Wednesday 20 March 2024 03:06 PM IST

റിസ്യൂമെ ഇടയ്ക്കിടെ പരിഷ്കരിക്കുക, സോഫ്റ്റ് സ്കിൽസ് വികസിപ്പിക്കുക: എഐ കാലവും കരിയറും: 10 ടിപ്സ്

Vijeesh Gopinath

Senior Sub Editor

career-ai-2

മാറുന്ന കാലത്തു ജോലി തേടുന്നവർക്കും ജോലി ചെയ്യുന്നവർക്കും മേക്ക് ഒാവർ വേണം

എെഎ ഉഷാറായി ജോലിചെയ്യുന്ന പുതിയ കാ ലം. കരിയർ പഴയ കരിയറല്ല. സ്മാർട്ടായി ജോ ലി നേടാൻ ചില മേക്ക് ഒാവർ വഴികൾ.

∙ നമ്മൾ പഠിച്ചാൽ നമുക്കു കൊള്ളാം: കരിയർ പുരോഗതി ഉറപ്പിക്കാൻ ആരും നിർബന്ധിക്കാതെ സ്വയം അറിഞ്ഞു പഠിക്കണം. ഓൺലൈൻ കോഴ്സുകൾ, വെബിനാറുകൾ, പ്രഫഷനൽ വർക്ക്ഷോപ്പുകൾ എന്നിവ മിസ്സ്‌ ആക്കരുത്‌. പുതിയ ട്രെൻഡുകൾ, ടെക്നോളജികൾ, മാനേജ്മെന്റ് തന്ത്രങ്ങൾ എന്നിവയിൽ അപ്ഡേറ്റഡ് ആകുക. പഠനം കരിയർ ഗ്രാഫിൽ വേഗത കൂട്ടും.

∙നെറ്റ്‌വർക്കിങ് വർധിപ്പിക്കുക: പ്രഫഷനൽ നെറ്റ്‌വർക്കുകളിൽ സജീവമായി പങ്കാളിയാകുക. ടോക്സിക്കായ സോഷ്യൽ മീഡിയയിൽ തമ്മിൽ തല്ലി സമയം കളയാതെ പ്രഫഷനൽ സംഘടനകൾ, സെമിനാറുകൾ, കോൺഫറൻസുകൾ എന്നിവയിൽ പങ്കെടുക്കുക. ആ സൗഹൃദവലയം വലുതാക്കുക.

∙ ഭാഷ = ബാഷ: പുതിയ ഭാഷകൾ പഠിക്കുന്നതു വ്യക്തിഗതവും പ്രഫഷനലും ആയി അവസരങ്ങൾ വർധിപ്പിക്കും.വിദേശ ഭാഷകൾ പഠിക്കുന്നതു ഗ്ലോബൽ ജോലി സാധ്യത കൂട്ടും. ഭാഷാനൈപുണ്യം എഐ പ്രോംപ്റ്റുകൾക്കും വേണം. ഭാഷ പഠനം വിശാലമായ കാഴ്ചപ്പാടുകളെയും മസ്തിഷ്ക ക്ഷമതയെയും വർധിപ്പിക്കുന്നു.

∙ സോഫ്റ്റ് സ്കിൽസ് വികസിപ്പിക്കുക: ടൈം മാനേജ്‌മെന്റ്‌, സഹകരണം, കമ്യൂണിക്കേഷൻ പോലുള്ള സോഫ്റ്റ് സ്കിൽസ് കരിയർ വളർച്ചയ്ക്ക് ആവശ്യമാണ്. ടീം വർക്ക്, നേതൃത്വ പാടവം എന്നിവ ജോലിയിൽ ഉയർച്ചയ്ക്കു സഹായകമാണ്. സോഫ്റ്റ് സ്കിൽസ് ഉയർന്ന തൊഴിൽ സംതൃപ്തിയും ടീമിന്റെ കാര്യക്ഷമതയും ഉറപ്പാക്കുന്നു.

∙മെന്റോറിങ് നേടുക: ഒരു നല്ല ഉപദേശി / വഴികാട്ടിയായ മെന്റോറിന്റെ നിർദേശങ്ങൾ കരിയർ വളർച്ചയ്ക്കു നിര്‍ണായകമാണ്. മെന്റോറിങ് വഴി ജോലിയിലെ പ്രശ്നങ്ങൾക്കുപരിഹാരം കണ്ടെത്താം. പരാജയങ്ങളും ബുദ്ധിമുട്ടുകളും കൈകാര്യം ചെയ്യാൻ മെന്റോർ വലിയ സഹായമാകും. പരിചയസമ്പന്നമായ മെന്റോറുമായി ബന്ധം വളർത്തുന്നത് നെറ്റ്‌വർക്കിങ് അവസരങ്ങളും നൽകും.

