Tuesday 25 July 2023 04:43 PM IST

എപ്പോഴും വന്ധ്യതയെ തെറ്റിദ്ധരിക്കരുത്, ഗർഭധാരണത്തിന് വേണം ശരിയായ ലൈംഗികബന്ധം: 10 ടിപ്സ്

Rakhy Raz

Sub Editor

infertility-story

കാലമേറെ മാറിയാലും മാറ്റമില്ലാത്ത ദുഃഖമാണ് വന്ധ്യത. മനുഷ്യരെ ദു ർബലരും നിസ്സഹായരുമാക്കുന്ന അ വസ്ഥ. വീണുപോകാത്ത മനസാന്നിധ്യവും പ്രതീക്ഷയും ശരിയായ ചികിത്സയുമാണ് ഈ മഹാദുഃഖത്തിന്റെ മറുകര കയറാനുള്ള തോണി. ലോകം മുഴുവൻ അഭിപ്രായങ്ങളും വിമർശനങ്ങളും കൊണ്ട് ആക്രമിച്ചാലും ലക്ഷ്യബോധത്തോടെ സ്വപ്നത്തിലേക്കു തുഴഞ്ഞു കയറുകയാണു വേണ്ടത്. പ്രതീക്ഷയാണു വിജയത്തിലേക്ക് നമ്മെ എത്തിക്കുക എന്ന തിരിച്ചറിവോടെ മുന്നോട്ടു നീങ്ങാം.

ചികിത്സ എപ്പോൾ തുടങ്ങണം

വിവാഹശേഷം ഒരു വർഷം വ രെ യാതൊരു ഗർഭനിരോധന ഉപാധികളും ഉപയോഗിക്കാതെ പതിവായി ലൈംഗിക ബന്ധം പുലർത്തിയിട്ടും ഗർഭമാകുന്നില്ല എങ്കിൽ വന്ധ്യത സംശയിക്കാം. വന്ധ്യത സംശയിച്ചാൽ എത്രയും പെട്ടെന്ന് അതു നേരിടാൻ ഒരുങ്ങുക എന്നതാണ് ആദ്യ പടി.

മറ്റു പ്രശ്നങ്ങളൊന്നും ഇല്ലെങ്കിൽ ദമ്പതിമാരിൽ സ്ത്രീക്ക് മുപ്പത്തിയഞ്ചിനു താഴെ പ്രായമാണെങ്കിൽ ഒരു വർഷത്തിനുള്ളിലും മുപ്പത്തിയഞ്ചു വയസ്സിനു മുകളിലാണെങ്കിൽ ആറു മാസത്തിലും വന്ധ്യതാ ചികിത്സ തുടങ്ങണം. ആർത്തവ ക്രമക്കേട്, ലൈംഗിക താൽപര്യക്കുറവ്, ലൈംഗിക പ്രശ്നങ്ങൾ (sexual dysfunction) എന്നിവ ഉണ്ടെങ്കിൽ കാത്തിരിക്കാതെ ത ന്നെ ചികിത്സ തുടങ്ങുക.

ചികിത്സ സ്വീകരിക്കുക എന്ന തീരുമാനത്തിലേക്ക് എത്തിക്കഴിഞ്ഞാൽ വിശ്വാസ്യതയുള്ള ആശുപത്രികളിലെ വന്ധ്യത ചികിത്സാ വിദഗ്ധരെ തന്നെ കാണണം. ഭാര്യയും ഭർത്താവും ഒന്നിച്ചു വേണം ഡോക്ടറെ കാണാൻ. ഇരുവരോടും വിശദമായി സംസാരിച്ചാൽ മാത്രമേ പ്രശ്നം ശരിയായി പഠിച്ചു മനസ്സിലാക്കാനും വേണ്ട പരിശോധനകൾ കൃത്യമായി നിർണയിക്കാനും നിർദേശിക്കാനും ഡോക്ടർക്ക് സാധിക്കൂ.

ചികിത്സയെക്കുറിച്ചു അറിയേണ്ടതായ കാര്യങ്ങളെല്ലാം ചോദ്യങ്ങളാക്കി തയാറാക്കുക. അതു മടിയില്ലാതെ ചോദിച്ചു സംശയങ്ങൾ ദൂരീകരിക്കുക.

ചികിത്സ സ്വീകരിക്കും മുൻപ്

വന്ധ്യത പരിഹരിക്കാൻ ചികിത്സ തേടും മുൻപ് ചെയ്യാവുന്ന ചില മുന്നൊരുക്കങ്ങളുണ്ട്. വന്ധ്യത സമ്മാനിക്കുന്ന പൊതുവായുള്ള ചില സാഹചര്യങ്ങളെ ഒഴിവാക്കുകയാണത്.

