Tuesday 04 July 2023 12:54 PM IST

‘വിഗ് പ്രോസസിങ് ചാർജ് വസൂലാക്കാൻ മുടി സിനിമാക്കാർക്ക് മറിച്ചു വിൽക്കും’: മുടി മുറിക്കുന്നത് ആർക്കുവേണ്ടി? പരമ്പര

Binsha Muhammed

Senior Content Editor, Vanitha Online

hair-scam

മുടിത്തുമ്പിൽ ഉതിർന്നു വീഴുന്ന അഴകിന് പകരം വയ്ക്കാൻ മറ്റൊന്നില്ല. അതുകൊണ്ടു തന്നെ നീണ്ടു നിവർന്നു നിടക്കുന്ന മുടിയിഴകളിലൊരെണ്ണം കൊഴിഞ്ഞു പോയാൽ തുടങ്ങും സൗന്ദര്യ പ്രേമികൾക്ക് നെഞ്ചിലെ പിടപ്പ്. എന്തിനേറെ മുടിയുടെ നീളത്തിൽ നിന്ന് ഒരിഞ്ചു കുറഞ്ഞു പോയാലും തുടങ്ങും ടെൻഷൻ. കാരണം ഒന്നേയുള്ളൂ മുടിയെന്നത് ആണിനും പെണ്ണിനും ഹൃദയത്തോടു ചേർന്നു നിൽക്കുന്ന സ്റ്റൈൽ സ്റ്റേറ്റ്മെന്റാണ്.

ഇഷ്ടപ്രകാരം നീട്ടിയും വളർത്തിയും കളര്‍ ചെയ്തും പൊന്നുപോലെ പരിപാലിക്കുന്ന മുടിയിഴകളുടെ കാര്യത്തിൽ നമ്മൾ വിട്ടുവീഴ്ച ചെയ്യുന്നത് എപ്പോഴായിരിക്കും? മുടിയെ തൊട്ടുള്ള കളി വേണ്ട കേട്ടോ എന്ന് കട്ടായം പറയുന്നവര്‍ പോലും ഒരു നിമിഷത്തിൽ മറിച്ചു ചിന്തിക്കും. കാൻസറിന്റെ വേരുകള്‍ ഉള്ളിലാഴ്ന്നിറങ്ങിയപ്പോൾ അരുമയായി കാത്തുസൂക്ഷിച്ച തലമുടിയിഴകൾ നഷ്ടപ്പെട്ടു പോയവർക്കു വേണ്ടിയായിരിക്കും ആ സാക്രിഫൈസ്! കീമോ കിരണങ്ങളിൽ വെന്തുരുകി പോയവർക്കു വേണ്ടി മുന്നും പിന്നും നോക്കാതെ ഡൊണേറ്റ് ചെയ്യുന്നത് മഹാനന്മയാണെന്ന കാര്യത്തിലും സംശയമില്ല.

കാൻസർ രോഗികൾക്കു വേണ്ടി മുടി കലക്റ്റ് ചെയ്യുന്നുവെന്ന് പരസ്യപ്പെടുത്തി മുടി കലക്റ്റ് ചെയ്യുന്ന ഫൗണ്ടേഷനുകളും സന്നദ്ധ സംഘടനകളും ഇടനിലക്കാരും ഇന്ന് ആവോളമുണ്ട്. പക്ഷേ ചോദ്യം അതല്ല, നിങ്ങൾ ചെയ്യുന്ന ത്യാഗം, പകുത്തു നൽകുന്ന മുടിയിഴകൾ അത്... കാൻസർ രോഗികളിലേക്ക് തന്നെയാണോ എത്തുന്നത്? ഒരു കാൻസർ രോഗിക്കുള്ള വിഗിന് എങ്കിലും ഉപകാരപ്പെടട്ടേ എന്ന് മനസിലുറപ്പിച്ച് നിങ്ങൾ കൊടുക്കുന്ന മുടി പിന്നെ എങ്ങോട്ടാണ് പോകുന്നത്. ‘വനിത ഓൺലൈൻ’ നടത്തിയ അന്വേഷണത്തിൽ ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തു വന്നത്. കാൻസർ രോഗികളുടെ അവസ്ഥയും വേദനയും ചൂഷണം ചെയ്ത് മുഖത്തൊരു ചിരിയും ഫിറ്റ് ചെയ്ത് നമ്മളിൽ നിന്നും മുറിച്ചെടുത്തു കൊണ്ടു പോകുന്ന ആ മുടിയിഴകളുടെ യാത്ര എങ്ങോട്ട്? വനിത ഓൺലൈൻ അന്വേഷണ പരമ്പര തുടരുന്നു. ‘മുടി മുറിക്കുന്നത് ആർക്കു വേണ്ടി?’

