Friday 13 March 2020 04:19 PM IST

‘പുലർച്ചെ മൂന്നേകാലോടെ റിസൽറ്റെത്തി, ഒറ്റബെല്ലിനാണ് ഫോണെടുത്തത്; അവർ ഉറക്കമിളച്ചു നിൽക്കുമ്പോൾ നമ്മളും കൂടെ നിൽക്കേണ്ടേ?’

Sujith P Nair

Sub Editor

1563612418679 ഫോട്ടോ: ശ്രീകാന്ത് കളരിക്കൽ

നിമിഷങ്ങൾക്ക് മണിക്കൂറുകളുടെ വിലയായിരുന്നു ആ ഉമ്മയ്ക്കും  ഉപ്പയ്ക്കും. ആശങ്കയുടെ ദൂരം താണ്ടാനാകണേ എന്ന പ്രാർഥനയോടെ, കേരളം തുറന്ന വഴിയിലൂടെ കാസർകോട് നിന്നു തിരുവനന്തപുരത്തേക്ക് ആ കുഞ്ഞുപ്രാണനുമായി ആംബുലൻസിൽ പായുമ്പോൾ മുന്നിൽ ഒരു മാലാഖയെത്തി. കൊച്ചിയിൽ വിദഗ്ധചികിത്സ ഉറപ്പാക്കി ആ വിളിയെത്തിയപ്പോൾ പടച്ചോനൊപ്പം ഒരു മുഖം കൂടി അവർ ചേർത്തുവച്ചു, ആരോഗ്യമന്ത്രി കെ.കെ. ശൈലജ ടീച്ചറുടെ.

പിഞ്ചുബാലന് ജീവൻ പകർന്നുനൽകിയ അമ്മയായി, ചികിത്സാപ്പിഴവിൽ ജീവനും ജീവിതവും തുലാസിലായ പെൺകുട്ടിക്ക് വാത്സല്യത്തണലായി, ലാബിലെ പരിശോധനാപ്പിഴവിൽ കാൻസർ രോഗത്തിനുള്ള കീമോതെറപിക്ക് വിധേയയായ യുവതിക്ക് സൗജന്യ ചികിത്സ ഉറപ്പാക്കിയ ആശ്രയമായി, നിപ്പ കാലത്ത് ഉറക്കം പോലുമുപേക്ഷിച്ച് ‘വൈറസി’നെ വരുതിയിലാക്കി നാടിന്റെ നായികയായി... ഉത്തരവാദിത്തങ്ങളുടെ ഭാരം ചുമലിലേറ്റി സ്വന്തം ആരോഗ്യം പോലും മറന്നിറങ്ങിയ ശൈലജ ടീച്ചർക്ക്  ജനങ്ങൾ ഒരു പേര് നൽകി, ടീച്ചറമ്മ. അമ്മയുടെ വാത്സല്യവും ടീച്ചറുടെ കാർക്കശ്യവും ഒന്നിക്കുന്ന ഈ അമ്മക്കരുതലിന് ആ പേരേ ചേരൂ.

‘‘അപകടഘട്ടം കഴിഞ്ഞുവരുന്ന കുട്ടികളുടെ രക്ഷിതാക്കളുടെ ചിരിയാണ് ഏറ്റവും വലിയ ആനന്ദവും അംഗീകാരവും. പല പ്രശ്നങ്ങളും ഫയൽ വഴി എത്തുമ്പോൾ ചികിത്സ വൈകാൻ സാധ്യതയുണ്ട്. ഇപ്പോൾ അടിയന്തര പ്രാധാന്യമുള്ള കാര്യങ്ങളിൽ ഇടപെടാൻ സോഷ്യൽ മീഡിയയാണ് സഹായിക്കുന്നത്. അതിനായി ഒരു ടീമുണ്ട്. ഇത്തരം ഇടപെടലിലൂടെ പലരുടെയും ജീവൻ രക്ഷിക്കാൻ എന്നെ സഹായിച്ച അവർക്കു കൂടി അർഹതപ്പെട്ടതാണ് ഈ കയ്യടി.’’ തിരക്കുകൾക്കിടയിൽ ‘വനിത’യുമായി സംസാരിക്കാനിരിക്കുമ്പോൾ സ്വതേ കർക്കശക്കാരിയായ ടീച്ചറിന്റെ വാക്കിൽ കാരുണ്യത്തിളക്കം.

