Thursday 08 June 2023 03:25 PM IST : By സ്വന്തം ലേഖകൻ

‘എന്നെയും കുഞ്ഞിനെയും പൂട്ടിയിട്ടു, വാച്ച്മാന്‍ ശാരീരികമായി ആക്രമിച്ചു’: അനധികൃത നിയമനം എതിർത്തു: എഴുത്തുകാരി ഇന്ദുമേനോൻ നേരിട്ടത്

indu-menon

ഒരു സർക്കാർ ജോലിക്കു വേണ്ടി സ്വപ്നം കണ്ടിരിക്കുന്ന യുവാക്കളെ കണ്ടിട്ടുണ്ടോ? അവരുടെ കാത്തിരിപ്പും പ്രതീക്ഷകളും അത്രമേൽ വലുതായിരിക്കും. കഷ്ടപ്പാടിന്റെ പടവുകൾ കയറി ലക്ഷ്യത്തിലേക്ക് നടക്കുമ്പോഴാകും അതു സംഭവിക്കുക. രാഷ്ട്രീയ മേലാളൻമാരുടെ അനധികൃത അനുഗ്രഹാശിസുകളോടെ ചിലർ കഷ്ടപ്പെടുന്നവരുടെ തലയ്ക്കു മുകളിൽ ചവിട്ടി ആ ജോലി സ്വന്തമാക്കും. ഫലമോ റാങ്ക് ലിസ്റ്റും സീനിയോറിറ്റിയും നോക്കി കാത്തിരിക്കുന്ന ഉദ്യോഗാർഥികളുടെ കാത്തിരിപ്പുകൾ പിന്നെയും നീളും.

പരീക്ഷ ജയിക്കാനും സർട്ടിഫിക്കറ്റ് സ്വന്തമാക്കാനും ജോലിനേടാനും രാഷ്ട്രീയ സ്വാധീനം ഉപയോഗിക്കുന്നവര്‍ ചുറ്റും നിറയുമ്പോൾ സമാനമായൊരു അനുഭവം പങ്കുവയ്ക്കുകയാണ് എഴുത്തുകാരി ഇന്ദുമേനോൻ. താൻ ജോലി ചെയ്യുന്ന സർക്കാർ സ്ഥാപനത്തിൽ മൂന്നുവർഷത്തെ എക്സ്പീരിയൻസ് ഇല്ലാതെ നാല് പേരാണ് റാങ്ക് ലിസ്റ്റിൽ കയറിയതെന്ന ആമുഖത്തോടെയാണ് ഇന്ദു മേനോൻ കുറിപ്പ് പങ്കുവച്ചത്. അത് ചോദ്യം ചെയ്തതിന്റെ പേരിൽ പിന്നീടങ്ങോട്ട് തനിക്ക് നേരിടേണ്ടി വന്ന സങ്കടകരമായ അവസ്ഥകളെക്കുറിച്ചും ഇന്ദു മേനോൻ കുറിപ്പിൽ ചൂണ്ടിക്കാട്ടുന്നു.

ഫെയ്സ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം:

ഞാനെന്തിന് വിദ്യയെ പറയണം ! എന്തിന് വിമർശിക്കണം! അല്ല എന്ത് ധൈര്യത്തിൽ വ്യാജ എക്സ്പീരിയൻസ് സർട്ടിഫിക്കറ്റ് നേടിയവർക്കെതിരെ പോസ്റ്റിടണം!ഞാൻ വിശ്വസിക്കുന്ന രാഷ്ട്രീയ പക്ഷത്തുള്ള യൂണിയൻ തന്നെ എന്നെ ഉപദ്രവിക്കുന്ന അവസ്ഥ ഇനിയും എന്തിനുണ്ടാക്കണം !

