Monday 05 June 2023 12:10 PM IST

പുല്ലു പോലും മുളയ്ക്കാത്ത മൊട്ടക്കുന്ന് മുപ്പതു വ‌ർഷത്തെ അധ്വാനം കൊണ്ട് കാടാക്കി മാറ്റിയ മനുഷ്യൻ

Naseel Voici

Columnist

kareem 1

കാടിനുള്ളിലെ കാഴ്ചകൾ കാണാൻ ചെന്ന് ഒടുക്കം അവിടെ താമസമാക്കിയവരെക്കുറിച്ച് നാം കേട്ടിട്ടുണ്ട്. കുന്നു നിരത്തിയും കാട് വെട്ടിപ്പിടിച്ചും തോട്ടങ്ങളുണ്ടാക്കിയ വീരഗാഥകളും കേട്ടിട്ടുണ്ടാവും. എന്നാൽ ചുട്ടുപൊള്ളുന്ന തരിശുനിലത്തിൽ കാടു വളർത്തി അതിനുള്ളിൽ കൂടുകൂട്ടിയ മനുഷ്യനെ കുറിച്ചു കേട്ടിട്ടുണ്ടോ? അങ്ങനെയൊരാളെ പരിചയപ്പെടാം കാസർകോട് സ്വദേശിയായ അബ്ദുൽ കരീം അഥവാ ‘ഫോറസ്റ്റ് കരീം’. അദ്ദേഹമാണ് ഈ കഥയിലെ നായകൻ. പേരിനു പിന്നിലെ ‘ഫോറസ്റ്റ്’ വെറുമൊരു ഭംഗിവാക്കല്ല. കുന്ന് നിരന്ന് കെട്ടിടമായും വനം മുറിഞ്ഞ് വൻപാതകളായും മാറുന്ന കാലത്ത് തന്റെ മണ്ണിൽ അദ്ദേഹം വളർത്തിയത് ഒരു വനമാണ്. നൂറുകണക്കിനു ജീവജാലങ്ങൾക്ക് ആവാസ വ്യവസ്ഥയൊരുക്കുന്ന, നാടിനു ശുദ്ധജലം പകരുന്ന ഒരു കാട്.

34 ഡിഗ്രി ചൂടിൽ ചുട്ടുപൊള്ളുന്ന കാഞ്ഞങ്ങാട് പട്ടണത്തിൽ നിന്നാണ് ഈ ‘കാട്ടുമനുഷ്യനെ’ തേടിയുള്ള യാത്രയാരംഭിച്ചത്. ചൂട് കാറ്റ് വീശുന്ന മൊട്ടക്കുന്നുകൾക്കരികിലൂടെ 27 കിലോമീറ്റർ സഞ്ചരിച്ച് പരപ്പയ്ക്കടുത്ത് പുളിയംകുളത്തെത്തിയപ്പോൾ കാലാവസ്ഥക്കൊരു മാറ്റം. കാറ്റിനാകെയൊരു തണുപ്പ്. ചൂട് 28 ഡിഗ്രി മാത്രം. ഇത്തിരി ദൂരം മുന്നോട്ടു പോയി. ഒരു കാട് തുടങ്ങുന്ന വഴിക്കരികെ വണ്ടിയൊതുക്കി. ‘‘പ്ലാസ്റ്റിക് കൂടുകൾ നിരോധിച്ചിരിക്കുന്നു’’ എന്നെഴുതി വച്ച ‘കരീംസ് ഫോറസ്റ്റി’ന്റെ ബോർഡാണ് സ്വാഗതം ചെയ്തത്. അതുവരെ കണ്ട മൊട്ടക്കുന്നുകളായിരുന്നില്ല, സൂര്യവെളിച്ചം കടന്നു വരാത്തത്രയും മരങ്ങൾ തണലു വിരിക്കുന്ന മൺ പാതയായിരുന്നു പിന്നീടങ്ങോട്ട്. അതിനറ്റത്ത് ചെറിയൊരു വീട് അവിടെ കാത്തിരിപ്പുണ്ടായിരുന്നു വെളുത്ത മുണ്ടും ഷർട്ടും അതിനേക്കാൾ വെളുത്ത ചിരിയുമായി ഒരു മനുഷ്യൻ.