ടീം വർക്കിനെക്കുറിച്ചാണ് സംസാരമൊക്കെ ?

എനക്ക് ഒറ്റയ്ക്ക് എന്തുചെയ്യാനാകും? (തനി കണ്ണൂർ ഭാഷയിൽ ടീച്ചറുടെ മറുചോദ്യം) മികച്ച സംഘമുണ്ട് ഒപ്പം. ആരോഗ്യവകുപ്പ് അഡീഷനൽ സെക്രട്ടറി രാജീവ് സദാനന്ദൻ ഐഎഎസ് നാലുമാസം മുൻപ് വിരമിക്കും വരെ വലംകയ്യായി കൂടെയുണ്ടായിരുന്നു. വകുപ്പിനെക്കുറിച്ച് നല്ല ധാരണയും, കേന്ദ്ര–സംസ്ഥാന സർവീസുകളിലെ 13 വർഷത്തെ പ രിചയവും  കൊണ്ട് തീരുമാനങ്ങൾ പെട്ടെന്ന് എടുക്കാനുള്ള മികവായിരുന്നു അദ്ദേഹത്തിന്റെ കൈമുതൽ.

ഇപ്പോൾ രാജൻ കോബ്രഗഡെ ഐഎഎസ് ആണ് ആ സ്ഥാനത്ത്. ഞാൻ തന്നെ രൂപീകരിച്ചിച്ച, രാപ്പകൽ ജോലി ചെയ്യാൻ സന്നദ്ധരായ കുറച്ചുപേരുള്ള ടീം ഇപ്പോഴൊരു മിഷനിലാണ്.

1563612456244

നിപ്പ വീണ്ടും വന്ന കാലത്ത് പുലർച്ചെ മൂന്നിന് ഒറ്റ റിങ്ങിൽ ഫോണെടുത്തത് വാർത്തയായി ?

കഴിഞ്ഞ വർഷം നിപ്പ കണ്ടെത്തുകയും പ്രവർത്തനങ്ങൾ ഊർജിതമാക്കുകയും ചെയ്തതിന്റെ ചുവടുപിടിച്ച് ഇക്കൊല്ലം ആദ്യ നിപ്പ കേസ് സ്ഥിരീകരിച്ച ഉടനെ പുണെ  വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഒരു പോയിന്റ് ഓഫ് കെയർ താൽക്കാലികമായി കൊച്ചി മെ‍ഡിക്കൽ കോളജിൽ സ്ഥാപിച്ചിരുന്നു. നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിലെ മൂന്നുപേരുടെ സേവനം വിട്ടുകിട്ടുകയും ചെയ്തു. വീണ്ടും  രണ്ടു പനി കേസ് കൂടി  റിപ്പോർട്ട് ചെയ്തെന്ന് ആ രാത്രി പതിനൊന്നരയ്ക്കാണ്  ഡിഎംഒ ഡോ. ഗണേഷ് മോഹൻ വിളിച്ചു പറഞ്ഞത്, അതോടെ ടെൻഷനായി. അവ നിപ്പ ആണെന്നു സ്ഥിരീകരിച്ചാൽ പിന്നെ പ്രവർത്തനങ്ങൾ മുഴുവൻ മാറ്റണം. സാംപിൾ പരിശോധിച്ച് രാത്രി തന്നെ നിപ്പ ആണോ എന്ന് ഉറപ്പാക്കാൻ കഴിയുമോ എന്നു ഞാൻ ചോദിച്ചു. ഡ്യൂട്ടി കഴിഞ്ഞ് പോയ കൊച്ചി പോയിന്റ് ഓഫ് കെയറിലുള്ളവരെ തിരികെ വരുത്തി. എത്ര വൈകിയാലും വിവരം അറിയിക്കണമെന്നു ഡോ. ഗണേശിനോട് നിർദേശിച്ചു.

