Wednesday 06 March 2024 04:01 PM IST : By സ്വന്തം ലേഖകൻ

‘റോക്കറ്റ് സൈറൻ ഇന്ന് എത്രവട്ടം കേട്ടു അമ്മാ...’: നാട്ടിൽ നിന്ന് മകന്റെ കോൾ: ഉയിരും കയ്യിൽ പിടിച്ച് യുദ്ധഭൂമിയിൽ സോണിയ

soniya-

‘ഇസ്രയേൽ – ഗാസ യുദ്ധം കടുക്കുന്നു’ എന്ന വാ ർത്താ തലക്കെട്ടിന്റെ ഭാരം ഇങ്ങു കേരളത്തിലെ വീടുകളുടെയും തളർത്തിയിട്ട് മാസങ്ങളാകുന്നു. മലയാളികളായ ആയിരക്കണക്കിനു സ്ത്രീകളാണ് ഇസ്രയേലിലുള്ളത്. ഇവരിൽ അധികവും തദ്ദേശവാസികളെ പരിപാലിക്കുന്ന കെയർ ഗിവേഴ്സായി ജോലി ചെയ്യുന്നവരാണ്. വെടിയൊച്ചയും റോക്കറ്റുകൾ പൊട്ടിത്തെറിക്കുന്ന കാഴ്ചയുമൊന്നും മേഖലയിൽ ജീവിക്കുന്നവർക്കു പുതുമയുള്ള കാര്യമല്ല. കനത്ത സുരക്ഷാവലയത്തിലാണു ജീവിതം എന്നു നാട്ടുകാരെ പോലെ അവിടെ ജോലിക്കു ചെന്ന മലയാളികളും വിശ്വസിച്ചു. ഒക്ടോബർ ഏഴിനു നടന്ന ഹമാസ് ആക്രമണത്തോടെ ആ വിശ്വാസം തകർന്നു.

ഇസ്രയേലിലും ഗാസയിലും നൂറുകണക്കിനാളുകളാണു മരിച്ചുവീണത്. ദിനം പ്രതി രൂക്ഷമാകുന്ന മനുഷ്യക്കുരുതി. ഇസ്രയേലിലെ യുദ്ധഭൂമിയിൽ നിന്നു നഴ്സ് സോണിയ പങ്കുവയ്ക്കുന്ന അനുഭവം...

അടുത്ത നിമിഷം എന്താണെന്ന് അറിയില്ല– സോണിയ

ഫോൺ കോൾ എടുത്തതും സോണിയ പറഞ്ഞു ‘ഹലോ, ഒരു മിനിറ്റ്, സൈറൻ മുഴങ്ങിയിട്ടുണ്ട്. സേഫ്റ്റി ബങ്കറിലേക്ക് ഓടുകയാണ്.’ ചങ്ങനാശ്ശേരി സ്വദേശി സോണിയ ഇസ്രയേലിൽ എത്തിയിട്ട് ഒരു വർഷമാകുന്നതേയുള്ളൂ. ഇതിനിടയിൽ ആദ്യമായാണു യുദ്ധമുഴക്കം. സേഫ്റ്റി ബങ്കറിന്റെ സുരക്ഷിതത്വത്തിൽ എത്തിയപ്പോൾ സോണിയ പറഞ്ഞുതുടങ്ങി. ‘‘അതിർത്തിയിലൂടെയുള്ള നുഴഞ്ഞു കയറ്റമായിരുന്നതിനാൽ ഗാസ ബോര്‍ഡറിലായിരുന്നു പ്രശ്നങ്ങൾ രൂക്ഷം. ഞാൻ 70 കിലോമീറ്റർ മാറി ടെൽ അവീവിലാണ്.

