Thursday 20 June 2024 03:45 PM IST : By സ്വന്തം ലേഖകൻ

സൈബര്‍ ആക്രമണത്തില്‍ മനംനൊന്ത് ഇന്‍സ്റ്റഗ്രാം താരത്തിന്റെ മരണം?; ‘സ്റ്റോപ്പ് സൈബര്‍ ബുള്ളിയിങ്’ ക്യാംപയിനുമായി സുഹൃത്തുക്കള്‍

pyaaru7788

ഇന്‍സ്റ്റഗ്രാം താരമായിരുന്ന വിദ്യാര്‍ഥിയുടെ മരണത്തിന് പിന്നാലെ സോഷ്യല്‍ മീഡിയയില്‍ സൈബര്‍ ആക്രമണത്തിനെതിരായ ക്യാംപയിന്‍ ശക്തമാകുന്നു. ഇന്നലെയാണ് ഞാന്‍ പ്യാറു എന്ന ഇന്‍സ്റ്റഗ്രാം ഉപഭോക്താവായ ആദിത്യ എന്ന പതിനെട്ടു വയസുകാരി ജീവനൊടുക്കുന്നത്. പെണ്‍കുട്ടിയുടെ മരണകാരണം സോഷ്യല്‍ മീഡിയ ആക്രമണമാണെന്ന് ആരോപിച്ച് നിരവധി സുഹൃത്തുക്കളും ഫോളോവേഴ്സും രംഗത്തുവന്നു. 

തൊട്ടുപിന്നാലെയാണ്  സോഷ്യല്‍ മീഡിയയില്‍ സ്റ്റോപ്പ് സൈബര്‍ ബുള്ളിയിങ് ക്യാംപയിന്‍ ആരംഭിച്ചത്. എല്ലാവർക്കും സൈബര്‍ ബുള്ളിയിങ്ങിനെ നേരിടാന്‍ വേണ്ടത്ര ധൈര്യമുണ്ടാകില്ലെന്നും ക്യാംപയിന്‍ പോസ്റ്റില്‍ പറയുന്നുണ്ട്. മരണത്തില്‍ അനുശോചനം അറിയിച്ചുള്ള പോസ്റ്റുകളിലും സൈബര്‍ ബുള്ളിയിങ്ങിനെതിരെ കമന്റുകള്‍ വരുന്നുണ്ട്. ഇനിയെങ്കിലും സൈബര്‍ ആക്രമണം നിര്‍ത്തണമെന്നും മറ്റൊരു ജീവന്‍ കൂടി ഇല്ലാതാക്കരുതെന്നുമാണ് കമന്റുകള്‍. 

അതേസമയം ഇപ്പോഴും പെണ്‍കുട്ടിയെ അധിക്ഷേപിച്ചുകൊണ്ടുള്ള സൈബര്‍ ആക്രമണങ്ങള്‍ തുടരുന്നുണ്ട്. കമന്റ് ബോക്സിലും മറ്റും പലരും ഇത്തരത്തിലുള്ള കമന്റുകള്‍ ഇടുന്നുണ്ട്. ഇന്‍സ്റ്റഗ്രാം ഇന്‍ഫ്‌ളുവന്‍സറുമായ ഒരു യുവാവുമായി പെണ്‍കുട്ടി പ്രണയത്തിലായിരുന്നു. ഇരുവരും ഇതേക്കുറിച്ച് തങ്ങളുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടില്‍ പങ്കുവച്ചിട്ടുമുണ്ട്. കുറച്ചുനാളുകള്‍ക്കു മുന്‍പ് ഇരുവരും വേര്‍പിരിഞ്ഞിരുന്നു. 

ശേഷം രണ്ടുപേരുടേയും പോസ്റ്റുകള്‍ക്ക് താഴെ ഫോളോവേഴ്സ് ചേരിതിരിഞ്ഞ് കമന്റുകളിടുന്നത് പതിവായിരുന്നു. വ്യക്തിപരമായ അധിക്ഷേപം ഉള്‍പ്പെടെ കമന്‍റുകളില്‍ ഉണ്ടായിരുന്നു. ഇതില്‍ മനംനൊന്തായിരുന്നു പെണ്‍കുട്ടി ജീവനൊടുക്കിയതെന്നാണ് സുഹൃത്തുക്കള്‍ പറയുന്നത്.

കോട്ടണ്‍ഹില്‍ ഗേള്‍സ് സ്‌കൂളിലെ പ്ലസ് ടു വിദ്യാര്‍ഥിനിയാണ് ആദിത്യ. അഞ്ച് ദിവസം മുന്‍പ് പെണ്‍കുട്ടി ജീവനൊടുക്കാന്‍ ശ്രമിച്ചിരുന്നു. ഇതിനെ തുടര്‍ന്ന് നാല് ദിവസമായി തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വെന്‍റിലേറ്ററില്‍ കഴിയുന്ന പെണ്‍കുട്ടി കഴിഞ്ഞ ദിവസമാണ് മരിച്ചത്. തിരുവനന്തപുരം തൃക്കണ്ണാപുരത്തെ വീട്ടില്‍ ഇന്നലെ വൈകുന്നേരത്തോടെയാണ് പെണ്‍കുട്ടിയുടെ മൃതദേഹം സംസ്കരിച്ചത്. പൂജപ്പുര പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ട്.

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056)

Tags:
  • Spotlight