Monday 04 March 2024 03:31 PM IST : By സ്വന്തം ലേഖകൻ

തെളിവെടുപ്പ് നിസംഗതയോടെ നോക്കിനിന്ന് വിദ്യാർഥികൾ: മുഖ്യപ്രതിയെ കണ്ട് ചിലര്‍ മുറികളിൽ കയറി വാതിലടച്ചു

sidharthan-14

സിദ്ധാർഥന്റെ മരണത്തിനിടയാക്കിയ കേസിലെ മുഖ്യപ്രതി സിൻജോ ജോൺസനെ വൻ പൊലീസ് കാവലിൽ തെളിവെടുപ്പിനെത്തിച്ചപ്പോൾ നിശ്ശബ്ദമായി പൂക്കോട് സർവകലാശാല ഹോസ്റ്റൽ. പൊലീസ് നടപടികളെല്ലാം നിസ്സംഗതയോടെ വിദ്യാർഥികൾ നോക്കിനിന്നു. സിദ്ധാർഥനെ ക്രൂരമായി മർദിച്ചവരിലെ മുഖ്യപ്രതി എത്തിയപ്പോൾ ചെറിയൊരു പ്രതിഷേധം പോലും ഉയർന്നില്ല. പൊലീസ് പടയ്ക്കൊപ്പം ദൃശ്യമാധ്യമങ്ങളും അകത്തെത്തി ലൈവ് സംപ്രേഷണം തുടങ്ങിയിട്ടും ഒന്നും കാര്യമായി സംഭവിച്ചിട്ടില്ലാത്തതുപോലെയായിരുന്നു ഹോസ്റ്റലും പരിസരവും‍. 

അന്തേവാസികളിൽ ചിലർ ഇങ്ങനെയൊരു സംഭവം നടക്കുന്നതായിപ്പോലും നടിച്ചില്ല. പൊലീസ് സംഘത്തിനൊപ്പം സിൻജോ എത്തുന്നതു കണ്ട ചില വിദ്യാർഥികൾ മുറികളിൽ കയറി വാതിലടച്ചു. സിദ്ധാർഥനെ  പരസ്യവിചാരണ നടത്തിയ നടുത്തളത്തിലത്തിലാണ് സിൻജോയുമായി പൊലീസ് ആദ്യമെത്തിയത്. സിദ്ധാർഥനെ അടിവസ്ത്രം മാത്രം ധരിപ്പിച്ചു മർദിച്ചതുൾപ്പെടെ അവിടെനടന്ന കാര്യങ്ങളെല്ലാം സിൻജോ വിശദീകരിച്ചു.പിന്നീട്, സിദ്ധാർഥനെ തടങ്കലിലിട്ടു മർദിച്ച ഒന്നാം നിലയിലെ 21 ാം നമ്പർ മുറിയിലേക്കും എത്തി.

ഇവിടെനിന്ന് ഗ്ലു ഗണും ഇലക്ട്രിക് വയറും കണ്ടെത്തി. ആ കേബിൾ ഉപയോഗിച്ചാണ് സിദ്ധാർഥനെ മർദിച്ചതെന്ന് സിൻജോ അന്വേഷണ ഉദ്യോഗസ്ഥരോടു പറഞ്ഞു. ശേഷം രണ്ടാംനിലയിലെ 36ാം നമ്പർ മുറിയിലേക്ക്. മർദനത്തിനു മറ്റെന്തെങ്കിലും ഉപയോഗിച്ചിരുന്നോ എന്ന പൊലീസിന്റെ ചോദ്യത്തിന്,ഇല്ലെന്നായിരുന്നു സിൻജോയുടെ മറുപടി. 

പൊലീസ് ചോദ്യം ആവർത്തിച്ചപ്പോൾ ചെരിപ്പ് കൊണ്ട് അടിച്ചിരുന്നുവെന്ന് സിൻജോ തുറന്നുപറഞ്ഞു. ചെരിപ്പ് എവിടെന്നായി അടുത്ത ചോദ്യം. കട്ടിലിനടിയിൽനിന്ന് പൊലീസ് സിൻജോയുടെ ചെരിപ്പ് കണ്ടെത്തി.  ഫോണിൽ ലഭിച്ച ചെരിപ്പിന്റെ ചിത്രവുമായി പൊലീസ് അത് ഒത്തുനോക്കി. ചെരിപ്പിന്റെ അളവെടുത്ത പൊലീസ് അതു തെളിവായി ശേഖരിച്ചു.  5 മണിയോടെ തുടങ്ങിയ തെളിവെടുപ്പ് ഒരുമണിക്കൂറോളം നീണ്ടു.