Monday 13 January 2025 03:20 PM IST

‘ആ മോളെ വിഷമിപ്പിക്കരുത്, നന്നായി നോക്കാമെന്ന് ഉറപ്പുണ്ടെങ്കിൽ മാത്രം കല്യാണം നടത്താം’: ചങ്കിൽകൊണ്ട പ്രണയകഥകൾ

Anjaly Anilkumar

Content Editor, Vanitha

hridhya-haritha കുടുംബചിത്രം ശംഭു, ഹൃദ്യ, ഹരിത, ബാബു പല്ലിശ്ശേരി, വിനയ ചന്ദ്രൻ പിള്ള, പത്മ, അമേയ.

ബാംഗ്ലൂർ ഡെയ്സ് എന്ന സിനിമയിൽ ത ന്നെ പിന്തുടരുന്ന അജുവിനോടു സേ റ ദേഷ്യപ്പെടുന്ന രംഗമുണ്ട്. എന്തിനാണിങ്ങനെ പിന്നാലെ നടക്കുന്നതെന്ന സേറയുടെ ചോദ്യത്തിന് അജു പറയുന്ന മറുപടി, ‘എനിക്കു തന്റെ പിന്നാലെ നടക്കാനല്ല, ഒപ്പം നടക്കാനാണിഷ്ടം’ എന്നാണ്.

ഹൃദ്യയുടെ വീൽചെയറിനോടു ചേർന്നിരിക്കുന്ന ശംഭുവിനെ കണ്ടപ്പോൾ ആദ്യം ഓർമ വന്നത് അജുവിനെയും സേറയെയുമാണ്. കാരണം ഹൃദ്യയ്ക്കും ശംഭുവിനും പറയാനുണ്ട് അതിമനോഹരമായൊരു പ്രണയകഥ. അതിനു മുൻപു നമുക്കു ഹൃദ്യയെ പരിചയപ്പെടാം.

തിരുവനന്തപുരം മടവൂർ സ്വദേശികളായ വിനയചന്ദ്രൻ പിള്ളയുടേയും പത്മ വിനയന്റേയും രണ്ടു മക്കളിൽ ഇളയവളാണു ഹൃദ്യ. മൂത്തയാൾ ഹരിത. ഹരിത ജനിച്ച് ഏതാനും മാസങ്ങൾ പിന്നിട്ടപ്പോഴാണു കുട്ടിയുടെ വളർച്ചയിൽ എന്തോ വ്യത്യാസമുണ്ടെന്നു വിനയചന്ദ്രനും പത്മയും തിരിച്ചറിയുന്നത്.

ഒരുപാടു ചികിത്സകളും പരിശോധനകളും നടത്തി. ഒടുവിൽ സ്പൈനൽ മസ്കുലർ അട്രോഫി എന്ന ജനിതക വൈകല്യമാണു ഹരിതയ്ക്ക് എന്നു തിരിച്ചറിഞ്ഞു. സമപ്രായക്കാരായ മറ്റു കുട്ടികൾ ഓടിക്കളിച്ചു രസിക്കുമ്പോള്‍ ഹരിതയുടെ ലോകം വീൽചെയറിലായിരുന്നു.

ഹരിതയ്ക്കൊരു കൂട്ടുവേണമല്ലോ എന്ന ചിന്തയാണ് രണ്ടാമതൊരു കുട്ടിയെക്കുറിച്ചു ചിന്തിക്കാൻ ഇടയാക്കിയതെന്നു പത്മ പറയുന്നു. ഗർഭിണിയാകുന്നതിനു മുൻപും ശേഷവും വിവിധതരം പരിശോധനകൾക്കു പത്മ വിധേയയായി. യാതൊരു പ്രശ്നവുമുണ്ടാകില്ലെന്നു ഡോക്ടർമാർ ഉറപ്പു നൽകി. ഒടുവിൽ പത്മയ്ക്കും വിനയചന്ദ്രനും ഒരു പെൺകുഞ്ഞുകൂടി പിറന്നു. അനിയത്തിക്കുട്ടിയെ കിട്ടിയ സന്തോഷത്തിലായിരുന്നു ഹരിത.