സ്വകാര്യതയേയും പ്രഫഷനേയും കരുതി പേര് വെളിപ്പെടുത്താൻ ബുദ്ധിമുട്ടുള്ള കണ്ണൂരിൽ നിന്നുള്ള ഒരു പ്രമുഖ ഓങ്കോളജിസ്റ്റ് ‘മുടി മുറിക്കുന്നത് ആർക്കു വേണ്ടി?’ പരമ്പരയുടെ ഭാഗമായി ഞെട്ടിക്കുന്ന വിവരങ്ങളാണ് പങ്കുവച്ചത്.

മുടിയൊക്കെ കലക്ട് ചെയ്യാം പക്ഷേ... ചെലവ് മുഖ്യം

കീമോ കിരണങ്ങളാൽ പൊള്ളിയടർന്ന ശരീരവും കൊഴിഞ്ഞു പോയ മുടിയിഴകളും നോക്കി സങ്കടപ്പെടുന്നവർ ഏത് കഠിന ഹൃദയത്തിന്റേയും ഉള്ളുരുക്കും. ആ വേദന മുതലാക്കി കമ്മീഷന്‍ പറ്റുന്ന ഏജന്റുമാർ ആശുപത്രിക്കും പുറത്തുമുണ്ടെന്ന വിവരങ്ങൾ വനിത ഓൺലൈന്റെ ‘മുടി മുറിക്കുന്നത് ആർക്കു വേണ്ടി?’ പരമ്പരയിൽ വായിച്ചപ്പോൾ ശരിക്കും ഞെട്ടലാണ് ഉള്ളിലുണ്ടായത്. ദാനം ചെയ്യുന്ന മുടി പ്രോസസ് ചെയ്ത് ഒരു രോഗിയുടെ എങ്കിലും ശരീരത്തിന്റെ ഭാഗമാകുന്നു എന്നത് ജീവിതത്തിലെ വലിയ ചാരിതാർഥ്യങ്ങളിൽ ഒന്നാണ്. നമ്മുടെയൊക്കെ ആ സഹാനുഭൂതിയും നന്മയുമൊക്കെയാണ് പലരും കച്ചവട ചരക്കാക്കുന്നത്.– ഡോക്ടർ പറയുന്നു.

മുടി ദാനം ചെയ്യുന്ന വ്യക്തിയേയും കാൻസർ രോഗിയേയും ബന്ധിപ്പിക്കുന്ന വഴിയിൽ രംഗപ്രവേശം ചെയ്യുന്ന ‘കമ്മീഷൻ അവതാരങ്ങൾക്കിടയിൽ’ നിവൃത്തിയില്ലാതെ മുടി മറിച്ചു വിൽക്കുന്നവരുമുണ്ട്. നിവൃത്തികേടു കൊണ്ടല്ലേ എന്ന് ഒറ്റവാക്കിൽ പറഞ്ഞ് അവസാനിപ്പിക്കാൻ കഴിയുമായിരിക്കും. പക്ഷേ ഒരു കാൻസർ രോഗിക്കെങ്കിലും തന്റെ മുടിയിഴകൾ കൊണ്ട് ഉപകാരം ഉണ്ടാകണം എന്നു കരുതുന്നവരുടെ നന്മയിൽ നഞ്ചു കലക്കുന്നതല്ലേ ആ പറഞ്ഞ നിവൃത്തികേട്.