സത്യം പറയാമല്ലോ എനിക്ക് ഇവരെയൊക്കെ നല്ല ഭയമാണ്. നമ്മൾ വിചാരിക്കാത്ത ആഴത്തിലുള്ള ബന്ധങ്ങളുള്ള രാഷ്ട്രീയ സ്വാധീനവും ശക്തിയും ഉള്ള ആളുകളാണ് ഇത്തരക്കാർ.അവരെന്തു കുറ്റം ചെയ്താലും ശിക്ഷിക്കപ്പെടുകയില്ല.അവർക്ക് വേണ്ടി ഞങ്ങൾ സംരക്ഷണം കൊടുക്കും എന്ന് പറയുവാൻ നേതാക്കന്മാർ അനവധി ഉണ്ടാകും.
ഞാൻ ജോലി ചെയ്യുന്ന സർക്കാർ സ്ഥാപനത്തിൽ മൂന്നുവർഷത്തെ എക്സ്പീരിയൻസ് ഇല്ലാതെ നാല് പേരാണ് റാങ്ക് ലിസ്റ്റിൽ കയറിയത്.മൂന്നുപേർ നിയമിതരായി.ഒരുവൻ അഡ്വൈസ് കിട്ടിയിട്ടും എന്നേലും പിടിക്കപ്പെടാം എന്നു കരുതി ആ പോസ്റ്റിംഗ് സ്വീകരിച്ചില്ല. അവന് ആദ്യമേ കിട്ടിയ അതിൻറെ താഴെയുള്ള ജോലിയിൽ തന്നെ തുടർന്നു. അവന് ശേഷമുള്ളവൻ ജോലിയിൽ കയറി.

ഇത് എതിർത്തതും ചോദ്യം ചെയ്തതും എൻറെ ഡിവിഷനിൽ ജോലി ചെയ്തിരുന്ന ഒരു റിസർച്ച് അസിസ്റ്റൻറ് ആണ്. അവൻ മാത്രമല്ല ഞാനും അവരുടെ പരമശത്രുവായി.
ഞാൻ വിശ്വസിക്കുന്ന അതേ രാഷ്ട്രീയ സംഘടനയുടെ എൻജിഒ സംഘടന എനിക്കെതിരായി കാട്ടിക്കൂട്ടിയത് എന്താണെന്ന് പറയാൻ പോലും വയ്യ.

എന്നെയും കുഞ്ഞിനെയും ഓഫീസ് മന്ദിരത്തിൽ പൂട്ടിയിട്ട് വാച്ച്മാൻ ശാരീരിക ആക്രമണം നടത്തുന്ന നിലയിലേക്ക് വരെയെത്തി കാര്യങ്ങൾ .
കള്ള എക്സ്പീരിയൻസ് സർട്ടിഫിക്കറ്റ് കൊടുത്ത് ജോലി തേടിയവർ യൂണിയൻറെ സഹായത്തോടെ സസുഖം ഇപ്പോഴും ജോലിയിൽ തുടരുന്നു.
പരാതി പറഞ്ഞ താൽക്കാലികക്കാരനായ കുട്ടിയെ പുറത്താക്കി.

എനിക്ക് വിദ്യാഭ്യാസം ഇല്ല . യോഗ്യതയില്ല. എക്സ്പീരിയൻസ് ഇല്ല . അഹങ്കാരമാണ്. ഫയൽ മോഷ്ടിച്ചു. മതില് ചാടി . മേലും വകുപ്പിന്റെ തലവനായ ഉദ്യോഗസ്ഥനോട് അവിശുദ്ധ ബന്ധമുണ്ട് , എന്നുവരെ നോട്ടീസ് അച്ചടിച്ച് എൻറെ വീട് മുതൽ ഓഫീസ് വരെ ഞാൻ വരുന്ന വഴിയിൽ ഇരുവശത്തുമായി തൂക്കിയിട്ടു.
വളരെ സുസ്ഥിരമായ അക്കാദമിക ബാഗ്രൗണ്ട് ഉള്ള ഒരു വ്യക്തിയാണ് ഞാൻ .80 ശതമാനത്തിൽ അധികം മാർക്ക് അല്ലെങ്കിൽ യൂണിവേഴ്സിറ്റി റാങ്ക് ഇതു വാങ്ങിയാണ് ഞാൻ എല്ലാ എല്ലാ ക്ലാസ്സുകളിലും പാസ് ആയിട്ടുള്ളത്. എഴുതിയ മത്സരപരീക്ഷകളിൽ എല്ലാം 5 റാങ്കിനുള്ളിൽ കിട്ടിയിട്ടുണ്ട്.

