Tuesday 07 May 2024 10:45 AM IST : By സ്വന്തം ലേഖകൻ

ദിവസേന 10,000 കലോറി അടങ്ങിയ ഭക്ഷണം, ഭാരം 317 കിലോഗ്രാം; ബ്രിട്ടനിലെ ഏറ്റവും ഭാരം കൂടിയ വ്യക്തി മരിച്ചു

weighhh5566

ബ്രിട്ടനിലെ ഏറ്റവും ഭാരം കൂടിയ വ്യക്തിയെന്ന് അറിയപ്പെടുന്ന ജേസണ്‍ ഹോള്‍ട്ടണ്‍ മരിച്ചു. 34ാം പിറന്നാളിന് ഒരാഴ്ച മാത്രം ബാക്കി നില്‍ക്കെയായിരുന്നു അന്ത്യം. ഏകദേശം 317 കിലോഗ്രാമായിരുന്നു ജേസണിന്റെ ഭാരം.

അവയവങ്ങളുടെ പ്രവര്‍ത്തനം നിലച്ചതോടെയാണ് ജേസണ്‍ മരണത്തിന് കീഴടങ്ങിയത്. യുവാവിന്റെ വൃക്കകളായിരുന്നു ആദ്യം തകരാറിലായത്, ഒരാഴ്ച്ചക്കുള്ളില്‍  മകന്‍ മരിക്കുമെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞിരുന്നതായി ജേസണിന്‍റെ അമ്മ അറിയിച്ചു. എന്നാല്‍ മകന്‍ ജീവിതത്തിലേക്ക് മടങ്ങി വരുമെന്നാണ് താന്‍ കരുതിയതെന്നും നിര്‍ഭാഗ്യവശാല്‍ അത് നടന്നില്ലെന്നും അമ്മ കൂട്ടിച്ചേര്‍ത്തു.

കുട്ടിക്കാലത്ത് തന്റെ പിതാവിന്റെ മരണത്തോടെയാണ് ജേസണ്‍ അമിതമായി ഭക്ഷണം കഴിക്കാന്‍ തുടങ്ങിയത്. ദിവസേന 10,000 കലോറി അടങ്ങിയ ഭക്ഷണം കഴിക്കാന്‍ തുടങ്ങിയതോടെ അമിതമായി വണ്ണം വെയ്ക്കാന്‍ തുടങ്ങി.

പ്രത്യേകം പണിത ബംഗ്ലാവിലായിരുന്നു ജേസണിന്‍റെ താമസം. കുറച്ച് കാലമായി അദ്ദേഹം കിടപ്പിലായിരുന്നു, അനങ്ങാന്‍ സാധിച്ചിരുന്നില്ലെന്നും ശ്വാസം തടസം ഉണ്ടായിരുന്നെന്നും പറയുന്നു.

2020 ല്‍ ജേസണ്‍ തളര്‍ന്ന് വീണപ്പോള്‍ ക്രെയിന്‍ ഉപയോഗിച്ചാണ് അദ്ദേഹത്തെ ഫ്ലാറ്റിന്‍റെ 3ാം നിലയില്‍ നിന്നും പുറത്തെത്തിച്ചത്. 30 പേരടങ്ങിയ അഗ്നിരക്ഷാ സേനാംഗങ്ങളുടെയും സഹായം വേണ്ടി വന്നു. തന്‍റെ ജീവിതത്തില്‍ പിന്നീട്  നിരാശയായിരുന്നെന്ന് ജേസണ്‍ ചില അഭിമുഖങ്ങളില്‍ പറഞ്ഞിട്ടുണ്ട്.

Tags:
  • Spotlight