പുലർച്ചെ മൂന്നേകാലോടെയാണ് റിസൽറ്റ് വന്നത്. കിടന്നെങ്കിലും ഈ ചിന്തയിലായതിനാൽ ഞാൻ ഉറങ്ങിയിരുന്നില്ല. അതുകൊണ്ടാണ് ഒറ്റ ബെല്ലിന് ഫോണെടുത്തത്. അവർ ഉറക്കമിളച്ചു നിൽക്കുമ്പോൾ നമ്മളും കൂടെ നിൽക്കേണ്ടേ ? ഫലം നെഗറ്റീവായത് എല്ലാവർക്കും ആശ്വാസമായിരുന്നു.

പഠനകാലത്തെ രാഷ്ട്രീയം?

മട്ടന്നൂർ പഴശ്ശിരാജ കോളജിൽ ഡിഗ്രിക്കു പഠിക്കുമ്പോൾ എസ്എഫ്ഐയിൽ ചേർന്നു എന്നല്ലാതെ പ്രവർത്തിച്ചിരുന്നില്ല. കെമിസ്ട്രി ആയിരുന്നു മെയിൻ, ഫിസിക്സും മാത്‌സും സബ്. പഠനം കഴിഞ്ഞാണ് ഡിവൈഎഫ്ഐയിലൂടെ രാഷ്ട്രീയത്തിലേക്കു കടക്കുന്നത്. ഞാനും ഭാസ്കരൻ മാഷും ഒരേ കമ്മിറ്റിയിൽ പ്രവർത്തിച്ചിരുന്നു. അക്കാലത്താണ് അദ്ദേഹം വിവാഹാഭ്യർഥന നടത്തിയത്. പ്രണയം ആയിരുന്നോ എന്നൊന്നും അറിയില്ല. പരസ്പരം അറിയാവുന്ന ആളുകളാണ്. അമ്മാവൻമാരോടും അമ്മമ്മയോടും സംസാരിക്കാനാണ് ഞാൻ ആവശ്യപ്പെട്ടത്. അവർക്ക് എതിർപ്പുണ്ടായിരുന്നില്ല. 1981 ലായിരുന്നു ഞങ്ങളുടെ വിവാഹം.

ജോലി വേണം എന്നത് എന്റെ വാശിയായിരുന്നു. സ്ത്രീകൾ സ്വന്തം കാലിൽ നിൽക്കണം എന്ന ചിന്തയുമുണ്ട്. എന്റെ ജോലിയൊക്കെ അദ്ദേഹം തരപ്പെടുത്തി വച്ചിരുന്നു. സ്കൂളിൽ ഫിസിക്സ് അധ്യാപികയായി ചേർന്നു, ഒപ്പം സംഘടനാ പ്രവർത്തനവും കൊണ്ടുപോയി. 1996 ലാണ് കൂത്തുപറമ്പിൽ സ്ഥാനാർഥിയാകുന്നത്. ജോലിയിൽ നിന്ന് അവധി എടുത്താണ് മത്സരിച്ചത്. അടുത്ത തവണ പി. ജയരാജനാണ് പാർട്ടി സീറ്റ് നൽകിയത്. അതോടെ സർവീസ് ബ്രേക്ക് ചെയ്യേണ്ടല്ലോ എന്നോർത്ത് ലീവ് റദ്ദാക്കി സ്കൂളിൽ ജോയിൻ ചെയ്തു. മൂന്നു വർഷം കൂടി അവിടെ തുടർന്നു.

പിന്നീട് പാർട്ടി അവശ്യപ്പെട്ടതിനെ തുടർന്നാണ് രാജി വച്ചത്. മട്ടന്നൂർ നഗരസഭാ ചെയർമാനായി പ്രവർത്തിച്ചിരുന്ന ഭാസ്കരൻ മാഷ് ഇപ്പോഴും പൊതുരംഗത്ത് സജീവമാണ്.

sfhftyyr

അധ്യാപന പരിചയം പൊതുരംഗത്ത് ഗുണകരമായി ?

