Tuesday 05 March 2024 09:48 AM IST : By സ്വന്തം ലേഖകൻ

‘മൃതദേഹം കൊണ്ടുപോയത് എന്റെയും മകന്റെയും പൂര്‍ണ്ണ സമ്മതത്തോടെ, അനാദരിച്ചതായി പരാതിയില്ല’; ഇന്ദിരയുടെ ഭര്‍ത്താവ്‌ രാമകൃഷ്ണൻ

indira-1

നേര്യമംഗലം കാഞ്ഞിരവേലിൽ കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട ഇന്ദിര രാമകൃഷ്‌ണന്റെ മൃതദേഹവുമായി കോതമംഗലം ടൗണിൽ നടത്തിയ പ്രതിഷേധം പൂർണ അനുമതിയോടെയെന്ന് ഇന്ദിരയുടെ കുടുംബം. താനും തന്റെ മകനും അനുമതി നൽകിയിരുന്നെന്ന് ഇന്ദിരയുടെ ഭർത്താവ് രാമകൃഷ്ണൻ പറഞ്ഞു. പൊലീസ് കേസിന്റെ പശ്ചാത്തലത്തിലാണ് പ്രതികരണം. മൃതദേഹവുമായി പ്രതിഷേധിച്ചത് ഭർത്താവിന്റെയും മകന്റെയും പൂർണ അനുമതിയോടെയെന്നും പൂർണ ഉത്തരവാദിത്വം തനിക്കെന്നും മാത്യു കുഴൽനാടൻ എംഎൽഎയും പ്രതികരിച്ചു. കോതമംഗലത്തെ പ്രതിഷേധത്തിന്റെ പശ്ചാത്തലത്തിൽ മാത്യു കുഴൽനാടൻ എംഎൽഎയേയും ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസിനേയും പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. 

‘‘കോൺഗ്രസ് പ്രവർത്തകർ മൃതദേഹത്തെ അനാദരിച്ചതായി പരാതിയില്ല. എന്റെയും മകന്റെയും സമ്മതത്തോടെയാണ് മൃതദേഹം കൊണ്ടുപോയത്. അവരുടെ പ്രതിഷേധം കൊണ്ടാണ് സർക്കാർ ഇടപെട്ടത്.’’–രാമകൃഷ്ണൻ പറഞ്ഞു.

ഇതേസമയം മൃതദേഹവുമായുള്ള പ്രതിഷേധത്തിൽ എതിർപ്പുമായി ഇന്ദിരയുടെ സഹോദരൻ സുരേഷ് രംഗത്തെത്തി. മൃതദേഹം പ്രതിഷേധത്തിന് കൊണ്ടുപോയത് കുടുംബത്തിന്റെ അനുമതിയോടെയല്ലെന്ന് സുരേഷ് കുറ്റപ്പെടുത്തി. 

‘‘വിഷയം രാഷ്ട്രീയവത്‌കരിക്കുന്നതിനോട് യോജിപ്പില്ല. മൃതദേഹം പ്രതിഷേധത്തിനായി കൊണ്ടുപോയത് കുടുംബത്തിന്റെ അനുമതിയോടെയല്ല. കലക്ടറോട് മൃതദേഹം വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ടതിനെ തുടർന്നായിരുന്നു പൊലീസ് നടപടി’’–സുരേഷ് പറഞ്ഞു. തിങ്കളാഴ്ചത്തെ പൊലീസ് നടപടിക്കിടെ പൊലീസ് ഉദ്യോഗസ്ഥർ വലിച്ചിഴച്ചതിനെ തുടർന്ന് സുരേഷിന് പരുക്കേറ്റിരുന്നു. 

ഇന്ദിര രാമകൃഷ്ണന്റെ(72) മൃതദേഹവുമായി കോതമംഗലം ടൗണിൽ നടത്തിയ പ്രതിഷേധത്തിനിടെയായിരുന്നു നാടകീയ രംഗങ്ങൾ. മൃതദേഹം വിട്ടു തരില്ലെന്ന് പറഞ്ഞ് ഇന്ദിരയുടെ സഹോദരൻ ഉൾപ്പെടെയുള്ള ബന്ധുക്കൾ മൃതദേഹത്തിനു മേൽ കിടന്ന് പ്രതിഷേധിച്ചെങ്കിലും പൊലീസ് അവരെയെല്ലാം ബലമായി തട്ടിമാറ്റി മൃതദേഹം കിടത്തിയ ഫ്രീസർ റോഡിലൂടെ വലിച്ച് ആംബുലൻസിൽ കയറ്റുകയായിരുന്നു. മൃതദേഹമടങ്ങിയ ഫ്രീസർ ആംബുലൻസിൽ കയറ്റിയ ശേഷം ഡോർ പോലും അടയ്ക്കാതെയാണ് വാഹനം മുന്നോട്ടു നീങ്ങിയത്. 

തിങ്കളാഴ്ച രാവിലെ കൃഷിയിടത്തിൽ ആടിനെ കെട്ടുന്നതിനിടെയാണ് ഇന്ദിരയ്ക്കു നേരെ കാട്ടാന ആക്രമണം ഉണ്ടായത്. ഓടി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും വീണുപോയ ഇന്ദിരയെ കാട്ടാന ആക്രമിക്കുകയായിരുന്നു. നിലവിളി കേട്ട് അയൽവാസികൾ എത്തിയപ്പോൾ ഇന്ദിര രക്തത്തിൽ കുളിച്ചു കിടക്കുന്ന നിലയിലായിരുന്നു. ഉടൻ തന്നെ കോതമംഗലത്തെ ആശുപതിയിലേക്കു കൊണ്ടുപോയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Tags:
  • Spotlight