Monday 09 December 2024 11:26 AM IST : By സ്വന്തം ലേഖകൻ

‘രണ്ടര വര്‍ഷത്തെ പ്രണയത്തിനൊടുവില്‍ വിവാഹം; ഇന്ദുജ സ്വന്തം വീട്ടിൽ പോകുന്നത് പോലും അഭിജിത്തിന്റെ അമ്മ വിലക്കി’; മരണത്തില്‍ ഭര്‍തൃവീട്ടുകാര്‍ക്കും പങ്കെന്ന് പിതാവ്

induja-family-against-abhij

തിരുവനന്തപുരം പാലോട് ഭർതൃവീട്ടിൽ നവവധു ആത്മഹത്യ ചെയ്തതിൽ ഭർത്താവിന്റെ വീട്ടുകാരുടെ പങ്കും അന്വേഷിക്കണമെന്ന് മരിച്ച  ഇന്ദുജയുടെ കുടുംബം. ഇന്ദുജ സ്വന്തം വീട്ടിൽ പോകുന്നത് പോലും അഭിജിത്തിന്റെ അമ്മ വിലക്കിയിരുന്നുവെന്ന് പിതാവ് ശശിധരൻ കാണി പറഞ്ഞു. കേസില്‍ അറസ്റ്റിലായ അജാസിനെ അറിയില്ലെന്ന് ഇന്ദുജയുടെ സഹോദരന്‍ ഷിനു പറഞ്ഞു. കേസില്‍ നിലവില്‍ അറസ്റ്റിലായത് ഭര്‍ത്താവ് അഭിജിത്തും അഭിജിത്തിന്‍റെ സുഹൃത്ത് അജാസുമാണ്.

കേസില്‍ അറസ്റ്റിലായ അജാസിനെ അറിയില്ല

രണ്ടര വര്‍ഷത്തെ പ്രണയത്തിനൊടുവില്‍ മൂന്ന് മാസം മുന്‍പായിരുന്നു ഇന്ദുജയുടെയും അഭിജിത്തിന്റെയും വിവാഹം. പാലോട് ഭർതൃഗൃഹത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ ഇന്ദുജയുടെ ദേഹത്ത് മർദ്ദനമേറ്റതിന്റെ പാടുകൾ കണ്ടെത്തിയിരുന്നു. ഭർത്താവ് ഇളവട്ടം എൽപി സ്കൂളിന് സമീപം ശാലു ഭവനിൽ നന്ദു എന്ന അഭിജിത്ത് ദേവൻ (25), സുഹൃത്ത് പെരിങ്ങമ്മല പഞ്ചായത്ത് ജംക്‌ഷന് സമീപം എ.ടി. കോട്ടേജിൽ‍ ടി.എ. അജാസ്(26) എന്നിവരാണ് അറസ്റ്റിലായത്. ഇവരെ റിമാൻഡ് ചെയ്തു.

അഭിജിത്തിന്റെയും അജാസിന്റെയും പേരിൽ ഭർതൃപീഡനം, ശാരീരിക പീഡനം, ആയുധം ഉപയോഗിച്ചുള്ള മർദനം, തെറ്റിധാരണ ജനിപ്പിക്കൽ, ഗൂഢാലോചന, മാനസിക പീഡനം എന്നീ വകുപ്പുകളാണ് ചുമത്തിയത്. അജാസിന്റെ പേരിൽ എസ്‌സി, എസ്ടി പീഡനം കൂടി ചേർത്തിട്ടുണ്ട്.

(ജീവിതത്തിലെ വിഷമസന്ധികള്‍ക്ക് ആത്മഹത്യയല്ല പരിഹാരം. സമ്മര്‍ദ്ദങ്ങള്‍ അതിജീവിക്കാന്‍ സാധിച്ചേക്കില്ലെന്ന ആശങ്കയുണ്ടാകുമ്പോള്‍ മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. 1056 എന്ന നമ്പറില്‍ വിളിക്കൂ, ആശങ്കകള്‍ പങ്കുവയ്ക്കൂ)

Tags:
  • Spotlight