എന്തു ഫലം തലയിലെഴുത്ത് മായിച്ചാൽ മായില്ലല്ലോ.ഓൺലൈനിലും സ്വാധീനമുള്ള പത്രങ്ങളുടെ ഇടയിലും ഐസിസിയിൽ പോലും ഇടപെട്ട് അവർ എന്നെ ഉപദ്രവിച്ചിട്ടുണ്ട്.
വ്യാജ എക്സ്പീരിയൻസ് സർട്ടിഫിക്കറ്റ് കൊണ്ട് പി എസ് സി ജോലി നേടിയവർക്ക് എതിരെ പിഎസ്‌സിയിൽ കൊടുത്ത പരാതി രാഷ്ട്രീയ സ്വാധീനം കൊണ്ട് വൈകിപ്പിക്കുവാൻ അവർക്ക് സാധിച്ചു.

കോവിഡാനന്തരം കേസുകൾ കെട്ടിക്കിടക്കുന്നത് കൊണ്ട് ട്രിബ്യൂണൽ ആകട്ടെ ഇതുവരെ കേസ് വിളിച്ചിട്ടുമില്ല.
എതിർക്കാനോ അവരെ ചോദ്യം ചെയ്യാനോ ചെന്നാൽ ചെന്നായി കൂട്ടത്തിന്റെ പറ്റം പോലെയാണ് വരിക.

രാത്രി രണ്ടുമണിവരെ പണിത് എല്ല് വെള്ളമാക്കി ഉണ്ടാക്കിയ 17 കോടി രൂപയുടെ പദ്ധതി ദുഃഖത്തോടെ ഉപേക്ഷിച്ചു.
എന്റെ ജീവനും എന്റെ കുഞ്ഞിൻറെ ജീവനും യാതൊരു തരത്തിലുള്ള സംരക്ഷണവും നൽകാത്ത ഒരു സ്ഥാപനത്തിൽ നിന്നും ഡെപ്യൂട്ടേഷനും വാങ്ങി പ്രാണനും കൊണ്ടോടി. ICC യിൽ വന്ന ലിസി വക്കീല് എന്നെ വേണ്ടവിധത്തിൽ വാച്ച്മാൻ ലൈംഗികമായി ആക്രമിച്ചില്ല എന്ന കാരണത്താൽ ഇതൊരു ലൈംഗിക കുറ്റകൃത്യം അല്ല എന്ന് വിലയിരുത്തി.നഗരത്തിലെ പ്രമുഖ രാഷ്ട്രീയനേതാ ദമ്പതികളുടെ മകനെ കൊണ്ട് സ്ഥിരമായി എന്നെ തെറിവിളിപ്പിച്ചു.സ്വന്തം സ്ഥാപനത്തിൽ വിലസുന്ന വ്യാജന്മാർക്കെതിരെ വിരൽ അനക്കാൻ എനിക്ക് പറ്റിയിട്ടില്ല. പ്രാണനും കൊണ്ട് ഓടി രക്ഷപ്പെടുക പോലും ചെയ്തു. എന്നിട്ടാണ് ഇപ്പോൾ വിദ്യയ്ക്ക് എതിരെ പോസ്റ്റ് ഇടുന്നത്.

ഇവളുടെയൊക്കെ പുറകെ ആരാണെന്ന് ആർക്കറിയാം ? പിടിച്ചു തള്ളുകയും പൂട്ടിയിടുകയും മാത്രമേ ഇതുവരെ അനുഭവിക്കേണ്ടി വന്നിട്ടുള്ളൂ. കുഞ്ഞിൻറെ കഴുത്തുപിടിച്ച് അമർത്തുകയും പത്രത്തിൽ കള്ള വാർത്തകൾ കൊടുക്കുകയും വ്യാജപ്രചരണങ്ങൾ നടത്തുകയുമെ ഇവർ ചെയ്തിട്ടുള്ളൂ. ഇനി ഇവളെയൊക്കെ വിമർശിക്കാൻ പോയാൽ പണി ചിലപ്പോൾ പാലും വെള്ളത്തിൽ തന്നെ വരും.എനിക്ക് യുദ്ധ വീര്യമില്ല. ധൈര്യമില്ല. പോരാട്ടത്തിനുള്ള യൗവനവുമില്ല.