‘‘ആദ്യമാദ്യം ഈ പാറക്കെട്ടിൽ മരം വച്ചുപിടിപ്പിക്കുന്നതു കണ്ട നാട്ടുകാർ കരുതിയത് എനിക്ക് വട്ടാണെന്നാണ്. പക്ഷേ, പിന്നീട്, പച്ചപ്പിനു കട്ടിയേറി വന്നപ്പോൾ, അതിനനുസരിച്ച് കിണറുകളിൽ ജലനിരപ്പുയർന്നപ്പോള്‍ അവർക്കു മനസ്സിലായി; ഇതു വെറും വട്ടല്ല. നാളേക്കു വേണ്ടിയുള്ള കരുതലാണെന്ന്...’’ കാടിന്റെ വിശേഷങ്ങൾ ചോദിച്ചപ്പോൾ കരീമിന്റെ വാക്കുകളിൽ എഴുപതുകളുടെ രണ്ടാം പകുതി തെളിഞ്ഞു.

ആദ്യ വേരുകൾ

kareem 3

മുപ്പതു വർഷങ്ങൾക്കു മുൻപാണ് ഇന്നത്തെ ‘കരീംസ് ഫോറസ്റ്റി’ന്റെ ആദ്യ വേരുകൾ മണ്ണിലാഴുന്നത്. അന്ന് തിരക്കുപിടിച്ച ബിസിനസുമായി ഗൾഫിലും മുംബൈയിലും (അന്നത്തെ ബോംബെ) ഓടി നടക്കുകയായിരുന്നു അബ്ദുൽ കരീം. ഏതൊരു പ്രവാസിയെയും പോലെ അയാളുടെ മനസ്സിലും ഒരു സ്വപ്നമുണ്ടായിരുന്നു വീട്. എന്നാൽ സാധാരണ സ്വപ്നങ്ങളിൽ നിന്ന് കരീമിന്റെ സ്വപ്നത്തിന് അൽപം വ്യത്യാസമുണ്ട്. റോഡരികിലോ പട്ടണത്തിലോ അല്ല, ഒരു കാടിനുള്ളിൽ വേണം വീട് വയ്ക്കാൻ. പ്രവാസത്തിനിടെ പൊട്ടിമുളച്ചതായിരുന്നില്ല ഈ മോഹം. ചെറുപ്പം തൊട്ടേ മനസ്സിൽ വേരാഴ്ത്തിയതാണ്. ശരിക്കു പറഞ്ഞാൽ കാടിനുള്ളിലല്ല, കാവിനുള്ളിൽ വീടു വയ്ക്കാനാണ് കരീം അന്നാഗ്രഹിച്ചിരുന്നത്.

‘‘കാഞ്ഞങ്ങാട് രാജാസ് സ്കൂളിലായിരുന്നു പഠനം. ആ കാലമല്ലേ...സ്കൂളിൽ ഉച്ചയ്ക്ക് ഭക്ഷണമുണ്ടായെന്നു വരില്ല. അപ്പോൾ പള്ളിയിൽ നിന്ന് നിസ്കരിച്ച് അടുത്തുള്ള മണ്ണമ്പുറത്ത് കാവിൽ ചെന്നിരിക്കും. പച്ചപ്പും കിളികളും കാവിന്റെ തണുപ്പുമെല്ലാമാവുമ്പോൾ വിശപ്പും ക്ഷീണവുമൊന്നുമറിയില്ല. അന്നു തൊട്ടു മനസ്സിൽ കയറിക്കൂടിയതാണ് വീടു വയ്ക്കുകയാണെങ്കിൽ ഇങ്ങനെയൊരിടത്താവണമെന്ന മോഹം...’’ അര നൂറ്റാണ്ടിലേറെ പഴക്കമുള്ള കഥ കരീം ഓർത്തെടുത്തു.