പ്രശ്നങ്ങൾ പഠിച്ച് മറ്റുള്ളവർക്ക് പറഞ്ഞു മനസ്സിലാക്കി കൊടുക്കാൻ കഴിയുന്നത് ഒരുപക്ഷേ അധ്യാപിക ആയതിനാലാകും. എന്റെ വിഷയം ശാസ്ത്രമായതിനാൽ യുക്തിക്കാണ്  പ്രാധാന്യം നൽകുന്നത്. ഒരു സംഭവം പറയാം. ഒരു പരീക്ഷാക്കാലത്ത് അടുത്ത ക്ലാസിലെ ടീച്ചർ ഭയന്ന് ഓടിവന്നു. അവർ പരീക്ഷാ ഡ്യൂട്ടി ചെയ്യുന്ന ക്ലാസിലെ ഒരു കുട്ടി അസ്വാഭാവികമായി പെരുമാറുന്നു. ബാധ കയറിയെന്നാണ് ടീച്ചറുടെ പേടി. ഞാൻ അവിടേക്ക് എത്തി. അനന്തതയിലേക്ക് കണ്ണുംനട്ട്  ഒരു പെൺകുട്ടി ഇരിക്കുകയാണ്. ഞാൻ അടുത്തേക്ക് പോകാൻ തുടങ്ങിയപ്പോൾ ടീച്ചർ തടഞ്ഞു. അതു വകവയ്ക്കാതെ കയ്യിൽ പിടിച്ചപ്പോൾ വലിയ ശക്തിയിൽ ആ കുട്ടി എന്റെ കൈ തട്ടിമാറ്റി. ഞാൻ അൽപം ബലത്തിൽ തന്നെ അവളുടെ തോളിൽ പിടിച്ചു. ചുട്ടുപൊള്ളുന്നുണ്ടായിരുന്നു അവൾ. ‘നിനക്ക് പനി ആണെ’ന്ന് ഞാൻ പറഞ്ഞതു കേട്ട് കനത്ത ശബ്ദത്തിൽ അവൾ പ്രതികരിച്ചു. ‘‘എനക്ക് പനിയൊന്നുമില്ല. എന്നെ പള്ളിപ്പറമ്പിൽ കൊണ്ടുവിട്ടാൽ മതി.’’

ശ്മശാനം വഴി വന്നപ്പോൾ പേടിച്ചതാകാം, പോരാത്തതിനു പരീക്ഷയും. അന്നത്തെ കാലത്ത് കൗൺസലിങ് ഒന്നും പരിചിതമല്ല. എങ്കിലും അമ്മമ്മ ചെയ്യുന്നതു കണ്ട ഓർമയിൽ ഞാൻ അവളുടെ ചെവിയിൽ ശബ്ദം താഴ്ത്തി സംസാരിക്കാൻ തുടങ്ങി. എന്തൊക്കെയോ ഞാൻ പറഞ്ഞു. അതോടെ അവൾ തെല്ലൊന്ന് അയഞ്ഞു. കണ്ണ് അനക്കി തുടങ്ങി. അപ്പോഴേക്കും സഹപ്രവർത്തകരായ ഉഷ ടീച്ചറും ഹരീന്ദ്രൻ മാഷും എത്തി കുട്ടിയെ ടീച്ചേഴ്സ് റൂമിലേക്കു മാറ്റി. എന്തായാലും  ‘പ്രേതം കൂടിയ’ പെൺകുട്ടി വൈകിട്ടോടെ രോഗം കുറഞ്ഞ് വീട്ടിലേക്ക് മടങ്ങി. ഇപ്പോഴും ഞാൻ രക്ഷിതാക്കളോടു പറയും, കുട്ടികൾക്ക് കറുത്ത ചരടും മറ്റു രക്ഷകളും കെട്ടി കൊടുക്കരുതെന്ന്. തങ്ങളുടെ രക്ഷ അതിലാണ് കുട്ടികൾ ധരിച്ചു കളയും. അത് എങ്ങനെയെങ്കിലും നഷ്ടപ്പെട്ടാൽ ഗുണത്തേക്കാൾ ദോഷമാകും ചെയ്യുക. കുട്ടികളെ ആത്മവിശ്വാസമുള്ളവരായി വളർത്താനാണ് ശ്രമിക്കേണ്ടത്, അന്ധവിശ്വാസികളായല്ല.

