തൃശൂർ ചിറക്കേക്കോട് മകനെയും ചെറുമകനെയും തീ കൊളുത്തി കൊന്ന പിതാവ് മരിച്ചു. തീ കൊളുത്തിയ ശേഷം വിഷം കഴിച്ച കൊട്ടേക്കാടൻ ജോൺസനാണ് മരിച്ചത്. കഴിഞ്ഞ 14 നായിരുന്നു ജോൺസൻ ഞെട്ടിക്കുന്ന ക്രൂരകൃത്യം നടത്തിയത്.
തൃശൂർ ചിറക്കേക്കോടിൽ കഴിഞ്ഞ 14 ന് പുലർച്ചെയാണ് കൊട്ടേക്കാടൻ ജോൺസൻ മകൻ ജോജി, മരുമകൾ ലിജി ചെറുമകൻ ടെണ്ടുൽകർ എന്നിവരെ പെട്രോളൊഴിച്ച് തീക്കൊളുത്തിയത്. ഉറങ്ങിക്കിടക്കവേ ജനവാതിൽ തുറന്ന് പെട്രോൾ ഒഴിച്ച് കത്തിക്കുകയായിരുന്നു. മകനും ചെറുമകനും പിന്നാലെ മരണപ്പെട്ടു.
സംഭവത്തിനുശേഷം മാരക വിഷം കഴിച്ച ജോൺസൻ സ്വകാര്യ ആശുപത്രിയിൽ വച്ച് ഇന്ന് വൈകുന്നേരത്തോടെ മരണപ്പെടുകയായിരുന്നു. തീ കൊളുത്തവേ ജോൺസനും പൊള്ളലേറ്റിരുന്നു. കുടുംബവഴക്കിനെ തുടർന്നാണ് ജോൺസൺ തീകൊളുത്തിയതെന്നാണ് വിവരം. 50 ശതമാനത്തിന് മുകളിൽ പരുക്കേറ്റ മരുമകൾ ലിജി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.