ഒരു വയസ്സു വരെ ഹൃദ്യയ്ക്ക് യാതൊരു പ്രശ്നവുമുണ്ടായിരുന്നില്ല. അതിനുശേഷം വളർച്ചയുടെ വേഗം കുറയുന്നതു വീട്ടുകാർ ശ്രദ്ധിച്ചു. താമസിയാതെ ഹൃദ്യയ്ക്കും ഹരിതയുടെ അതേ അവസ്ഥ തന്നെയെന്ന് ഡോക്ടർമാർ സ്ഥിരീകരിച്ചു. ഒരാൾക്ക് അടുത്തയാൾ താങ്ങാകുമെന്നു കരുതിയിരുന്നവരുടെ മനസ്സിലേക്കു കനൽ വീണ അവസ്ഥ. പക്ഷേ, വിനയചന്ദ്രനും പത്മയും ഇതൊന്നും വലിയ പ്രശ്നമായി കണ്ടില്ല. അച്ഛനും അമ്മയും മക്കളും ചേർന്ന ലോകം സുന്ദരമായിരുന്നു.

‘‘മാനസികമായി വളരെ ബുദ്ധിമുട്ടിയ നാളുകളായിരുന്നു അത്. ഞങ്ങളുടെ വിഷമം ആരേയും അറിയിച്ചില്ല. കുട്ടികളുടെ കളിയും ചിരിയും കണ്ടപ്പോൾ ഞങ്ങൾക്കും ഉത്സാഹമായി. കുട്ടികളുമായി ധാരാളം യാത്ര ചെയ്തു. പഠനത്തിലും അവർ മിടുക്കരായിരുന്നു.

ഇപ്പോഴിതാ ഈശ്വരാനുഗ്രഹം പോലെ അവർക്കു നല്ല പങ്കാളികളെ കിട്ടി. ഞങ്ങൾക്കു രണ്ട് ആൺമക്കളെയും’’ പത്മയുടെ വാക്കുകളിൽ അഭിമാനവും ആനന്ദവും നിറഞ്ഞു. ‘‘ഞങ്ങളുടെ മക്കൾ മിടുക്കികളല്ലേ. അവരെയിങ്ങനെ എപ്പോഴും ചിരിച്ച മുഖത്തോടെ കാണുന്നതാണു സന്തോഷം.’’ വിനയചന്ദ്രൻ പറയുന്നു. റിട്ടയേഡ് അധ്യാപികയാണ് പത്മ. സിൻഡിക്കേറ്റ് ബാങ്കിൽ സീനിയർ മാനേജരായിരുന്നു വിനയചന്ദ്രൻ.

കല്യാണമേ വേണ്ട...

കല്യാണക്കാര്യം വീട്ടിൽ തലപൊക്കുമ്പോഴൊക്കെ മുറിക്കുള്ളിൽ കയറി വാതിലടയ്ക്കുകയും ഒഴിഞ്ഞു മാറുകയുമൊക്കെ ചെയ്തിരുന്ന ആളാണ് കഥാനായിക ഹൃദ്യ. വയസ്സ് 28. ഗവൺമെന്റ് എൻജിനീയറിങ് കോളജിൽ നിന്നു ബിരുദം നേടിയ ഹൃദ്യ ഇപ്പോൾ പാങ്ങോട് ഡിഫൻസ് അക്കൗണ്ട്സ് ഡിപാർട്മെന്റിൽ ഓഡിറ്ററാണ്.

നായകൻ ശംഭു എസ്. ജയചന്ദ്രൻ. വയസ് 32. യുകെയിലെ വാസാഷ് സ്കൂൾ ഓഫ് മാരിടൈം ആൻഡ് എൻജിനീയറിങ്ങിൽ നിന്ന് നോട്ടിക്കൽ സയൻസിൽ ബിരുദം നേടിയ ശംഭു ഇപ്പോൾ അബുദാബിയിൽ മർച്ചന്റ് നേവി ഉദ്യോഗസ്ഥനാണ്.

മാട്രിമോണിയിലൂടെയാണ് ശംഭുവിന്റെ വിവാഹാലോചന ഹൃദ്യയെത്തേടി വന്നത്. അതേക്കുറിച്ച് അച്ഛൻ പ റഞ്ഞെങ്കിലും പ്രൊഫൈൽ നോക്കണമെന്നോ സംസാരിക്കണമെന്നോ ഹൃദ്യയ്ക്കു തോന്നിയില്ല.