സർക്കാരിന്റെ ‘വിശ്വാസം’ തിരഞ്ഞെടുപ്പിൽ ചർച്ചയായി ?

വിശ്വാസം ഓരോരുത്തരുടെയും സ്വകാര്യതയാണ്. നമ്മുടെ വിഷമങ്ങൾ ദൈവത്തോട് പങ്കുവയ്ക്കുമ്പോൾ ആശ്വാസം ലഭിക്കുമെങ്കിൽ, മനസ്സ് നിർമലമാകുമെങ്കിൽ ആ വിശ്വാസം നല്ലതല്ലേ. അല്ലാതെ എന്റെ ദൈവം മാത്രമാണ് നല്ലതെന്നും മറ്റു ദൈവങ്ങൾ മോശക്കാരാണെന്നുമുള്ള ചിന്ത ശരിയല്ല. ശബരിമല വിഷയത്തിൽ എന്റെ നിലപാട്  വ്യക്തമാണ്. സ്ത്രീകൾ എന്തോ അശുദ്ധി ഉള്ളവരാണെന്ന് പറഞ്ഞാൽ അംഗീകരിക്കാൻ കഴിയില്ല. സ്ത്രീകൾ മല കയറുന്നതിൽ അയ്യപ്പന് കോപം ഉണ്ടാവുകയുമില്ല. ഏതെങ്കിലും സ്ത്രീക്ക് അയ്യപ്പനെ കാണാൻ അദമ്യമായ ആഗ്രഹം ഉണ്ടെങ്കിൽ അവരെ തടയരുത്. അവർ മനസമാധാനത്തോടെ പോയി തൊഴുതു തിരിച്ചു വരട്ടെ. എന്തിനാണ് അവരെ തടയുന്നത്?

എന്നാൽ അവകാശം സ്ഥാപിക്കാനായി എല്ലാരും കൂടി ഇടിച്ചുതള്ളി മലയിലേക്ക് പോവുകയാണെന്ന നിലപാട് അംഗീകരിക്കാൻ കഴിയില്ല. സംഘർഷം ഉണ്ടാക്കാനേ അത് ഉപകരിക്കൂ. ഭരണഘടനാപരമായി അവകാശം ഉണ്ടായിരിക്കാം. പക്ഷേ, അതിന്റെ പേരിൽ ചാടിപ്പുറപ്പെടണോ? അങ്ങനെ അവകാശം സ്ഥാപിക്കേണ്ട ഇടമല്ല ശബരിമല. അയ്യപ്പനെ മാത്രമല്ല, ഗുരുവായൂരപ്പനെ കാണാൻ ആഗ്രഹമുള്ള ക്രിസ്ത്യാനിയെയും അതിന് അനുവദിക്കണമെന്നാണ് എന്റെ നിലപാട്. യേശുദാസിന്റെ പാട്ട് കേൾക്കാം അദ്ദേഹത്തിന് ദേവനെ കാണാൻ അനുവാദമില്ലെന്ന് പറയുന്നത് ശരിയല്ലല്ലോ.

സ്ത്രീകളുടെ നേർക്ക് അതിക്രമങ്ങൾ കൂടുന്നുണ്ടോ ?

സമൂഹത്തിൽ പുരുഷാധിപത്യമാണുള്ളത്. രാത്രി 12 ന് റോഡിലൂടെ നടന്നുപോകുന്ന സ്ത്രീയെ അംഗീകരിക്കുന്ന തരത്തിൽ സമൂഹം മാറണം. അതിക്രമം നടന്നാൽ അപ്പോൾത്തന്നെ പ്രതികരിക്കണം. നിയമം സ്ത്രീക്ക് അനുകൂലമാണ്. ‘മീ ടൂ’ മൂവ്മെന്റിനോട് പൂർണമായി യോജിപ്പില്ല. പിന്നെ, വൈകിയാണെങ്കിലും സത്യം പുറത്തുവരുന്നത് നല്ലതല്ലേ ? സിനിമയിൽ മാത്രമല്ല എല്ലായിടത്തും സ്ത്രീകൾക്കു മാത്രമായി സംഘടന നല്ലതാണ്. ജെൻഡർ അടിസ്ഥാനത്തിലുള്ള പ്രശ്നങ്ങൾ എല്ലായിടത്തുമുണ്ട്.