kareem 4

അങ്ങനെ വീടു വയ്ക്കാൻ കരീം പുളിയംകുളത്ത് അഞ്ചേക്കർ ഭൂമി വാങ്ങി. ഗൾഫിൽ നിന്ന് ഫോൺ വഴിയാണ് കച്ചവടമുറപ്പിച്ചത്. നാട്ടിലെത്തി തന്റെ സ്വപ്ന ഗൃഹം പണിയാനുള്ള സ്ഥലം കാണാനെത്തിയ കരീം തരിച്ചുനിന്നു കാട് പോയിട്ട് കുറ്റിച്ചെടി പോലും വളരാത്ത മൊട്ടക്കുന്ന്. മണ്ണിനെക്കാളേറെ പാറ പടർന്ന ഭൂമിയിൽ കരിഞ്ഞുണങ്ങിയ പുല്ലും ചൂടുകാറ്റും. കാടിനുള്ളില്‍ വീട് പണിയുന്നത് സ്വപ്നം കണ്ടെത്തിയ കരീം നിരാശയോടെ ഗൾഫിലേക്കു മടങ്ങി. ആയിടക്കാണ് ഒരു ദിവസം അയാൾ മറ്റൊരു കാഴ്ച കണ്ടത് ചുട്ടുപൊള്ളുന്ന മരുഭൂമിയിലെ റോഡിനു നടുവിൽ കുറേ പേർ പുല്ല് വച്ചുപിടിപ്പിക്കുന്നു. ഒരു വാഹനത്തിൽ മണ്ണും മറ്റൊരു വാഹനത്തിൽ വെള്ളവുമൊക്കെയെത്തിച്ചുള്ള കഠിന ശ്രമം. ‘‘മരുഭൂമിയിലിതാവാമെങ്കിൽ എന്റെ മണ്ണിൽ എന്തുകൊണ്ട് ഒരു ശ്രമം നടത്തിക്കൂടാ...മഴയെങ്കിലുമുണ്ടല്ലോ’’ കരീമിന്റെ മനസ്സിൽ പുതിയ വഴി തെളിഞ്ഞു.

അടുത്ത മഴക്കാലത്ത് കരീം തന്റെ ‘സ്വപ്നഭൂമി’യിൽ മരങ്ങൾ നട്ടുപിടിപ്പിച്ചു. പക്ഷേ വേനലിൽ എല്ലാം കരിഞ്ഞുണങ്ങി. ഇനിയെന്തു ചെയ്യുമെന്നാലോചിച്ച് നിരാശനായി നിൽക്കുമ്പോഴാണ് പാറയിടുക്കിലെ പച്ചപ്പ് കണ്ണിലുടക്കിയത് മരുത് മരം. താൻ നട്ടതിൽ ഒരു മരം വേനലിനെ അതിജീവിച്ചിരിക്കുന്നു! ആ മരത്തിന്റെ അതിജീവനം കരീമിനു ആവേശം പകർന്നു. അടുത്ത മഴക്കാലത്ത് വച്ചുപിടിപ്പിച്ച മരങ്ങളുടെ എണ്ണം കൂടി. വെള്ളം നനയ്ക്കാൻ ആളെയും ഏർപ്പാടാക്കി. പ്രവർത്തനങ്ങൾ ഫലം കണ്ടു തുടങ്ങുകയായിരുന്നു. വേരു പിടിച്ച് തലയുയർത്തിയ മരങ്ങളുടെ എണ്ണം കൂടിത്തുടങ്ങി. വറ്റിക്കിടന്ന പൊട്ടക്കിണറിൽ അതിനനുസരിച്ച് ജലനിരപ്പുയർന്നു.