അമിത ഭാരം നിയന്ത്രിക്കുക

ആർത്തവ ചക്രത്തിന്റെ ക്രമം തെറ്റുക, ആർത്തവ ക്രമക്കേടുകൾ വരിക, ഗർഭധാരണത്തിലും ഗർഭാവസ്ഥയിലും പ്രസവത്തിലും പ്രശ്നങ്ങളുണ്ടാകുക എന്നീ സാഹചര്യങ്ങളിലേക്കു ശരീരത്തിന്റെ അമിതഭാരം നമ്മളെ നയിക്കും.

ആ രോഗ്യകരമായി ഗർഭം ധരിക്കുകയും പ്രസവിക്കുകയും ചെയ്യുന്നതിന് ഉയരത്തിനും പ്രായത്തിനും ആനുപാതികമായ ശരീരഭാരം (ബോഡി മാസ് ഇൻഡക്സ്) ഉണ്ടാകേണ്ടത് ആവശ്യമാണ്. അമിതഭാരം അഞ്ചു ശതമാനം കുറച്ചാൽ തന്നെ ആർത്തവ ചക്രം ക്രമമാകുകയും അണ്ഡോത്പാദനം ശരിയായി നടക്കുകയും സ്വാഭാവിക ഗർഭധാരണം നടക്കാനുള്ള സാധ്യത കൂടുകയും ചെയ്യും.

പുരുഷന്മാരിൽ അമിത വണ്ണം ബീജത്തിന്റെ എണ്ണം, ഗുണനിലവാരം, ചലനശേഷി ഇവയെ പ്രതികൂലമായി ബാധിക്കും.

ചെയ്യേണ്ടത് : കൃത്യമായ ആഹാരം, സന്തുലിതമായ ആ ഹാരക്രമം എന്നിവയിലൂടെ ജീവിതശൈലി കൊണ്ടുണ്ടായ അമിതവണ്ണത്തെ നിയന്ത്രിക്കാനാകും. അതിലൂടെ ജീവിതശൈലീ രോഗങ്ങളായ പ്രമേഹം, രക്താതിസമ്മർദം, കൊളസ്ട്രോൾ എന്നിവയും നിയന്ത്രിക്കപ്പെടും.

155356055

പ്രമേഹവും കൊളസ്ട്രോളും

പ്രമേഹവും കൊളസ്ട്രോളും ബീജത്തിന്റെ ഗുണനിലവാരവും ഗർഭാശയത്തിൽ പിടിച്ചു വളരാനുള്ള ഭ്രൂണത്തിന്റെ കഴിവും പരിമിതപ്പെടുത്തും.

ചെയ്യേണ്ടത് : ആരോഗ്യകരമായ ഡയറ്റ്, വ്യായാമം, ആവശ്യമെങ്കിൽ മരുന്നുപയോഗിച്ചുള്ള ചികിത്സ ഇവയിലൂടെ പ്രമേഹവും കൊളസ്ട്രോളും നിയന്ത്രണത്തിലാക്കുക.

മദ്യപാനം, പുകവലി ഒഴിവാക്കുക

മദ്യപാനവും പുകവലിയും അണ്ഡത്തിന്റെയും ബീജത്തിന്റെയും ഇവ ചേർന്നുണ്ടാകുന്ന ഭ്രൂണത്തിന്റെയും ഗുണനിലവാരം കുറയ്ക്കും. നിക്കോട്ടിൻ അടങ്ങിയ വസ്തുക്കളും പല വിധത്തിലുള്ള ലഹരി വസ്തുക്കളുടെ ഉപയോഗവും വന്ധ്യതയെ ക്ഷണിച്ചു വരുത്തും

ചെയ്യേണ്ടത് : പുകവലിയും മദ്യപാനവും പലവിധ ലഹരി ഉപയോഗവും പൂർണമായി ഒഴിവാക്കുകയാണ് വേണ്ടത്. നിറമുള്ള പച്ചക്കറികൾ, ആന്റി ഓക്സിഡന്റ്സ് അടങ്ങിയ ഫലവർഗങ്ങൾ എന്നിവ ധാരാളം കഴിക്കുന്നത് ബീജത്തിന്റെയും അണ്ഡത്തിന്റെയും ഗുണനിലവാരം കൂട്ടും.

നന്നായി ഉറങ്ങുക

നല്ല ഉറക്കം ശാരീരിക പ്രവർത്തനങ്ങളെ മികച്ചതാക്കും. ഉറക്കക്കുറവ് ഹോർമോൺ അസന്തുലിതാവസ്ഥയ്ക്ക് കാരണമാകും. ഉറക്കത്തിന്റെ നിലവാരമില്ലായ്മ ശരീരഭാരം വർധിപ്പിക്കുക, ക്ഷീണം കൂട്ടുക, ശരിയായ ലൈംഗിക ബന്ധം സാധ്യമാകാതെ വരിക തുടങ്ങിയ അവസ്ഥകളുണ്ടാക്കും.