‘വൈറസി’ലൂടെ സിനിമയിലും കഥാപാത്രമായി ?

നിപ്പ പോലൊരു രോഗം വന്നിരുന്നു എന്നും  കേരളം സംഘടിതമായി അതിനെ നേരിട്ടു എന്നും ‘വൈറസ്’ അടയാളപ്പെടുത്തുന്നുണ്ട്. സത്യൻ അന്തിക്കാട് സിനിമകളുടെ ഫാനാണ് ഞാൻ. നാടും നാട്ടിൻ പുറങ്ങളുമൊക്കെയാണ് ഇഷ്ടം. സിനിമയിലെ വയലൻസും ശബ്ദ കോലാഹലവും ദ്വയാർഥ പ്രയോഗങ്ങളും സ്ത്രീശരീര പ്രദർശനവുമെല്ലാം അറപ്പാണ്. ‘ബാൻഡിറ്റ് ക്യൂൻ’ എന്ന ചിത്രത്തിൽ സീമാ ബിശ്വാസിനെ നഗ്നയാക്കുന്ന രംഗമുണ്ട്. ഒരു സ്ത്രീ നേരിടുന്ന ക്രൂരതയും അവളുടെ നിസ്സഹായതയുമാണ് അവിടെ പ്രേക്ഷകർ കാണുന്നത്, അതിൽ ലൈംഗികതയില്ല. തിരക്കുകൾക്കിടയിലും സിനിമ കാണാൻ സമയം കണ്ടെത്തും. മാഷ് തിരുവനന്തപുരത്ത് വരുമ്പോൾ ഞങ്ങൾ സെക്കൻഡ് ഷോയ്ക്കു പോകാറുണ്ട്.

1563612411027

മന്ത്രിസ്ഥാനം ജീവിതത്തിലെ തിരക്കു കൂട്ടി ?

അതു സ്വാഭാവികമാണല്ലോ. ജനങ്ങളുമായി നേരിട്ട് ബന്ധമുള്ളതിനാൽ ഒരുപാട് ഫയലുകളാണ് മുന്നിലെത്തുക. രാത്രി വൈകിയും ജോലി ചെയ്തിട്ടാണ് ഉദ്യോഗസ്ഥർ അതൊക്കെ തീർപ്പാക്കുന്നത്. സാധാരണ ദിവസങ്ങളിൽ രാത്രി പതിനൊന്നര വരെ ഓഫിസിലിരുന്ന് ഫയലുകൾ നോക്കും. ഒട്ടുമിക്ക ദിവസങ്ങളിലും വസതിയിലെത്തുമ്പോൾ 12 മണിയാകും. അതുകഴിഞ്ഞാണ് ഭർത്താവ് ഭാസ്കരൻ മാഷിനെയും മക്കളെയും ഫോണിൽ വിളിക്കുക. കുറച്ചു നേരം ടിവി കാണും. ഒരു മണിയാകും കിടക്കുമ്പോൾ. രാവിലെ ആറിന് ഉണരും.

