നീതി ഉറപ്പാക്കുമെന്ന് ആരോഗ്യമന്ത്രി പറഞ്ഞാല്‍പ്പോര, പ്രവൃത്തിയില്‍ കാണിക്കണമെന്ന് വയറ്റില്‍ കത്രിക കുടുങ്ങിയതില്‍ നീതി തേടി സമരത്തിലുള്ള ഹര്‍ഷിന. പൊലീസ് റിപ്പോര്‍ട്ട് മെഡിക്കല്‍ ബോര്‍ഡ് തള്ളിയതില്‍ ഗൂഢാലോചനയാരോപിച്ച് ഹര്‍ഷിന ഇന്ന് സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കും.
കോഴിക്കോട് മെഡിക്കല്‍ കോളജിലെ ശസ്ത്രക്രിയയിലാണ് കത്രിക കുടുങ്ങിയതെന്നാണ് പൊലീസ് കണ്ടെത്തല്‍. എംആര്‍ഐ സ്കാനിങ് റിപ്പോര്‍ട്ട് മാത്രം അടിസ്ഥാനമാക്കി ഈ നിഗമനത്തിലെത്താനാകില്ലെന്ന് വാദിച്ചാണ് മെഡിക്കല്‍ ബോര്‍ഡ് പൊലീസ് കണ്ടെത്തല്‍ തള്ളിയത്.
മെഡിക്കല്‍ ബോര്‍ഡിലേക്ക് ആദ്യം നിശ്ചയിച്ചിരുന്ന റേഡിയോളജിസ്റ്റിനെ മാറ്റി മറ്റൊരാളെ ഉള്‍പ്പെടുത്തിയതില്‍ ദുരൂഹതയുണ്ടെന്ന് ആരോപിക്കുന്ന ഹര്‍ഷിന അന്വേഷണമാവശ്യപ്പെട്ട് കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കും. സംസ്ഥാന മെഡിക്കല്‍ ബോര്‍ഡിനും അപ്പീല്‍ നല്‍കും. നീതി തേടി ഹര്‍ഷിന മെഡിക്കല്‍ കോളജിനു മുന്നില്‍ നടത്തുന്ന സമരം ഇന്ന് 82–ാം ദിവസത്തിലാണ്.