Monday 11 September 2023 04:49 PM IST

‘വിവാഹ സന്തോഷത്തിൽ മുങ്ങി നിൽക്കുമ്പോഴും ഉണ്ടായ നഷ്ടത്തെ കുറിച്ചു കൂടി ഓർക്കുന്നു’: വ്യത്യസ്തതകളുമായി ജൂത കല്യാണം

Shyama

Sub Editor

wedding-rituals

പല നാട്ടിലും കല്യാണങ്ങളുമായി ബന്ധപ്പെട്ടു വ്യത്യസ്തമായ, കൗതുകകരമായ ചില ആചാരങ്ങളുണ്ട്. കാലക്രമത്തിൽ ചിലതൊക്കെ തേഞ്ഞുമാഞ്ഞു പോയി.

എങ്കിലും കഥകളായി ഇന്നും അവ നമുക്കിടയിൽ ജീവിക്കുന്നു. എന്നാൽ കാലങ്ങളായി ഇന്നും തുടരുന്നവയുമുണ്ട്. അങ്ങനെ വിവാഹവുമായി ബന്ധപ്പെട്ടു വിവിധധാരകളിൽ പെടുന്നവർ പിന്തുടരുന്ന ആ ചാരങ്ങളുടെ കഥകളറിയാം.

അച്ഛൻ കെട്ടുന്ന താലി

നമ്പൂതിരി വിവാഹങ്ങളിൽ വരനല്ല വധുവിനു താലി കഴുത്തിൽ ചാർത്തുന്നത്. പകരം പെൺകുട്ടിയുടെ അച്ഛനാണു മകൾക്കു താലി കെട്ടുന്നത്. ആൺകുട്ടികൾ ഉപനയനം കഴിയുന്നതോടെ ദേവാരാധന ചെയ്യാനുള്ള മന്ത്രോപദേശം കിട്ടുന്നു. പൂണൂൽ ചരടു കെട്ടുന്നു.

പക്ഷേ, പെൺകുട്ടികൾക്ക് ഉപനയനമില്ല. പകരം പെൺകൊടയ്ക്ക് (പെണ്ണിനെ കൊടുക്കുക എന്ന വാക്കിൽ നിന്നാണ് പെൺകുട്ടിയുടെ വിവാഹത്തിന് ഈ പേരു വന്നത്) നൂലിനൊപ്പം ലോഹത്തിന്റെ താലി കൂടി ചാർത്തി കൊടുക്കുന്നു. അച്ഛനില്ലെങ്കിൽ സഹോദരൻ / അമ്മാവൻ/ അച്ഛന്റെ അച്ഛനോ സഹോദന്മാരോ/ അമ്മയോ ഒക്കെ താലി കെട്ടികൊടുക്കാറുണ്ട്. പണ്ട് പൂണൂൽ ചരടാണ് കെട്ടിക്കുക, ഇപ്പോൾ സ്വർണമാലയായി മാറിയെന്നു മാത്രം.

അമ്മി ചവിട്ടിക്കുക

അമ്മിയും അമ്മിക്കുഴയും മന്ത്രോച്ചാരണത്തിന്റെ അ കമ്പടിയോടെ വരൻ വധുവിന്റെ കാലുപിടിച്ചു വധുവിനെക്കൊണ്ടു ചവിട്ടിക്കും. ‘ഈ കല്ല് എങ്ങനെയാണോ അതു പോലെ നിങ്ങളുടെ ദാമ്പത്യ ജീവിതം സ്ഥിരമായിരിക്കട്ടേ’ എന്നാണു ചൊല്ലുന്ന മന്ത്രത്തിന്റെ പൊരുൾ.

വധുവിനെ വരന്റെ ഇടത്തിലേക്ക് കൊണ്ടുപോകുന്നതാണു കുടിവയ്പ്പ്. അവിടെ വച്ചാണ് അമ്മായിയമ്മ മരുമകൾക്കു കൂട്ടത്താലി ഇട്ടു കൊടുക്കുന്നത്. അതിനർഥം പുതിയ കുടുംബത്തിലേക്കു വരുന്നതിനെ അംഗീകരിക്കുന്നു, ഈ കുടുംബത്തിലെ എല്ലാവരുടെയും പിന്തുണ ഇനി ഒപ്പമുണ്ടാകും എന്നൊക്കെയാണ്.