ശംഭു ഹൃദ്യയുടെ അച്ഛനെ വിളിച്ചുകൊണ്ടേയിരുന്നു. നേവിയിലെ ജോലി ഉൾപ്പെടെ പല കാരണങ്ങളും പറഞ്ഞ് അച്ഛൻ ഒഴിയാൻ ശ്രമിച്ചു. ഓഫ് ഷോറിലേക്കു മാറാൻ ശ്രമിക്കാമെന്നായി ശംഭു. ഒടുവിൽ അച്ഛൻ ഫോൺ ഹൃദ്യയ്ക്കു കൈമാറി. ശംഭുവിനോടു സംസാരിച്ചപ്പോൾ ഹൃദ്യ നിലപാടു വ്യക്തമാക്കി.

‘‘ അമ്മ ചോദിക്കുമ്പോഴെല്ലാം അഞ്ചു വർഷം കഴിഞ്ഞു മതി കല്യാണമെന്നു പറഞ്ഞ് ഒഴിഞ്ഞു മാറുകയായിരുന്നു എന്റെ പതിവ്. നമ്മുടെ ജീവിതം എങ്ങനെ മുന്നോട്ടുപോകണമെന്നു തീരുമാനിക്കുന്നതിൽ പങ്കാളിക്കു വലിയ പങ്കുണ്ട്. അതുകൊണ്ടു കുറച്ചുനാൾ കാത്തിരുന്നാലും എനിക്കിണങ്ങുന്ന ഒരാളാകണം ജീവിതത്തിലേക്ക് കടന്നു വരേണ്ടതെന്നു നിർബന്ധമായിരുന്നു.’’ ശംഭു പറയുന്നു.

പെട്ടെന്നുണ്ടാകുന്ന മാറ്റങ്ങളോടു പൊരുത്തപ്പെടാൻ ഹൃദ്യയ്ക്ക് ബുദ്ധിമുട്ടായിരുന്നു. പുതിയൊരാൾ ജീവിതത്തിലേക്കു കടന്നു വരുക, പിന്നീടുള്ള ജീവിതം അയാൾക്കൊപ്പമാവുക, അച്ഛനെയും അമ്മയെയും വിട്ടു പുതിയൊരു വീട്ടിലേക്കു പോവുക തുടങ്ങി പലതരം ആശങ്കകളായിരുന്നു ഹൃദ്യയുടെ മനസ്സിൽ.

hridhya-and-haritha കുടുംബചിത്രം ശംഭു, ഹൃദ്യ, ഹരിത, ബാബു പല്ലിശ്ശേരി, വിനയ ചന്ദ്രൻ പിള്ള, പത്മ, അമേയ.

അതേസമയം എങ്ങനെയും ഹൃദ്യയെ പറഞ്ഞു മനസിലാക്കി കല്യാണത്തിനു സമ്മതിപ്പിക്കുകയായിരുന്നു ശംഭുവിന്റെ ലക്ഷ്യം.

നേരിൽക്കണ്ട് സംസാരിച്ചാല്‍, അടുത്തറിഞ്ഞാൽ തീരുമാനം മാറിയാലോ എന്ന പ്രതീക്ഷയിൽ ശം ഭു ഹൃദ്യയെ നേരിൽ കാണാൻ അനുവാദം ചോദിച്ചു.

‘‘ജീവിതപങ്കാളിയെക്കുറിച്ചു സങ്കൽപങ്ങളൊന്നും വ ച്ചു പുലർത്തിയിട്ടില്ല ഞാൻ. പ്രൊഫൈൽ കണ്ടപ്പോഴേ എ നിക്ക് ഇഷ്ടമായി. തുടക്കത്തിലേ ഹൃദ്യ എന്നെ വേണ്ടെന്നു തീർത്തു പറഞ്ഞു. പക്ഷേ, ഹൃദ്യയ്ക്കൊപ്പം ജീവിക്കണം എന്നെനിക്കു തോന്നി. ഈ ആളോടു വല്ലാത്ത ഇഷ്ടമാണ്, ആദ്യ കൂടിക്കാഴ്ച മുതൽ.’’ ഹൃദ്യയുടെ കൈകൾ ചേർത്തു പിടിച്ചു ശംഭു പറഞ്ഞു.

