നവജാത ശിശുവിന്റെ മൃതദേഹം കത്തിച്ചു?; മൃതദേഹാവശിഷ്ടം ഇതുവരെ കണ്ടെത്താനായില്ല, തെളിവ് ശേഖരിക്കാന്‍ പൊലീസ്
Mail This Article
ഇടുക്കി കട്ടപ്പന ഇരട്ടക്കൊലപാതകത്തിൽ നവജാത ശിശുവിന്റെ മൃതദേഹാവശിഷ്ടം ഇതുവരെ കണ്ടെത്താനായില്ല. മുഖ്യപ്രതി നിതീഷ് പലവട്ടം മൊഴി മാറ്റിയത് തലവേദനയാവുകയാണ്. കുട്ടിയുടെ മൃതദേഹം കത്തിച്ചു കളഞ്ഞെന്ന മൊഴി ശരിയാണോയെന്ന് പരിശോധിക്കാനുള്ള ഒരുക്കത്തിലാണ് പൊലീസ്.
ഇരട്ടക്കൊലപാതക കേസിൽ മുഖ്യപ്രതിയായ നിതീഷിന്റെ കസ്റ്റഡി കാലാവധി നാളെ തീരാനിരിക്കെ ചുരുങ്ങിയ സമയത്തിനുള്ളിൽ പരമാവധി തെളിവുകൾ കണ്ടെത്താനാണ് പൊലീസിന്റെ ശ്രമം. തൊഴുത്തിൽ കുഴിച്ചിട്ട നവജാത ശിശുവിന്റെ മൃതദേഹം സ്ഥലം വിറ്റതിന് ശേഷം പുറത്തെടുത്തു കത്തിച്ചെന്നും കൊല്ലപ്പെട്ട വിജയൻ അവശിഷ്ടം പുഴയിൽ ഒഴുക്കിയെന്നുമാണ് നിതീഷിന്റെ പുതിയ മൊഴി. ഇത് സ്ഥിരീകരിക്കാൻ കൂട്ടുപ്രതി വിഷ്ണുവിനെയും വിജയന്റെ ഭാര്യ സുമയെയും മകളെയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്യും.
ഒരു വർഷത്തോളം മുറിക്കുള്ളിൽ അടച്ചിട്ടതിനാൽ സുമയുടെയും മകളുടെയും മാനസികനില പൂർവ്വസ്ഥിതിയിലായിട്ടില്ല. ഇവർക്ക് ചികിത്സ നൽകിയതിന് ശേഷമാകും ചോദ്യം ചെയ്യൽ. മോഷണ ശ്രമത്തിനിടെ മർദനമേറ്റ് ചികിത്സയിലുള്ള കുട്ടുപ്രതി വിഷ്ണുവിനെ കസ്റ്റഡിയിലെടുക്കാനാകാത്തതും തെളിവെടുപ്പ് വൈകിക്കുകയാണ്.