∙ പോളിടെക്നിക്കും യന്ത്രങ്ങളുടെ പ്രവർത്തനവും: നിങ്ങളുടെ മേഖലയിലെ പ്രാമാണിക സർട്ടിഫിക്കേഷനുകൾ - അതേത്‌ പോളിടെക്നിക്കിൽ നിന്നായാലും - നേടുന്നതുകരിയർ വളർച്ചയ്ക്ക് അത്യാവശ്യമാണ്‌.

പ്രാവീണ്യം തെളിയിക്കുന്ന ഈ സർട്ടിഫിക്കേഷനുകൾ ജോലി മാർക്കറ്റിൽ നിങ്ങളെ മത്സരക്ഷമത കൂട്ടും. തുടർപഠനം, വർക്‌ഷോപ്, പരീക്ഷകൾ എന്നിവ വഴി സർട്ടിഫിക്കേഷനുകൾ നേടാം. നിലവിലെ ജോലിയിൽ പ്രാവീണ്യം കൂട്ടാനും പുതിയ അവസരങ്ങൾ തുറക്കാനും സഹായിക്കും.

∙ ഞാൻ ഇങ്ങനാണ്‌ ഭായ്‌: വ്യക്തിപരമായ ബ്രാൻഡ് ഐഡന്റിറ്റി നിർമിക്കുക, സോഷ്യൽ മീഡിയ, ബ്ലോഗുകൾ, പബ്ലിക് സ്പീക്കിങ് എന്നിവ വഴി സ്വന്തം മൂല്യം, കഴിവുകൾ, വിശേഷതകൾ വ്യക്തമായി പ്രതിഫലിപ്പിക്കുന്ന ബ്രാൻഡ് സ്ഥാപിക്കുക. നിങ്ങളെക്കാൾ കഴിവ്‌ കുറഞ്ഞവരും അസൂയാലുക്കളും ഓഫിസിലും ബോസിനോടും നിങ്ങളെപ്പറ്റി ഗോസിപ് പരത്തുമ്പോൾ ഇതു തുണയാകും.

∙ കവാത്ത്‌ മറക്കാതെ സായിപ്പിനെ ഡീൽ ചെയ്യാം: വിദേശ അവസരങ്ങൾ നഷ്ടപ്പെടുത്തരുത്‌, എന്നാൽ പ്രഫഷനലായി വേണം അവ നേടിയെടുക്കാൻ. അതായത്‌ മീനവിയൽ വച്ച്‌ ദാസനെ സോപ്പിട്ട്‌ അമേരിക്കയ്ക്കു പോകണ്ട. വിദേശ ഭാഷകൾ, രാജ്യാന്തര ബിസിനസ് നയങ്ങൾ, ക്രോസ് - കൾചറൽ മാനേജ്മെന്റ് എന്നിവയിൽ അറിവ് നേടുക. രാജ്യാന്തര മാർക്കറ്റുകളിലും കരാറുകളിലും പരിചയം നേടുക.

∙ വർക്ക് - ലൈഫ് ബാലൻസ്: ജോലിയും വ്യക്തിഗത ജീവിതവും തുല്യമായി പരിഗണിക്കുന്നതു ദീർഘകാല കരിയർ വളർച്ചയ്ക്ക് അനിവാര്യമാണ്. തൊഴിൽ സമയം, വിശ്രമ സമയം, ഹോബികൾ, സാമൂഹിക ബന്ധങ്ങൾ എന്നിവ സമതുല്യതയോടെ നിർവഹിക്കുക. നമ്മളിലെ വ്യക്തിയെ ആത്യന്തികമായി ഡിഫൈൻ ചെയ്യുന്നതു ജോലി മാത്രമാകരുത്‌. പല കാലത്തു പല തൊഴിൽ, ചിലപ്പോൾ ഒരേ സമയം പല തൊഴിൽ മേഖലകൾ എന്ന പുത്തൻ യാഥാർഥ്യവും ഉൾക്കൊള്ളണം. മനസ്സമാധാനം മുഖ്യം ബിഗിലേ.

∙ ഡിജിറ്റൽ നൈപുണ്യം കൂടിയേ പറ്റൂ: നിരന്തരം വളരുന്ന ഡിജിറ്റൽ ലോകത്ത് അടിപതറാതെ പുതിയ ട്രെന്‍ഡുകൾ അറിയുക. സോഷ്യൽ മീഡിയ, ഡിജിറ്റൽ മാർക്കറ്റിങ്, ഡാറ്റാ അനാലിസിസ്, കോഡിങ് പോലുള്ള മേഖലകളിൽ അറിവ് നേടുക. ഡിജിറ്റൽ യൂട്ടിലിറ്റി ടൂൾസ് വഴി കഴിവുവർധിപ്പിച്ചു കൂടുതൽ വിശ്രമസമയം ഉണ്ടാക്കിയെടുക്കുക.