ദിവസം രണ്ടുനേരം മക്കളുമായി ഫോണിൽ സംസാരിക്കും. അവർ അഞ്ചാം ക്ലാസിൽ പഠിക്കുമ്പോഴാണ് ഞാൻ ആദ്യമായി എംഎൽഎ ആയത്. തിരക്കായതോടെ അവരുടെ കളിചിരികളും തമാശകളും എനിക്കു നഷ്ടപ്പെട്ടു. അവരും അമ്മയുടെ കരുതൽ കോംപ്രമൈസ് ചെയ്തു. എങ്കിലും വളരെ അറ്റാച്ച്ഡ് ആണ്. രണ്ട് ആൺമക്കളാണ് എനിക്ക്, ഇപ്പോൾ കൊച്ചുമക്കൾ ഉൾപ്പെടെ നാലു പെൺമക്കൾ കൂടിയുണ്ട്. മൂത്തവന്‍ ശോഭിത് ഗൾഫിൽ എൻജിനീയർ ആണ്. സിൻജുവാണ് ഭാര്യ. ഒരു മോളുണ്ട്, നിരാൽ. ഇളയവൻ ലസിതിന് കണ്ണൂർ എയർപോർട്ടിലാണ് ജോലി. മേഘയാണ് ഭാര്യ, മോളുടെ പേര് അൽപം വലുതാണ്, ഇഫയ ജഹനാര. രണ്ടു പേരുകൾ തന്നിട്ട് എന്നോട് തിരഞ്ഞെടുക്കാൻ ആവശ്യപ്പെട്ടു. ജഹനാര ആയിരുന്നു എന്റെ ചോയ്സ്. പക്ഷേ, മോൾക്ക് ഇഫയ എന്ന പേരിനോടാണ് താൽപര്യം. രാജുകുമാരിമാരുടെ രാജകുമാരി എന്നാണ് ആ പേരിന്റെ അർഥം. അപ്പോൾ ഞാനാണ് പറഞ്ഞത് രണ്ടു പേരുകളും കൂടി ചേർത്ത് ഒന്നാക്കാൻ.

ജനങ്ങളുടെ പ്രിയപ്പെട്ട ആരോഗ്യമന്ത്രി, കേരളത്തിന്റെ ആദ്യ വനിതാ മുഖ്യമന്ത്രി ആകുമോ ?

കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ പ്രവർത്തിക്കുന്നവരാരും സ്ഥാനമാനങ്ങൾ ആഗ്രഹിച്ചല്ല വരുന്നത്. പഞ്ചായത്ത് അംഗം പോലും ആകുമെന്ന് ഞാൻ കരുതിയിട്ടില്ല. പാർട്ടി പറയുന്ന ചുമതലകൾ നിർവഹിക്കുകയാണ് ചെയ്തത്. മന്ത്രിസ്ഥാനം ഉണ്ടെന്ന് പാർട്ടി പറഞ്ഞപ്പോൾ ചെറിയ വകുപ്പാണ് ആഗ്രഹിച്ചത്. എന്തു ചെയ്താലും ജനങ്ങൾക്ക് ഉപകാരപ്പെടണം, അതു മാത്രമാണ് ആഗ്രഹം.

എന്റെ ഗുരു, എന്റെ ഊർജം

‘അമ്മയുടെ അമ്മ എം.കെ. കല്യാണിയാണ് ഞാൻ കണ്ട ആദ്യത്തെ പൊതുപ്രവർത്തക. അമ്മമ്മയുടെ നേതൃഗുണം ഞങ്ങളെ അമ്പരപ്പിച്ചിരുന്നു. അമ്മമ്മയുടെ അച്ഛൻ സായിപ്പിന്റെ ഉടമസ്ഥതയിലുള്ള കർണാടക ബോർഡറിലെ മാക്കൂട്ടം എസ്‌റ്റേറ്റിൽ സൂപ്പർവൈസറായിരുന്നു. രാമൻ മേസ്തിരി എന്നാണ് അറിയപ്പെട്ടിരുന്നത്. നാട്ടിലെ പ്രമാണി ആയിരുന്ന അദ്ദേഹം കണ്ണൂരിലെ കല്യാശ്ശേരിയിൽ നിന്ന് ഇരിട്ടിയിലേക്ക് താമസം മാറ്റിയതാണ്. അക്കാലത്ത് സെറ്റും മുണ്ടുമുടുത്താണ് അമ്മമ്മ നടന്നിരുന്നതത്രേ. എന്റെ അമ്മയൊക്കെ പാവാടയും സോക്സുമിട്ടാണ് സ്കൂളിൽ പോയിരുന്നതെന്ന് പറഞ്ഞു കേട്ടിട്ടുണ്ട്.