വരനും വധുവും മീൻപിടിച്ച്...

വിവാഹത്തോട് അനുബന്ധിച്ച് ഒരു വിഭാഗം ബ്രാഹ്മണർക്കിടയിലുള്ള ആചാരമാണു മീൻപിടുത്തം. ചെറുക്കനും പെണ്ണും മനയിലെ കുളത്തിൽ തോർത്തുപയോഗിച്ച് വലപോലെയാക്കി ഒരു മത്സ്യത്തെ പിടിക്കും. അതിനെ തിരികെ ജലത്തിലേക്കു തന്നെ വിടും. ഇതു സംബന്ധിച്ച് പല കഥകളും പ്രചാരത്തിലുണ്ടെങ്കിലും ഏതു കാലത്താണ് ഈ ആചാരം വിവാഹ ചടങ്ങുകളുടെ ഭാഗമായി മാറിയതെന്നതു സംബന്ധിച്ചു വ്യക്തമായ സൂചനകളില്ല.

മൂർധനി സ്പർശം

പ്രധാനമായും മധ്യകേരളത്തിലെ ബ്രാഹ്മണർക്കിടയിൽ ആചരിച്ചു വരുന്ന കീഴ്‌വഴക്കമാണിത്. വധു വരന്റെ പിന്നി ൽ വന്നു മുട്ടുകുത്തിനിന്ന് തല മുന്നോട്ടു കൊണ്ടുവരും. വരൻ ഇരുന്ന ഇരിപ്പിൽ തല പിന്നോട്ടും ചായ്ക്കും. ഇരുവരുടേയും തല കൂട്ടിമുട്ടിക്കും. ഇനി മുതൽ ചിന്തകളും ആശയങ്ങളും ഐക്യപ്പെടട്ടേ എന്ന അർഥത്തിലാണ് ഇത് ആചരിക്കുന്നത്.

മൈലാഞ്ചിയിട‍ലും ചന്തം ചാർത്തലും

പാലസ്തീനിൽ നിന്നു കേരളത്തിലേക്ക് എഡി 345ൽ കു ടിയേറി പാർത്ത സമൂഹമാണ് ക്നാനായ വിഭാഗം. എഡേസ എന്ന കപ്പലിൽ ഏതാണ്ട് നാന്നൂറോളം വരുന്ന ഈ കച്ചടവട വിഭാഗം കൊടുങ്ങല്ലൂരിൽ വന്നിറങ്ങി. അന്നത്തെ ഭരണാധികാരി ചേരമാൻ പെരുമാളിനെ കാഴ്ചദ്രവ്യങ്ങൾ സ മർപ്പിച്ചു മുഖം കാണിച്ചു. പെരുമാളാണ് അവരെ നാട്ടിലേക്ക് സ്വീകരിച്ചാനയിച്ചത്. മറ്റു ക്രിസ്തീയ സമൂഹങ്ങളിൽ നിന്നു വ്യത്യസ്തമാണ് ഇവരുടെ വിവാഹ ആചാരങ്ങൾ.

പെണ്ണിന്റെ വീട്ടിൽ കല്യാണത്തിന്റെ തലേദിവസമാണ് മൈലാഞ്ചി ഇടീൽ ചടങ്ങു നടക്കുന്നത്. പണ്ടു വിലക്കപ്പെട്ട കനി എടുത്ത ഹവ്വ ചെയ്ത പാപഫലം കഴുകിക്കളയുക എന്നതിന്റെ പ്രതീകമായിട്ടാണ് മണവാട്ടിയുടെ കയ്യിൽ മൈലാഞ്ചി ഇടുന്നതും കഴുകിക്കളയുന്നതും. തഴപ്പായ വിരിച്ച് അതിലാണ് മണവാട്ടിയെ ഇരുത്തുക. ആ സമയത്ത് പരമ്പരാഗതപാട്ടുകൾ പാടിക്കൊണ്ടിരിക്കും. നടവിളിയും കുരവയിടലും ഒപ്പമുണ്ടാകും.