ചെയ്യേണ്ടത് : ഉറക്കത്തിന്റെ ഗുണനിലവാരം ശാസ്ത്രീയമായി നിരീക്ഷിച്ച് പരിഹരിക്കുക. പതിവായി വ്യായാമം ചെയ്യുക. ഉറങ്ങുന്നതിനു മുൻപുള്ള മൊബൈൽ ലാപ്ടോപ് ഉ പയോഗം കുറയ്ക്കുക. പിരിമുറുക്കം കുറയ്ക്കുന്നതിനു യോഗ, ധ്യാനം പോലുള്ളവ പിന്തുടരുക.

സ്വാഭാവിക ലൈംഗിക ബന്ധം

പ്ലാൻ ചെയ്ത ലൈംഗിക ബന്ധത്തെക്കാൾ സാധാരണ ലൈംഗിക ബന്ധമാണ് ഗർഭധാരണത്തിനു നല്ലത്. പ്ലാൻ ചെയ്യുമ്പോൾ ശരിയായ ചോദന ഉണ്ടായെന്നു വരില്ല. പിരിമുറുക്കം, അലസത, വിരസത എന്നിവയും അനുഭവപ്പെടാം. ഇതു ലൈംഗിക ബന്ധത്തിന്റെ ഊഷ്മളത കുറയ്ക്കും. ഗർഭധാരണ സാധ്യതയെ പരിമിതപ്പെടുത്തും.

ചെയ്യേണ്ടത് : ലൈംഗികബന്ധം ജീവിതത്തിന്റെ ആവശ്യമാണ്. മറ്റു തിരക്കുകളിൽ പെട്ട് അതു മാറിപ്പോകാതെ ശ്രദ്ധിക്കുക. നല്ല ലൈംഗികജീവിതത്തിന്റെ സമ്മാനമാക ണം കുട്ടികൾ.

ശരിയായ ലൈംഗിക ബന്ധം ഉണ്ടാകണം

ശരിയായ ലൈംഗികബന്ധം ഉണ്ടാകാത്തതു കൊണ്ടുഗർഭിണിയാകാതിരിക്കുകയും അതിനെ വന്ധ്യതയായി തെറ്റിധരിക്കുകയും ചെയ്യുന്നവരുണ്ട്. പ്രായപൂർത്തിയായ ഒരാൾ മറ്റെന്ത് അറിവു നേടുന്നതു പോലെയും നേടിയെടുക്കേണ്ട ഒന്നാണ് ലൈംഗികതയെക്കുറിച്ചുള്ള അറിവും.

∙ ആരോഗ്യകരമായ ശരീരവും മനസ്സും ആരോഗ്യകരമായ ലൈംഗിക ബന്ധത്തിന് അത്യാവശ്യമാണ്. രോഗമില്ലാത്ത അവസ്ഥയിൽ ശരീരത്തെ സൂക്ഷിക്കുക. രോഗമുള്ളവർ അവ പരമാവധി നിയന്ത്രണത്തിലാക്കി നിർത്തുക.

∙ പങ്കാളിയുമായി ഊഷ്മളമായ ബന്ധം രൂപപ്പെടുത്തിയെടുക്കുക. തുറന്നു സംസാരിക്കാനും പ്രശ്നങ്ങൾ പ ങ്കിടാനും ഇതു സഹായിക്കും.

∙ശാരീരിക ബന്ധം എങ്ങനെയാണു വേണ്ടത് എന്ന് കൃത്യമായി അറിഞ്ഞിരിക്കുക. സംശയങ്ങൾ ഉണ്ടെങ്കി ൽ ഗൈനക്കോളജിസ്റ്റിനെയോ സെക്സോളജിസ്റ്റിനെ കണ്ടു മനസ്സിലാക്കുക. അശാസ്ത്രീയമായ വഴിയിലൂടെ അറിവു നേടുന്നത് ഗുണകരമാകില്ല.

∙ ലൈംഗിക അറിവില്ലായ്മ ആത്മവിശ്വാസം നഷ്ടപ്പെടുത്തേണ്ട ആവശ്യമില്ല. കണ്ടും കേട്ടും അറിഞ്ഞും പറഞ്ഞും പ്രവർത്തിച്ചും സമയമെടുത്തു തന്നെയാണ് ഓരോരുത്തരും ശരിയായ ലൈംഗികതയിലേക്ക് എ ത്തുന്നത്.

വിവരങ്ങൾക്ക് കടപ്പാട്:

ഡോ. റെജി മോഹൻ  
അസിസ്റ്റന്റ് പ്രഫസർ,
കൺസൽറ്റന്റ്
റീപ്രൊഡക്റ്റീവ് മെഡിസിൻ
& സർജറി
ശ്രീ അവിട്ടം തിരുനാൾ ഹോസ്പിറ്റൽ, മെഡിക്കൽ കോളജ്, തിരുവന്തപുരം

ഡോ. അജയകുമാർ  
അഡിഷനൽ പ്രഫസർ
ഫെർട്ടിലിറ്റി യൂണിറ്റ്
ഡിപാർട്മെന്റ് ഓഫ് ഒബ്സ്ട്രിക്സ് &
ഗൈനക്കോളജി
മെഡിക്കൽ കോളജ് കോട്ടയം