തൃശൂര്‍ കേന്ദ്രമായുള്ള ഒരു സന്നദ്ധ സംഘടനയെക്കുറിച്ചാണ് പറയുന്നത്. കാൻസര്‍ രോഗികൾക്കായി മുടി കലക്ട് ചെയ്യാറുണ്ട് അവർ. കൃത്യമായി രോഗികളിൽ എത്തിച്ചതിന്റേയും നൂറു കണക്കിന് നന്മ പ്രവൃത്തികളുടേയും ട്രാക്ക് റെക്കോഡും ഉണ്ട് അവർക്ക്. പക്ഷേ കാൻസർ രോഗികൾക്കായി കലക്ട് ചെയ്യുന്ന മുടി പ്രോസസ് ചെയ്ത് വിഗ് ആക്കി മാറ്റുന്ന പ്രോസസിന്റെ ചെലവ് താങ്ങാനാകാത്ത ഘട്ടം എത്തിയപ്പോൾ അവർ അത് ചെയ്തു. പ്രോസസിങ് ചാർജ് വസൂലാക്കാൻ മുടി പുറത്തു മറിച്ചുവിറ്റ് തുടങ്ങി. അതായത്, 10 പേർ മുടി കാൻസർ രോഗികൾക്കായി ദാനം ചെയ്തുവെന്ന് കരുതുക. അത് പ്രോസസ് ചെയ്യാനുള്ള ചെലവ് കയ്യിലില്ലാത്ത സാഹചര്യത്തിൽ പത്തില്‍ നിന്നും മൂന്ന് പേരുടെ മുടി അവർ പുറത്തു വിൽക്കും. എന്നിച്ച് ഏഴ് പേരുടെ മുടികൾ പ്രോസസ് ചെയ്ത് വിഗ് ഉണ്ടാക്കാനുള്ള ചെലവ് കാശ് കണ്ടെത്തും. അവർ ചെയ്തു പോരുന്ന നന്മയിലോ അവരുടെ ഉദ്ദേശ ശുദ്ധിയിലോ തർക്കം ഇപ്പോഴുമില്ല. പക്ഷേ പുറത്തു വിൽക്കുന്ന മൂന്ന് പേരുടെ മുടിയിഴകൾ... ആ പോക്ക് ശരിയാണെന്ന് തോന്നുന്നുണ്ടോ? കാൻസർ രോഗികൾക്ക് മാത്രമായി ആഗ്രഹിച്ച് കൊതിച്ച് അവർ മുറിച്ച മുടി പൈസ വസൂലാക്കാൻ പുറത്ത് വിൽപന ചരക്കാക്കി എന്നു പറയുമ്പോഴോ അറിയുമ്പോഴോ അവർ വേദനിക്കില്ലേ?

ഇപ്പോഴും ഇങ്ങനെയൊക്കെ സംഭവിക്കുന്നു എന്നു കേൾക്കുമ്പോൾ ഏറെ സങ്കടമുണ്ട്.. കാൻസര്‍ രോഗികൾക്കായി മുടി കലക്ട് ചെയ്യാൻ ആശുപത്രിയുമായി നേരിട്ട് ബന്ധമുള്ള ഒരു സർക്കാര്‍ അംഗീകൃത സംവിധാനം വരണമെന്നാണ് പറയാനുള്ളത്. ഇനി മേൽ പറഞ്ഞതുപോലെ സ്വതന്ത്രമായി എന്തെങ്കിലും സംവിധാനം ഉണ്ടെങ്കിൽ തന്നെ അവരുടെ പ്രവർത്തന രീതി, ഫണ്ടിങ് തുടങ്ങിയ കാര്യങ്ങൾ നിരീക്ഷിക്കാനും ആശുപത്രികൾ കേന്ദ്രീകരിച്ച് സംവിധാനം വരണം. സാമ്പത്തിക പരാധീനത കൊണ്ടാണ് തൃശൂരിലെ ഈ പറഞ്ഞ ഏജൻസി മുടി മറിച്ചു വിൽക്കുന്നതെന്ന് പറഞ്ഞല്ലോ? അവരുടെ പ്രവർത്തന രീതി സുതാര്യമാണെങ്കിൽ അവരെ സഹായിക്കാൻ സർക്കാറും സുമനസുകളും മുന്നോട്ടു വരണമെന്ന അപേക്ഷയും പങ്കുവയ്ക്കട്ടേ. അങ്ങനെ സംഭവിച്ചാൽ ഇത്തരം മറിച്ചു വിൽക്കലുകൾക്ക് തടയിടാം.– ഡോക്ടർ പറഞ്ഞു നിർത്തി.