തീരുമാനങ്ങൾ മാറ്റിയ സന്ദേശം

കല്യാണം വേണ്ടെന്നു പറഞ്ഞിരുന്നപ്പോഴാണു ശംഭുവിന്റെ ഒരു മെസേജ് ഹൃദ്യയുടെ ഇൻസ്റ്റഗ്രാം ഇൻബോക്സി ൽ വരുന്നത്. ‘‘മെസേജ് കണ്ടെങ്കിലും ഞാൻ വായിച്ചില്ല. ഒ രു ദിവസം ശംഭുവിന്റെ പ്രൊഫൈൽ നോക്കാമെന്നു തോന്നി. ഫോട്ടോയ്ക്കൊക്കെ നല്ല രസമുള്ള ക്യാപ്ഷൻസാണ്. ഹൈക്കു കവിത പോലെ തോന്നിക്കുന്ന എഴുത്തുകൾ. മനസ്സിലെ ആശയങ്ങൾ ഒന്നാണെന്നു തിരിച്ചറിഞ്ഞു.

നേരിൽ കണ്ടപ്പോൾ കല്യാണം വേണ്ട എന്ന തീരുമാനത്തിൽ ഉറച്ചു നിന്നുകൊണ്ടാണ് ഞാൻ ശംഭുവിനോടു സംസാരിച്ചത്.

ശംഭു ഒരു നോവൽ എഴുതി പ്രസിദ്ധീകരിച്ചിട്ടുണ്ട്. അത് വാങ്ങി വായിച്ചു. അതിനുശേഷമാണ് ശംഭുവിന് മെസേജ് അയയ്ക്കുന്നത്. സുഹൃത്തുക്കളാകാൻ പറ്റുമോ എന്നു നോക്കാമെന്നു ഞാൻ പറഞ്ഞു. ശംഭുവും ഒാകെ പറഞ്ഞു. പെട്ടെന്നു സൗഹൃദങ്ങൾ ഉണ്ടാക്കാൻ എനിക്ക് കഴിയാറില്ല. ആ പതിവു ശംഭു തെറ്റിച്ചു.’’

‘‘ ഈ സൗഹൃദത്തെക്കുറിച്ചു ഹൃദ്യയുടെ വീട്ടിൽ ആർക്കും അറിയില്ലായിരുന്നു’’ ഹൃദ്യ സംസാരമൊന്നു നിർത്തിയതും ശംഭു പറഞ്ഞു.

‘‘അതേ. എല്ലാവരും എന്നോടു ശംഭുവിന്റെ ആലോചന മുന്നോട്ടു കൊണ്ടുപോയാലോ എന്നു ചോദിക്കുന്നുണ്ട്. എനിക്ക് ശംഭുവിനെ അറിയാൻ സമയം വേണമായിരുന്നു. കുറച്ചുനാളത്തെ സൗഹൃദത്തിനൊടുവിൽ തോന്നി ശംഭുവിനെപ്പോലൊരാൾ ജീവിതത്തിലേക്കു വന്നാൽ നല്ലതായിരിക്കുമെന്ന്. മാത്രമല്ല, എന്നെ കൺവിൻസ് ചെയ്യാൻ ശംഭു വളരെ ആത്മാർഥമായി ശ്രമിക്കുന്നുമുണ്ട്. എങ്കിൽ വീട്ടിൽ പറയാമെന്നു കരുതി.

അത്രയും നാൾ എന്നെ കല്ല്യാണം കഴിപ്പിച്ചാൽ മതിയെന്നു പറഞ്ഞവരുടെയൊക്കെ മുഖം പെട്ടെന്നു വാടി. ആരും അറിയാതെയുള്ള ഈ സൗഹൃദം എല്ലാവര്‍ക്കും ഞെട്ടലായിരുന്നു. അതൊക്കെ പെട്ടെന്നു മാറി.

