വീട്ടിലാണ് ഈ പെൺകുട്ടികളുടെ താമസം. ഗീതയ്ക്കു പാരമ്പര്യസ്വത്തായി കിട്ടിയ രണ്ടര സെന്റിൽ ലൈഫ് പദ്ധതി പ്രകാരം വീടിന് അനുമതിയായിരുന്നു.
കണ്ടാണശേരി പഞ്ചായത്ത് അംഗം പി.വി.നിവാസിന്റെ ശ്രമഫലമായാണ് ഇതു ശരിയായത്. എന്നാൽ കുന്നിൽ മുകളിൽ ശരിയായ വഴി പോലുമില്ലാത്ത ഇവിടെ വീടു പണി തുടങ്ങാൻ ഗീതയുടെ കയ്യിൽ പണമില്ലായിരുന്നു. കേന്ദ്ര പുരാവസ്തു വകുപ്പിന്റെ സംരക്ഷിത സ്മാരകമായ കുടക്കല്ലിന് അടുത്തായതിനാൽ വീടു പണിയാൻ പ്രത്യേക അനുമതി വേണം. അതു ലഭിക്കാത്തതിനാൽ പണി തുടങ്ങാനായില്ല. മീനാക്ഷി തൃശൂരിൽ ബിബിഎയ്ക്കു രണ്ടാം വർഷം. ശ്രീലക്ഷ്മി ചെമ്മണ്ണൂർ എഎംഎച്ച്എസ്എസിൽ പ്ലസ് വണിന് പഠിക്കുന്നു. ഭക്ഷണം, വീട്, വിദ്യാഭ്യാസം എന്നിവയ്ക്കൊന്നും വഴിയില്ലാതെ പകച്ചുനിൽക്കുകയാണ് രണ്ടു പെൺകുട്ടികൾ.