∙ഞാനാരാണെന്ന് എനിക്കറിയില്ലെങ്കിൽ: റിസ്യൂമെ ഇടയ്ക്കിടെ പരിഷ്കരിക്കുക. പുതിയ യോഗ്യതകൾ, പരിശീലനങ്ങൾ, പ്രാവീണ്യങ്ങൾ എന്നിവ ചേർക്കുക. ജോലി ല ക്ഷ്യങ്ങൾ, നേട്ടങ്ങൾ, പ്രത്യേക പദ്ധതികൾ എന്നിവ ഹൈലൈറ്റ് ചെയ്യുക. റിസ്യൂമെ ലളിതവും വ്യക്തവുമാകണം, ഇതു തയാറാക്കുമ്പോൾ നമ്മോടു തന്നെ നാം അറിയാതെ പറയും, നാം ആരാണെന്നും എന്താണെന്നും.

∙ മടിക്കാതെ പരിശീലനം നേടുക: നിലവിലെ മേഖലയിൽ പരിശീലനം നേടുക, ഇതു കരിയർ വളർച്ചയ്ക്കും നിലനിൽപ്പിനും പ്രധാനമാണ്. തൊഴിലുമായി ബന്ധപ്പെട്ട വർക്ക്ഷോപ്പുകൾ, സെമിനാറുകൾ എന്നിവയിൽ പങ്കെടുക്കുക. മെച്ചപ്പെട്ട ജോലിയിലേക്കു മാറാൻ സഹായകമാകും.

∙ ടൈം മാനജ്മെന്റ് മെച്ചപ്പെടുത്തുക: കാര്യക്ഷമമായ സമയ മാനജ്മെന്റ് കൗശലങ്ങൾ വഴി പരിമിതമായ സമയത്തെ മികച്ചതായി ഉപയോഗിക്കുക.

മുൻഗണനകൾ നിശ്ചയിക്കുക, ടാസ്കുകൾ പ്രാധാന്യ ക്രമത്തിൽ നിർവഹിക്കുക, വികലമായ മൾട്ടിടാസ്കിങ് ഒ ഴിവാക്കുക. പ്രധാന ജോലികളിൽ ഫോക്കസ് ചെയ്ത്, ശ്രദ്ധ തെറ്റിക്കുന്ന അനാവശ്യ കാര്യങ്ങൾ കുറയ്ക്കുക.

∙ സാങ്കേതികത വളർച്ചയും എഐ ഉപയോഗവും: സാങ്കേതിക മാറ്റങ്ങളോടുകൂടി ജോലിയുടെ ഉള്ളടക്കം എങ്ങനെ പരിണമിക്കുന്നുവെന്നു ശ്രദ്ധിക്കുക, അതനുസരിച്ചു ക ഴിവുകളും അറിവും അപ്‌ഡേറ്റ് ചെയ്യുക.

ടെക്നോളജി വളർച്ചയും തൊഴിൽ രീതികളും മാറുന്ന വേഗം സങ്കൽപ്പിക്കുന്നതിലും വലുതാണെന്ന് ഓർക്കുക. ഇക്കാര്യത്തിൽ നമുക്കു ഭയം വേണ്ട, ജാഗ്രതയും അറിവും മതി.

career-ai

ദീർഘകാല ലക്ഷ്യങ്ങൾ

ദീർഘകാല കരിയർ ലക്ഷ്യങ്ങൾ നിർണയിക്കുക, ഇതു പ്രയത്നങ്ങൾക്കു ദിശാബോധം നൽകും. ല ക്ഷ്യങ്ങൾ വ്യക്തവും സാധ്യതയുള്ളതുമാകണം, അവ നേടാൻ ആക്‌ഷൻ പ്ലാൻ ഉണ്ടാക്കണം. അവനവന്റെ കഴിവുകളെപ്പോലെ പരിമിതികളും അറിയണം. ചുമ്മാ ആഗ്രഹിച്ചിട്ടു കാര്യമില്ല, അവ നേടാൻ പദ്ധതികളും ഉണ്ടാക്കണം. കുട്ടിക്കാലത്ത്‌, യൗവനത്തിൽ, മധ്യവയസ്സിൽ, വാർധക്യത്തിൽ - ഏതു സമയത്തും പുതിയ കരിയർ ചിന്തകൾ വരാം.

വിവരങ്ങൾക്ക് കടപ്പാട്:

എന്‍. പ്രശാന്ത് െഎഎഎസ്

നൂതനാശയങ്ങളിലൂടെ

ശ്രദ്ധേയനായ െഎഎഎസ് ഉദ്യോഗസ്ഥൻ. എഴുത്തുകാരനും തിരക്കഥാകൃത്തും. ഇപ്പോൾ പട്ടികജാതി– പട്ടികവർഗ,

പിന്നാക്ക വികസന വകുപ്പുകളുടെ സ്പെഷൽ സെക്രട്ടറി