പിന്നീടാണ് ഈച്ചപ്പാടും പാച്ചോറും നുള്ളി കൊടുക്കുന്നത്. കുടുംബത്തിൽ എല്ലാ അംഗങ്ങളും പാച്ചോറും ശർക്കരയും മണവാട്ടിക്കു നുള്ളി കൊടുക്കും. പെൺകുട്ടിയുടെ അച്ഛനാണ് ആദ്യം കൊടുക്കുക.

അച്ഛനു തലേൽ കെട്ടുണ്ടാകും. പണ്ടു ചേരമാൻ പെരുമാൾ നൽകിയ പദവികളിലൊന്നാണ് ഈ തലേൽ കെട്ട്. അതിന്റെ ഓർമയ്ക്കാണ് ഇത് കെട്ടുന്നത്.

ചെറുക്കന്റെ വീട്ടിൽ കല്യാണത്തലേന്ന് നടക്കുന്ന ചടങ്ങാണ് ചന്തം ചാർത്ത്. വേദി ഒരുക്കി ചെറുക്കനെ ആനയിക്കും. എന്നിട്ട് ചെറുക്കന്റെ മുടി വെട്ടി ഷേവ് ചെയ്ത് ആകെ ചന്തത്തിലാക്കും. അതാണ് ചന്തം ചാർത്തൽ. പിന്നീട് കുളിപ്പിക്കാൻ കൊണ്ടു പോകും. കുളിച്ചു പുതുവസ്ത്രം ധരിച്ച് കുരിശു മാലയുമണിയിച്ച് മണവാളനായി തിരിച്ചു വരും. വീണ്ടും വേദിയിൽ തോഴനൊപ്പം ഇരിക്കും. പിതാവ് മണവാളനു തലേൽകെട്ടു കൊടുക്കും. കുടുംബക്കാരൊക്കെ വന്ന് ഈച്ചപ്പാടും പാച്ചോറും നൽകും. നടവിളിച്ചാണ് ചടങ്ങ് അവസാനിപ്പിക്കുക.

വിവാഹം കഴിഞ്ഞു വരുന്ന മണവാളനെയും മണവാട്ടിയെയും അമ്മായിയമ്മ ‘നെല്ലും നീരും’ വച്ച് അനുഗ്രഹിക്കും. ഒരു പാത്രത്തിൽ വെറ്റിലയും വെള്ളവും ഇട്ടു വച്ചിരിക്കും. ആ ഇലയെടുത്ത് മൂന്നു തവണ അവരുടെ നെറ്റിയിൽ കുരിശു വരയ്ക്കും.

പിന്നെ, വേദിയിലെത്തിയാൽ വാഴ്‌വ് പിടിക്കുക എ ന്നൊരു ചടങ്ങുമുണ്ട്. ഇരുകൂട്ടരെയും മുതിർന്നവർ വന്ന് അനുഗ്രഹിക്കുന്ന ചടങ്ങാണ്. പിന്നെയുള്ളതു കച്ച തഴുകൽ ചടങ്ങാണ്. മണവാട്ടിയുടെ ബന്ധുക്കൾക്കു സമ്മാനമായി കൊടുക്കുന്ന വസ്ത്രം മണവാളനെയും മണവാട്ടിയെയും എടുത്തു തഴുകി ആശീർവദിക്കുന്ന ചടങ്ങാണിത്. ഭദ്രദീപം കൊളുത്തി കേക്ക് മുറിച്ചാണ് അവർ കുടുബജീവിതത്തിലേക്കു കടക്കുക.

wedding-rituals

പെൺവീട്ടിലേക്കു ചേക്കേറുന്ന പുയ്യാപ്ല

നാട്ടിൽ കൂടുതലായും വിവാഹശേഷം പെൺകുട്ടിയെ ചെക്കന്റെ വീട്ടിലേക്ക് ‘കൊണ്ടുപോകുമ്പോൾ’ അതിനു നേർവിപരീതം നടക്കുന്ന ഇടങ്ങളുമിവിടുണ്ട്. മലബാറില്‍ ചില ഇടങ്ങളിൽ കണ്ടുവരുന്ന രീതിയാണ് കല്യാണം കഴിഞ്ഞ് ചെക്കൻ പെൺവീട്ടിലേക്കു താമസം മാറുന്നത്.