5ൽ നിന്ന് 32 ഏക്കറിലേക്ക്...

kareem 2

അടുത്ത വർഷം കരീം തൊട്ടടുത്തുള്ള തരിശുനിലങ്ങൾ കൂടി വിലകൊടുത്തു വാങ്ങി. അഞ്ച് ഏക്കർ വളർന്ന് 32 ഏക്കറായി മാറി. അവിടെയും മരങ്ങൾ വച്ചു പിടിപ്പിച്ചു. വെള്ളത്തിന്റെ ലഭ്യത കൂടിയപ്പോൾ പതിയെ കിളികൾ കൂടുകൂട്ടി തുടങ്ങി. മയിലും കുറുക്കനും മുയലും വിരുന്നുകാരായെത്തി. സ്വപ്നത്തിന്റെ വളർച്ചക്കു വേഗം കൂടുന്നുണ്ടെന്നറിഞ്ഞപ്പോൾ കരീമിന്റെ മനസ്സിൽ കാട്ടുപച്ച പടർന്നു. ബിസിനസ്സിൽ ഇരിപ്പുറയ്ക്കാതായി. വർഷങ്ങൾ കൊണ്ടു പടുത്തുയർത്തിയ ബിസിനസ് ലോകത്തോടു യാത്ര പറഞ്ഞ് അയാൾ തന്റെ കാട്ടിലേക്കു വന്നു. തനിക്കും കുടുംബത്തിനുമായി അതിനുള്ളിൽ ചെറിയൊരു കൂടുകൂട്ടി. ആ മണ്ണിനെ തൊട്ടറിഞ്ഞ് അതിലേക്കു ജീവൻ പകർന്ന മനുഷ്യന്റെ നിത്യസാന്നിധ്യം കൂടിയായപ്പോൾ പ്രകൃതി കൂടുതൽ സുന്ദരിയായി.

ഏത് വേനലിലും പച്ചപ്പ് നിറയുന്ന നിബിഡവനമാണ് ഇന്ന് കരീംസ് ഫോറസ്റ്റ്. മുൻപ് ജലക്ഷാമം അനുഭവിച്ചെങ്കിൽ ഇന്ന് ആറോളം ജലശേഖരങ്ങൾ എല്ലാ കാലത്തും കാടിന്റെയും നാടിന്റെയും ദാഹമകറ്റുന്നു. ഒരു തുള്ളി വെള്ളം പോലുമില്ലാതെ മരങ്ങൾ കരിഞ്ഞുവീണ പൊള്ളുന്ന പാറക്കെട്ടുകൾക്കിടയിൽ നിന്നാണ് ഈ തെളിനീരുറവകളുണ്ടായതെന്നോർക്കണം.

‘‘ജലസംരക്ഷണത്തിനായി കുളങ്ങളുണ്ട്. അതിൽ സംഭരിച്ചുവയ്ക്കുന്ന ശുദ്ധജലമാണ് വേനലിൽ സമീപപ്രദേശങ്ങളിലുള്ളവർ ഉപയോഗിക്കുന്നത്. ഒരു രാസവളവും ഈ മണ്ണിലില്ല. അതുകൊണ്ടു തന്നെ ഇവിടെ ഉറവയെടുക്കുന്ന ശുദ്ധജലം എത്ര കാലം കഴിഞ്ഞാലും അതേപടി നിലനിൽക്കുന്നു’’ കരീം കാടിനുള്ളിലേക്കുള്ള വഴികൾ ചൂണ്ടി വാചാലനായി.

അതിമനോഹമാണ് കരീംസ് ഫോറസ്റ്റിന്റെ കാഴ്ചകൾ. ഒരു മനുഷ്യൻ നട്ടു വളർത്തിയതാണെന്ന് തോന്നുകയേ ഇല്ല. കിളികളുടെ ആരവങ്ങൾ, പച്ചപ്പിന്റെ ചിത്രപ്പണികൾ, ഇലകൾ മൂടിയ മൺവഴികൾ, പുൽമേടുകൾ...എന്നിങ്ങനെ ഒരു മഴക്കാടിന്റെ പ്രതീതിയുളവാക്കുന്ന കാഴ്ചകൾ. കരീം നട്ടുവളർത്തിയതും കൂടെ പ്രകൃതി താനേയൊരുക്കിയതുമായ ജൈവ വൈവിധ്യവും ഏറെ ശ്രദ്ധേയമാണ്. 280ൽ അധികം ഇനം വൃക്ഷങ്ങളും 400ലധികം സസ്യങ്ങളും ഇന്ന് കരീംസ് ഫോറസ്റ്റിലുണ്ട്. അപൂർവയിനം ചിത്രശലഭങ്ങളും ചിലന്തികളും കാഴ്ചയൊരുക്കുന്നു.