അമ്മമ്മയുടെ അച്ഛൻ കമ്യൂണിസ്റ്റ് സിദ്ധാന്തങ്ങളിൽ ആകൃഷ്ടനായിരുന്നു. കമ്യൂണിസ്റ്റ് പാർട്ടി രൂപം കൊണ്ടപ്പോൾ അമ്മാവൻമാരും സജീവമായി പ്രവർത്തനത്തിന് ഇറങ്ങി. നാട്ടിലെ പ്രശ്നങ്ങളിൽ സജീവമായി ഇടപെട്ടിരുന്നു അമ്മമ്മയും. അങ്ങനെ ഞങ്ങളുടേത് രാഷ്ട്രീയ കുടുംബമായി. നാട്ടുകാരുടെ പരാതികളും തർക്കങ്ങളും മറ്റും അമ്മമ്മയാണ് പരിഹരിച്ചിരുന്നത്. വിവാഹ നിശ്ചയങ്ങൾക്ക് സ്ത്രീകളെ പുരുഷൻമാർക്കൊപ്പം ഇരിക്കാൻ അന്ന് അനുവദിച്ചിരുന്നില്ല. പക്ഷേ, അവിടെയും അമ്മമ്മയ്ക്ക് കസേരയുണ്ടാകും. പ്രൗഢയായ ഒരു സ്ത്രീയായിരുന്നു അവർ. ആ രൂപമൊന്നും ഞങ്ങൾക്കാർക്കും കിട്ടിയില്ല. നാട്ടിൽ ആരെങ്കിലും മരിച്ചാൽ സമീപത്തു താമസിക്കുന്ന ആരുടെയെങ്കിലും ദേഹത്ത് പ്രേതം കേറുന്ന പതിവുണ്ട്. അത്തരം ‘പ്രേതങ്ങളെ’ ഒഴിപ്പിക്കാൻ അമ്മമ്മയെ വിളിക്കും. അമ്മമ്മ ആദ്യം ഉപദേശിക്കും, കേട്ടില്ലെങ്കിൽ ഭീഷണിപ്പെടുത്തും. ചിലയിടത്ത് വടി എടുക്കുന്നതും കണ്ടിട്ടുണ്ട്.

അന്ന് വസൂരി ദൈവകോപമായാണ് കരുതുന്നത്. കോമരങ്ങളാണ് മഞ്ഞൾപ്പൊടിയും  മറ്റും പൂശുന്നത്. ദൈവവിശ്വാസി ആയിരുന്നെങ്കിലും വസൂരി, രോഗമാണെന്ന് അമ്മമ്മ തിരിച്ചറിഞ്ഞിരുന്നു. രോഗികളെ സഹായിക്കാൻ അമ്മമ്മ ധൈര്യമായി ചെല്ലും. വിഷമം പറയുന്ന ആരെയും സഹായിക്കും. ഇരുപതേക്കറോളം സ്ഥലം ഏറക്കുറെ ദാനം കൊടുത്ത ആളാണ്. അമ്മാവൻമാരും വ്യത്യസ്തരായിരുന്നില്ല. രാഷ്ട്രീയ പ്രവർത്തനത്തിനിടെ കുടുംബം നോക്കാൻ ആരും ശ്രദ്ധിച്ചില്ല. ഒരുകാലത്ത് വലിയ പ്രതാപികളായിരുന്നവർ പിന്നീട് എല്ലാം നഷ്ടപ്പെട്ടു ദരിദ്രരായി. താമസിക്കുന്ന വീടു വരെ ജപ്തി ചെയ്യുന്ന അവസ്ഥയെത്തി. പക്ഷേ, അപ്പോൾ രക്ഷിച്ചത് അമ്മമ്മ സഹായിച്ചവരാണ്. പ്രത്യുപകാരം എന്ന നിലയിൽ അവർ കടം വീട്ടുകയായിരുന്നു.

1563612433164
Tags:
  • Spotlight