നിക്കാഹ് കഴിഞ്ഞെത്തുന്ന ചെക്കനും പെണ്ണിനും പെണ്ണിന്റെ വീട്ടിലാണ് അറ ഒരുങ്ങുന്നത്. അവർക്ക് വേണ്ട സൗകര്യങ്ങളൊക്കെ വീട്ടുകാരുടെ ധനസ്ഥിതിയനുസരിച്ച് അതിൽ ഒരുക്കിയിട്ടുണ്ടാകും. വിവാഹശേഷം ചെക്ക ന്റെ വകയായും അറയിൽ മാറ്റങ്ങൾ വരുത്തും. ഇന്നത്തെ കാലത്തു ചിലർ പുതിയ വീട് വച്ചു മാറി താമസിക്കാറുമുണ്ട്. മരണശേഷം പോലും മരുമകനെ ‘പുയ്യാപ്ല’ എന്നാണ് പെൺവീട്ടുകാർ വിശേഷിപ്പിക്കുക.

ശ്രീലങ്ക, മലേഷ്യ, ഇന്തൊനീഷ്യ, പല ആഫ്രിക്കൻ നാടുകൾ ഇവിടങ്ങളിലൊക്കെ ഈ രീതി നിലനിൽക്കുന്നു. ചിലയിടങ്ങളിൽ അറ മാത്രമല്ല, വീട് തന്നെ കൊടുക്കുന്ന രീതിയുമുണ്ട്. മറ്റൊരു വീടു വച്ച് താമസിക്കുമ്പോൾ പോലും സ്വന്തം വീട്ടിലെ അറ പൂട്ടി താക്കോൽ കൊണ്ടുപോകുന്ന രീതിയും കാണാറുണ്ട്.

ചടങ്ങുകൾക്കായി തിരികെ തറവാട്ടിലേക്ക് വരുന്ന സമയത്ത് മകളും പുയ്യാപ്ലയും ഈ അറയിലാകും താമസിക്കുക. ഒരേ തറവാട്ടിലുള്ള സ്ത്രീകൾ തമ്മിൽ അറയുടെ വിൽക്കലും വാങ്ങലും പോലും കാണാറുണ്ട്. സ്ത്രീ കേന്ദ്രീകൃതമായ മരുമക്കത്തായ സമ്പ്രദായമാണ് തുടരുന്നത്. അതായതു സ്ത്രീകളിൽ നിന്നു സ്ത്രീകളിലേക്കാണു സ്വത്ത് കൈമാറ്റം നടക്കുക.

വ്യത്യസ്തതകളുമായി ജൂത കല്യാണം

15 വർഷങ്ങൾക്കു ശേഷം കൊച്ചി ഒരു ജൂത വിവാഹം കണ്ടു. ക്രൈംബ്രാഞ്ച് മുൻ എസ്പി ബിനോയ് മലാഖൈയുടെയും ക്ലിനിക്കൽ സൈക്കോളജിസ്റ്റ് മഞ്ജുഷ മിറിയം ഇമ്മാനുവലിന്റേയും മകൾ റേച്ചൽ മലാഖൈയുടെതായിരുന്നു ആ വിവാഹം. അമേരിക്കയിൽ ഡാറ്റാ സയന്റിസ്റ്റായ റേച്ചൽ നാസയിലെ എൻജിനീയറായ റിച്ചഡ് സാക്കറി റോവിനെയാണ് 2023 മേയ് 21നു കല്യാണം കഴിച്ചത്.

