പതിനെട്ടുവർഷം പഴക്കമുള്ള ഒരു പ്രണയകഥ പറയാം. ഒരു മിസ്ഡ് കോൾ വഴിയാണു ഹരിതയും ബാബു പല്ലിശ്ശേരിയും പരിചയപ്പെടുന്നത്. തൃശൂരാണു ബാബുവിന്റെ സ്വദേശം.
ഫോണിൽ സംസാരിച്ചു സുഹൃത്തുക്കളായതോടെ ഓർക്കൂട്ടിലും കൂട്ടായി. ഹരിതയുടെ ഫോട്ടോപോലും ബാബു കണ്ടിട്ടില്ല. ബാബു അന്ന് ചാനലിൽ ക്യാമറമാനായി ജോലി ചെയ്യുകയാണ്. ജോലി സംബന്ധമായ ആവശ്യമായി തിരുവനന്തപുരത്തെത്തിയപ്പോൾ അതുവരേയും കണ്ടിട്ടില്ലാത്ത ചങ്ങാതിയെ കാണണമെന്നു തോന്നി. നേരെ ഹരിതയുടെ വീട്ടിലേക്കു ചെന്നു.
അച്ഛനും അമ്മയും ബാബുവിനെ സ്വീകരിച്ചിരുത്തി. അതിനുശേഷം ഹരിതയെ വിളിച്ചു. എപ്പോഴും കലപിലാ വിശേഷങ്ങൾ പറഞ്ഞിരുന്ന കൂട്ടുകാരിയെ ബാബു മനസ്സിൽ കണ്ടത് അങ്ങനെയായിരുന്നില്ല. ഹരിതയെ കണ്ടപാടെ ബാബു മനസ്സിലുറപ്പിച്ചു, ഇവളെന്റെ പെണ്ണാണ്! ഇഷ്ടം നേരിൽ പറയാതെ ബാബു യാത്ര പറഞ്ഞിറങ്ങി.
പ്രത്യേകിച്ചെന്തെങ്കിലുമൊന്നു തനിക്കും തോന്നിയില്ലെന്നു ഹരിത പറയുന്നു. തൃശൂര് വീട്ടിലെത്തിയ ബാ ബു ചില കുറുക്കു വഴികളിലൂടെ തന്റെ ഇഷ്ടം അവതരിപ്പിച്ചെങ്കിലും ഹരിതയ്ക്കു കാര്യം പിടികിട്ടിയില്ല. ഒടുവിൽ നാലു പേജിൽ കവിയാത്ത ഒരു ഇ മെയിൽ സന്ദേശം ബാബു ഹരിതയ്ക്കയച്ചു.
അദ്ദേഹത്തിന്റെ ഇഷ്ടവും കുടുംബപശ്ചാത്തലവും സൗഹൃദങ്ങളും സ്വപ്നങ്ങളുമെല്ലാം മെയിലിൽ വിഷയമായി. മെയിൽ കൈപ്പറ്റിയ ഉടൻ തന്നെ ഹരിത അതിന്റെ ഒരു പ്രിന്റെടുത്ത് അമ്മയ്ക്ക് കൊടുത്തു. ആ കത്ത് വീട്ടിലുള്ള എല്ലാവരും വായിച്ചു. ഹരിതയുടെ വീട്ടിൽ ആർക്കും എതിർപ്പുണ്ടായില്ല. ബാബു അദ്ദേഹത്തിന്റെ വീട്ടിൽ ഇഷ്ടമറിയിച്ചപ്പോൾ അമ്മയുടെ മറുപടി ഇങ്ങനെ ‘ ആ മോളെ നന്നായി നോക്കാമെന്ന് ഉറപ്പുണ്ടെങ്കിൽ കല്യാണം നടത്താം. ഒരു തരത്തിലും ആ കുട്ടിക്കു വിഷമം ഉണ്ടാകരുത്.’ തൃശൂരിൽ നിന്നു ബാബുവിന്റെ ബന്ധുക്കളെത്തി കല്യാണം ഉറപ്പിച്ചു. ഹരിതയുടെ ഡിഗ്രി പഠനകാലത്തായിരുന്നു വിവാഹം.
ഇപ്പോൾ പ്ലസ് ടു വിദ്യാർഥിയായ അമേയയ്ക്കൊപ്പം തിരുവനന്തപുരം പാങ്ങപ്പാറയിലെ വീട്ടിൽ സന്തോഷമായി കഴിയുന്നു ബാബുവും ഹരിതയും. ഗാർലൻഡ് വെഡിങ്സ് എന്ന സ്ഥാപനത്തിന്റെ സിഇഒ ആണു ബാ ബു പല്ലിശ്ശേരി.