ഇടുക്കി- പീരുമേട് ദേശീയപാതയിൽ മത്തായി കൊക്കയ്ക്കു സമീപം മലമുകളിൽ നിന്നു കൂറ്റൻ പാറക്കല്ല് റോഡിലേക്ക് പതിച്ചു പൊട്ടിച്ചിതറി. ഈ സമയം റോഡിൽ കൂടി വാഹനങ്ങൾ കടന്നുവരാതിരുന്നതിനാൽ വൻ അപകടം ഒഴിവായി. ഇന്നലെ രാവിലെ 8 മണിക്കാണ് 100 അടി ഉയരത്തിൽ നിന്നു പാറക്കല്ല് റോഡിലേക്ക് വീഴുകയും പൊട്ടിച്ചിതറുകയും ചെയ്തത്. പാറക്കല്ല് നിലം പൊത്തുന്നതിനു തൊട്ടു മുൻപു വരെ വാഹനങ്ങൾ കടന്നു പോകുന്നത് സിസിടിവി ദൃശ്യങ്ങളിൽ കാണാം. അഗ്നിരക്ഷാ സേന എത്തിയാണ് റോഡിൽ കിടന്ന പാറക്കഷണങ്ങൾ നീക്കം ചെയ്തത്.
കഴിഞ്ഞ ദിവസം വൈകിട്ട് പ്രദേശത്ത് മണിക്കൂറുകൾ നീണ്ടുനിന്ന കനത്ത മഴ പെയ്തിരുന്നു. ഇതിനു പിന്നാലെ, ഇളകിനിന്ന പാറക്കല്ല് റോഡിലേക്ക് വീഴുകയായിരുന്നു എന്നാണ് നിഗമനം. ദേശീയപാതയിലെ കല്ലാർ കവല മുതൽ പെരുവന്താനം വരെയുള്ള ഭാഗങ്ങളിൽ മലമുകളിലെ പാറക്കല്ലുകളിൽ ഭൂരിപക്ഷവും മണ്ണുമായി ബന്ധം വേർപെട്ടു നിൽക്കുകയാണെന്ന് ഇതു സംബന്ധിച്ചു പഠനം നടത്തിയ ഭൗമശാസ്ത്രജ്ഞർ നേരത്തേ മുന്നറിയിപ്പു നൽകിയിരുന്നു.
ഏതാനും മാസങ്ങൾക്കു മുൻപ് വളഞ്ഞങ്ങാനം വെള്ളച്ചാട്ടത്തിനു സമീപം പാർക്ക് ചെയ്തിരുന്ന കാറിനു മുകളിലേക്ക് പാറക്കല്ലും മണ്ണും ഇടിഞ്ഞു വീണ് വീട്ടമ്മ മരിച്ചിരുന്നു. അവിടെ അപകടം നടന്നതും കനത്ത മഴയ്ക്കിടെയാണ്.