കേരളത്തിൽ ജൂതപ്പള്ളിക്കു പുറത്തു നടക്കുന്ന ആദ്യ വിവാഹവും ഇതായിരുന്നു. കേരളത്തിലെ ജൂതപ്പള്ളികളെല്ലാം സംരക്ഷിത പൈതൃക മേഖലകളായതു കൊണ്ട് ഒരേ സമയം കുറച്ചു പേർക്ക് മാത്രമേ പള്ളിയിലേക്കു പ്രവേശനം അനുവദിക്കൂ. അതുകൊണ്ട് ഈ കല്യാണം ജൂത ആചാരപ്രകാരമുള്ള ‘ചൂപ്പ’(മണ്ഡപം) കെട്ടി റിസോർട്ടിലാണു നടന്നത്. ഇസ്രയേലിൽ നിന്നെത്തിയ റബ്ബായി ആരിയൽ ടൈസണാണ് കർമങ്ങൾക്ക് നേതൃത്വം നൽകിയത്.

വിവാഹത്തിന് ഒരാഴ്ച മുൻപേ വരനും വധുവും ത മ്മിൽ കാണില്ല. കല്യാണത്തിനു മുൻപേ മണവാട്ടി 24 മ ണിക്കൂർ ഭക്ഷണം കഴിക്കാതെ നോമ്പെടുക്കും. അതിനു ശേഷം വിവാഹ ഭക്ഷണമാണ് അവർ കഴിക്കുന്നത്. ജൂതാചാര പ്രകാരം പാകം ചെയ്ത ‘കോഷർ’ ഭക്ഷണം മാത്രമാണു വിളമ്പുക. കല്യാണത്തിന് മുൻപ് ‘മിക്വ’യുണ്ട്. ജൂതപ്പള്ളിക്കുള്ളിൽ നടക്കുന്ന സ്നാന കർമമാണത്. ശുദ്ധിവരുത്തുക എന്ന ഉദ്ദേശത്തോടെയുള്ള ചടങ്ങാണ് മിക്വ.

വീഞ്ഞു കോപ്പയിലിട്ടു വച്ചിരിക്കുന്ന മോതിരം പരസ്പരം അണിയിച്ചാണ് ജൂതക്കല്യാണങ്ങൾ ന ടക്കുക. റബ്ബായി (ജൂത പുരോഹിതൻ) വായിക്കുന്ന ‘കെതൂബ’ കേട്ട ശേഷം പരസ്പരം താങ്ങായി സ്നേഹിച്ചു ജീവിക്കാം എന്ന് വാഗ്ദാനം ചെയ്ത ശേഷമാണ് മോതിരം മാറ്റം.

കെതൂബ എന്നതാണ് വിവാഹ സാക്ഷ്യപത്രം. അതിലാണ് വിവാഹശേഷം ഒപ്പു വയ്ക്കുന്നത്. മാതാപിതാക്കളും റബ്ബായുമാണ് അതിൽ ഒപ്പിടുക. തോലുകൊണ്ടാണ് കെതൂബയുടെ നിർമാണം. ഇസ്രയേലിൽ നിന്നു വരുത്തുന്ന കെതൂബയിലെ വാചകങ്ങൾ ഹീബ്രുവിലാണ് എഴുതപ്പെടുക.

ഏഴു വലംവയ്പ്

മണ്ഡപത്തിലേക്കു കയറും മുൻപ് വധു മാതാപിതാക്കൾക്കൊപ്പം വരനു ചുറ്റും ഏഴു തവണ വലം വയ്ക്കും. പരസ്പരം താങ്ങാകുന്ന രണ്ടു പേർ ചേർന്നൊരു പുതുലോകം തുടങ്ങുന്നതാണ് വിവാഹം എന്നതാണ് സങ്കൽപം.

പണ്ട് ജറിക്കോ എന്ന നഗരം കയ്യടക്കാൻ പോയപ്പോൾ അതിനു ചുറ്റും ജൂതർ ഏഴു തവണ ചുറ്റിയെന്നും അതോ ടെ അതിന്റെ മതിലുകൾ അദ്ഭുതകരമായി മണ്ണടിഞ്ഞെന്നും അതേപോലെ വരനും വധുവിനും ഇടയ്ക്കുള്ള അവരെ ഭിന്നിപ്പിക്കുന്ന ഏതുതരം മതിലുകളും മണ്ണടിയട്ടേ എ ന്ന അർഥത്തിലാണ് ഈ ചടങ്ങ് നടത്തുന്നതെന്നതടക്കം പല വ്യാഖ്യാനങ്ങളുണ്ട്.