പ്രകൃതിപാഠങ്ങൾ

kareem 5

പച്ചപ്പിനിടയിൽ ഒരു വീട് വയ്ക്കാനായിരുന്നു തുടക്കമെങ്കിലും ഇന്ന് ലോകം മാതൃകയാക്കുന്ന പരിസ്ഥിതി പ്രവർത്തകനാണ് അബ്ദുൽ കരീം. ‘കരീമിന്റെ കാട്’ ലോകത്തിന്റെ പല കോണുകളിലും ചർച്ച ചെയ്യപ്പെടുന്നു. കാഴ്ച കാണാനും ഇവിടത്തെ രീതികൾ മനസ്സിലാക്കാനുമായി വിവിധ ദേശങ്ങളിൽ നിന്ന് സഞ്ചാരികളെത്തുന്നു. വനസംരക്ഷണത്തിനും പുനരുത്പാദനത്തിനും ഇദ്ദേഹം തിരഞ്ഞെടുത്ത വഴികൾ ഇന്ത്യയിലെ പല സർവകലാശാലകളിലെയും ഗവേഷണ സ്ഥാപനങ്ങളിലെയും പഠന വിഷയമാണ്. ഐക്യരാഷ്ട്ര സഭയുടെയും നാഷനൽ ജ്യോഗ്രഫികിന്റെയും അംഗീകാരങ്ങളും ‘കരീംസ് ഫോറസ്റ്റി’നെ തേടിയെത്തിയിട്ടുണ്ട്.

1998ൽ സഹാറ ഗ്രൂപ്പിന്റെ നേതൃത്വത്തിൽ മുംബൈയിൽ 125000 മരങ്ങൾ നട്ടുപിടിക്കുന്ന ചടങ്ങിൽ അമിതാഭ് ബച്ചനും ദിലീപ് കുമാറിനും രാജ് ബബ്ബാറിനുമൊപ്പം ക്ഷണിക്കപ്പെട്ട അതിഥിയായിരുന്നു ഈ കാസർകോട്ടുകാരൻ എന്നറിയുമ്പോഴാണ് അദ്ദേഹത്തിന്റെ നേട്ടങ്ങളുടെ വ്യാപ്തി മനസ്സിലാവുക.

‘‘പരിസ്ഥിതി സംരക്ഷണമെന്ന ലക്ഷ്യത്തോടെയായിരുന്നില്ല തുടക്കം. ഒരു സ്വപ്നത്തെ പിന്തുടരുക മാത്രമായിരുന്നു. പക്ഷേ പിന്നീട് ഓരോ മരം വേരുപിടിക്കുമ്പോഴും കിണറിലെ ജലനിരപ്പുയരുമ്പോഴും ഞാനതിനെ കുറിച്ചാലോചിക്കാൻ തുടങ്ങി. ഒരു കാടിന്റെ വളർച്ചയിലൂടെ പ്രകൃതി എത്രത്തോളം സംരക്ഷിക്കപ്പെടുന്നുവെന്നതിനെ കുറിച്ച് അനുഭവത്തിലൂടെയാണ് മനസ്സിലാക്കിയത്. അല്ലാതെ ഇതൊന്നും വായിച്ചറിഞ്ഞതോ പഠിച്ചെടുത്തതോ അല്ല’’ പ്രകൃതിയുടെ ലാളിത്യം കരീമിന്റെ വാക്കുകളിലും തെളിയുന്നു.

Tags:
  • Manorama Traveller