പിന്നെയെല്ലാം വളരെ വേഗത്തിലായിരുന്നു. നിശ്ചയവും വിവാഹവുമെല്ലാം കണ്ണടച്ചു തുറക്കുന്നതിനിടെ കഴിഞ്ഞു. കുറച്ചു കാത്തിരുന്നതിൽ സന്തോഷമുണ്ട്. അതുകൊണ്ടല്ലേ എനിക്ക് ശംഭുവിനെ കിട്ടിയത്.’’ ഹൃദ്യയുടെ ചിരിയിൽ അൽപം നാണം കലർന്നു.

hridhya-haritha

ഞങ്ങള്‍ നല്ല സുഹൃത്തുക്കൾ

ഭർത്താവ് എന്നതിനേക്കാൾ ഒരു നല്ല സുഹൃത്തിനെ വേണം എന്നായിരുന്നു ഹൃദ്യയുടെ മനസിൽ. അതുതന്നെയായിരുന്നു ശംഭുവിന്റെ താൽപര്യവും. എല്ലാവരോടും പെട്ടെന്നു കൂട്ടാകുന്ന ആളാണ് ശംഭു. ഹൃദ്യ നേരെ മറിച്ചും. യാത്രകളും ഭക്ഷണവും പുസ്തകങ്ങളുമാണ് രണ്ടുപേരെയും ചേർത്തു നിർത്തുന്ന പ്രധാന ഘടകങ്ങൾ.

‘‘ ഒരാളുടെ ഏറ്റവും നല്ല ഗുണം മനസിന്റെ ചന്തമല്ലേ. അതു ഹൃദ്യയ്ക്കു വേണ്ടുവോളമുണ്ട്. പിന്നെ ആള് വളരെ പോസിറ്റീവ് ആണ്. സ്വതന്ത്രയായി നിൽക്കാൻ ഇഷ്ടപ്പെടുന്ന വ്യക്തിയാണ്. ഹൃദ്യയുടെ കാര്യങ്ങളെല്ലാം അയാൾ സ്വയം ചെയ്യാറുണ്ട്. ചില സമയങ്ങളിൽ ചെറിയ സപ്പോർട്ട് വേണ്ടിവരുമെന്നു മാത്രം.’’ ശംഭുവിന്റെ വാക്കുകളിൽ ഹൃദ്യയോടു ബഹുമാനം നിറയുന്നു.

മരുമകൾക്കായി വീടൊരുക്കിയ അമ്മ

ഹൃദ്യയുടെ കാര്യം വീട്ടിൽ പറഞ്ഞപ്പോൾ ശംഭുവിനോട് അമ്മ സിന്ധുദേവി ആദ്യം പറഞ്ഞത്, ‘ ആ മോൾക്ക് ഇവിടെ താമസിക്കാൻ എന്തൊക്കെ മാറ്റം വരുത്തണോ അതൊക്കെ പെട്ടെന്നു ചെയ്യണം.’ എന്നാണ്.

‘‘അതുപ്രകാരം വീട്ടിലേക്കു കയറാൻ റാംപ് തയാറാക്കി. ഹൃദ്യയ്ക്ക് ഉപയോഗിക്കാൻ പാകത്തിന് ഉയരം കുറഞ്ഞ വാഷ്ബേസിൻ ഫിറ്റ് ചെയ്തു. എല്ലാം അമ്മയുടെ മേൽനോട്ടത്തിൽ ഭംഗിയായി നടന്നു. ’’ ശംഭു പറഞ്ഞു.

മാനസികമായി എല്ലാ പിന്തുണയും നൽകി അമ്മയും അനിയത്തി ലക്ഷ്മിയും അളിയൻ വിജയശങ്കറുമൊക്കെ ശംഭുവിനും ഹൃദ്യയ്ക്കുമൊപ്പം നിന്നു. ചെറിയമ്മയെ കിട്ടിയ സന്തോഷത്തിലാണു ലക്ഷ്മിയുടെ മക്കൾ വിശ്വനാഥും വസുദേവും.

‘നാലു പേജിൽ കവിയാത്ത പ്രണയ മെയിൽ’

പതിനെട്ടുവർഷം പഴക്കമുള്ള ഒരു പ്രണയകഥകൂടി പറയാം. ഒരു മിസ്ഡ് കോൾ വഴിയാണു ഹരിതയും ബാബു പല്ലിശ്ശേരിയും പരിചയപ്പെടുന്നത്. തൃശൂരാണു ബാബുവിന്റെ സ്വദേശം.