ഗ്ലാസ് ചവിട്ടി പൊട്ടിച്ച്

ഇസ്രയേലിൽ നിന്നു വരുത്തിച്ച ഗ്ലാസാണ് വിവാഹചടങ്ങിന് അവസാനം പൊട്ടിക്കുന്നത്. ഗ്ലാസ് ആദ്യം തുണിയിൽ പൊതിഞ്ഞ് അല്ലെങ്കിൽ ബാഗിൽ ആക്കി മണ്ഡപത്തിന് കീഴിലിടും. ചെറുക്കൻ ചവിട്ടിയാണ് ഗ്ലാസ് പൊട്ടിക്കുക. പൊട്ടുന്ന കഷണങ്ങൾ ഫ്രെയിമിലാക്കി വയ്ക്കും. അല്ലെങ്കിൽ വാതിലുകളിൽ സൂക്ഷിക്കുന്ന ‘മെസൂസ’ എന്നൊരു ബ്ലെസ്സിങ്ങ് ഉണ്ട്. അതിനൊപ്പം ഈ ചില്ലു കഷണങ്ങൾ വയ്ക്കും. ജെറുസലേം ദേവാലയം നശിപ്പിക്കപ്പെട്ടതിന്റെ ഓർമയ്ക്കാണ് വരൻ ഗ്ലാസ് പൊട്ടിക്കുന്നത്.

സന്തോഷത്തിൽ മുങ്ങി നിൽക്കുമ്പോഴും അതിൽ മതിമറക്കാതെ നമുക്കുണ്ടായ നഷ്ടത്തെ കുറിച്ചു കൂടി ഓർക്കുന്നു. ദേവാലയങ്ങൾ പുനർനിർമിക്കും വരെ ഈ ചടങ്ങ് ആവർത്തിക്കപ്പെടും.

പെൺകെട്ടും ആൺകെട്ടും

പണ്ട് സിറിയൻ ക്രിസ്ത്യാനികളെ വിവാഹം കഴിഞ്ഞ് വീട്ടിൽ കയറ്റുന്നതിന് മുൻപ് മുട്ടിപ്പലകയിൽ നിർത്തി, ചന്ദനം കൊണ്ടുള്ള വള്ളികൾ കൊണ്ടുള്ള മാലയിടും. നെറ്റിയിൽ കളഭം കൊണ്ടു കുരിശു വരയ്ക്കും. താലികെട്ടിനു പെൺകെട്ടു പാടില്ല. രണ്ടുവള്ളിയിൽ നൂൽ നേരെ വരുന്നതാണ് പെൺകെട്ട്. പെൺകെട്ട് പെട്ടെന്ന് അഴിക്കാൻ പറ്റും. പകരം ആൺകെട്ടാണ് കെട്ടേണ്ടത്. തലേന്നു രാത്രി ചെറുക്കന്റെ സഹോദരിമാരും മറ്റും ചേർന്ന് ആൺകെട്ടു കെട്ടാൻ പഠിപ്പിക്കും. മന്ത്രകോടിയുടെ നൂൽ കൊണ്ടാണു താലി കെട്ടുക.

താലി നമ്മുടെ വിവാഹ ആചാരത്തിന്റെ ഭാഗമായിട്ട് അ ധികം കാലമായിട്ടില്ല. പെൺകുട്ടി പ്രായപൂർത്തിയായതിന്റെ അടയാളമായാണ് പ്രാചീന കാലത്ത് താലി കണ്ടിരുന്ന ത്. പിന്നീടെപ്പോഴോ താലി തഞ്ചത്തിൽ വിവാഹ ആചാരങ്ങളിലെ താരമായി മാറി.

ശ്യാമ

വിവരങ്ങൾക്ക് കടപ്പാട് : ഫ്രെഡ്ഡി കെ. താഴത്ത്, മഹ്മൂദ് കൂരിയ, മനോജ് എബ്രഹാം, നാരായണൻ നമ്പൂതിരി, സജിത് മൂത്തകുരമ്പ്– ഛായാമുഖി വെഡ്ഡിങ് വിഷ്വൽ ബുട്ടീക്