ശത്രുപക്ഷത്തു നിന്നുള്ള മിസൈലുകൾ ആകാശത്ത് എത്തുമ്പോൾ തന്നെ സെൻസർ വഴി തിരിച്ചറിഞ്ഞു നിർവീര്യമാക്കുന്ന അയൺ‍ഡോം സിസ്റ്റമൊക്കെ നാട്ടിലെ കുട്ടികൾക്കു പോലും ഇപ്പോൾ അറിയാം. വീട്ടിൽ നിന്നു വിളിക്കുമ്പോൾ റോക്കറ്റ് സൈറന്‍ എത്ര കേട്ടു എന്നാണ് ഇളയ മകൻ ആറു വയസ്സുകാരൻ ഷോണിന്റെ ചോദ്യം. അവനോടു ഞാൻ പറയാറുണ്ട്, ‘അമ്മ സുരക്ഷിതയിടത്താണെന്നേയുള്ളൂ. ഒരുപാട് അമ്മമാരും ചേച്ചിമാരും ദൈവത്തിന്റെ കയ്യും പിടിച്ചു രക്ഷപ്പെട്ടു സുരാക്ഷാകേന്ദ്രങ്ങളിൽ കഴിയുന്നുണ്ട്’ എന്ന്’’. സോണിയയുടെ ചിരി പതിയെ നിശബ്ദതയിലേക്കു വീണു. ‘‘ഇസ്രയേലിലേക്ക് തിരിച്ചപ്പോൾ വീടു മുഴുവൻ പേടിയുടെ നിഴലിലായിരുന്നു. ‘പോണോ മോളെ...’ എന്ന അമ്മയുടെ ചോദ്യം മനസ്സിലൂടെ മിസൈൽ പായിച്ചെങ്കിലും പോകാം എന്നു തന്നെയായിരുന്നു തീരുമാനം. ഈ നിമിഷത്തിലും അതു തെറ്റായിപ്പോയി എന്നു തോന്നുന്നില്ല. അടുത്ത നിമിഷം എന്തെന്ന് അറിയുകയുമില്ല.

നാട്ടിലാണു കൂടുതൽ സമ്മർദം

ജനറൽ നഴ്സിങ് കഴിഞ്ഞ് എട്ടു വർഷം സൗദിയിലായിരുന്നു ജോലി. ശമ്പളമായിരുന്നു ഇവിടേക്ക് വരാനുള്ള ആ കർഷണം. നാട്ടിലുള്ള ചിലർ വീട്ടുജോലി എന്നു വിശേഷിപ്പിക്കുമെങ്കിലും നഴ്സിന്റെ ജോലി തന്നെയാണു ചെയ്യുന്നത്. 86 വയസ്സുള്ള ഒരു അമ്മൂമ്മയെ ആണ് ഞാൻ നോക്കുന്നത്. യുദ്ധം തുടങ്ങിയപ്പോൾ ഞാനും അമ്മൂമ്മയും ടെൽ അവീവിലുള്ള ഫ്ലാറ്റിലായിരുന്നു. അവിടെ സേഫ്റ്റി ബങ്കറില്ല. സൈറൺ മുഴങ്ങിയപ്പോൾ സ്റ്റെയർ‌കെയ്സിനടിയിൽ നിൽക്കാനേ കഴിഞ്ഞുള്ളൂ. ഹൃദയം വിറയ്ക്കുന്നതിനേക്കാൾ ആഘാതത്തിൽ കെട്ടിടം വിറച്ചുതുടങ്ങി. തൊട്ടടുത്ത ദിവസം അമ്മൂമ്മയുടെ മകളുടെ വീട്ടിലേക്കു മാറി. ഹോസ്പിറ്റൽ മേഖലയിൽ ജോലി ചെയ്യുന്നവരെല്ലാം ജോലിക്കു പോകുന്നുണ്ട്. അമ്മൂമ്മയെത്തിയതും അടുത്തുള്ള ബന്ധുക്കൾ വീട്ടിൽ സന്ദർശിക്കാൻ എത്തുന്നുണ്ട്.

ഞങ്ങളെയോർത്തു നാട്ടിലുള്ളവരാണു കൂടുതൽ സ മ്മർദമനുഭവിക്കുന്നത്. വാർത്ത വന്നതു മുതൽ ഫോണിന് വിശ്രമമില്ല. മെസ്സേജിനു മറുപടി നൽകിയില്ലെങ്കിൽ അടുത്ത നിമിഷം കോൾ വരും. ഭർത്താവു നോബിയും എട്ടാം ക്ലാസ്സിൽ പഠിക്കുന്ന മൂത്ത മകൻ ഷാനും ഇടയ്ക്കിടെ വിഡിയോ കോൾ ചെയ്യും. അവരുടെ മാനസികാവസ്ഥ അറിയാവുന്നതു കൊണ്ടു ഫോൺ കയ്യിൽ നിന്നു താഴെ വയ്ക്കില്ല.’’