ഫോണിൽ സംസാരിച്ചു സുഹൃത്തുക്കളായതോടെ ഓർക്കൂട്ടിലും കൂട്ടായി. ഹരിതയുടെ ഫോട്ടോപോലും ബാബു കണ്ടിട്ടില്ല. ബാബു അന്ന് ചാനലിൽ ക്യാമറമാനായി ജോലി ചെയ്യുകയാണ്. ജോലി സംബന്ധമായ ആവശ്യമായി തിരുവനന്തപുരത്തെത്തിയപ്പോൾ അതുവരേയും കണ്ടിട്ടില്ലാത്ത ചങ്ങാതിയെ കാണണമെന്നു തോന്നി. നേരെ ഹരിതയുടെ വീട്ടിലേക്കു ചെന്നു.

അച്ഛനും അമ്മയും ബാബുവിനെ സ്വീകരിച്ചിരുത്തി. അതിനുശേഷം ഹരിതയെ വിളിച്ചു. എപ്പോഴും കലപിലാ വിശേഷങ്ങൾ പറഞ്ഞിരുന്ന കൂട്ടുകാരിയെ ബാ ബു മനസ്സിൽ കണ്ടത് അങ്ങനെയായിരുന്നില്ല. ഹരിതയെ കണ്ടപാടെ ബാബു മനസ്സിലുറപ്പിച്ചു, ഇവളെന്റെ പെണ്ണാണ്! ഇഷ്ടം നേരിൽ പറയാതെ ബാബു യാത്ര പറഞ്ഞിറങ്ങി.

പ്രത്യേകിച്ചെന്തെങ്കിലുമൊന്നു തനിക്കും തോന്നിയില്ലെന്നു ഹരിത പറയുന്നു. തൃശൂര് വീട്ടിലെത്തിയ ബാ ബു ചില കുറുക്കു വഴികളിലൂടെ തന്റെ ഇഷ്ടം അവതരിപ്പിച്ചെങ്കിലും ഹരിതയ്ക്കു കാര്യം പിടികിട്ടിയില്ല. ഒടുവിൽ നാലു പേജിൽ കവിയാത്ത ഒരു ഇ മെയിൽ സന്ദേശം ബാബു ഹരിതയ്ക്കയച്ചു.

അദ്ദേഹത്തിന്റെ ഇഷ്ടവും കുടുംബപശ്ചാത്തലവും സൗഹൃദങ്ങളും സ്വപ്നങ്ങളുമെല്ലാം മെയിലിൽ വിഷയമായി. മെയിൽ കൈപ്പറ്റിയ ഉടൻ തന്നെ ഹരിത അതിന്റെ ഒരു പ്രിന്റെടുത്ത് അമ്മയ്ക്ക് കൊടുത്തു. ആ കത്ത് വീട്ടിലുള്ള എല്ലാവരും വായിച്ചു. ഹരിതയുടെ വീട്ടിൽ ആർക്കും എതിർപ്പുണ്ടായില്ല. ബാബു അദ്ദേഹത്തിന്റെ വീട്ടിൽ ഇഷ്ടമറിയിച്ചപ്പോൾ അമ്മയുടെ മറുപടി ഇങ്ങനെ ‘ ആ മോളെ നന്നായി നോക്കാമെന്ന് ഉറപ്പുണ്ടെങ്കിൽ കല്യാണം നടത്താം. ഒരു തരത്തിലും ആ കുട്ടിക്കു വിഷമം ഉണ്ടാകരുത്.’ തൃശൂരിൽ നിന്നു ബാബുവിന്റെ ബന്ധുക്കളെത്തി കല്യാണം ഉറപ്പിച്ചു. ഹരിതയുടെ ഡിഗ്രി പഠനകാലത്തായിരുന്നു വിവാഹം.

ഇപ്പോൾ പ്ലസ് ടു വിദ്യാർഥിയായ അമേയയ്ക്കൊപ്പം തിരുവനന്തപുരം പാങ്ങപ്പാറയിലെ വീട്ടിൽ സന്തോഷമായി കഴിയുന്നു ബാബുവും ഹരിതയും. ഗാർലൻഡ് വെഡിങ്സ് എന്ന സ്ഥാപനത്തിന്റെ സിഇഒ ആണു ബാ ബു പല്ലിശ്ശേരി.

haritha-babu