ADVERTISEMENT

പവർ ലിഫ്റ്റിങ് താരമായിരുന്ന കെ. സിജി ഇത്തവണ എടുത്തുയർത്തിയതു ചരിത്രമാണ്: സംസ്ഥാനത്തെ ആദ്യ വനിതാ ഡഫേദാർ. വെള്ള ചുരിദാറിനു കുറുകെ സർക്കാരിന്റെ ഔദ്യോഗിക ചിഹ്നവും വെള്ള തലപ്പാവും ധരിച്ച് ഈ വനിതാ ഡഫേദാറിനെ ഇനി ആലപ്പുഴ കലക്ടറേറ്റിൽ കാണാം. രാജ്യാന്തര പവർ ലിഫ്റ്റിങ് താരമായ സിജി ഓഫിസ് അസിസ്റ്റന്റ് തസ്തികയിൽ ഇവിടെത്തന്നെ ജോലി ചെയ്യുകയായിരുന്നു. 

മുൻ ഡഫേദാറിനു ക്ലാർക്കായി സ്ഥാനക്കയറ്റം ലഭിച്ച ഒഴിവിലേക്കു സിജി അപേക്ഷിക്കുകയും കലക്ടർ അലക്സ് വർഗീസ് അതു പരിഗണിക്കുകയും ചെയ്തതോടെയാണു സിജി ചരിത്രത്തിൽ ഇടം നേടിയത്. ഇന്നലെ രാവിലെ കലക്ടറേറ്റിൽ മുൻ ഡഫേദാർ എ.അഫ്സലാണു സിജിയെ സ്ഥാനചിഹ്നം അണിയിച്ചത്. 

ADVERTISEMENT

1996–2001 കാലയളവിൽ 56 കിലോഗ്രാം വിഭാഗത്തിൽ പവർ ലിഫ്റ്റിങ് രാജ്യാന്തര മത്സരങ്ങളിൽ ഉൾപ്പെടെ കഴിവു തെളിയിച്ച സിജി കായിക മികവിനുള്ള ജി.വി.രാജ പുരസ്കാരം നേടിയിട്ടുണ്ട്. സ്പോർട്സ് ക്വോട്ടയിലാണു ജോലി ലഭിച്ചത്. 20 വർഷത്തോളമായി കലക്ടറുടെ ചേംബറിൽ ഓഫിസ് അസിസ്റ്റന്റാണ്. 

ആലപ്പുഴ ചെത്തി അറയ്ക്കൽ ഹൗസിൽ ജോസഫ് പി.അറയ്ക്കലാണു ഭർത്താവ്. മക്കൾ: വർണ ജോസഫ്, വിസ്മയ ജെ.അറയ്ക്കൽ. 2016 ജനുവരി മുതൽ ഇവിടെ ഡഫേദാറായിരുന്ന ലജ്നത്തുൽ വാർഡ് നെച്ചു നെസ്റ്റിൽ എ. അഫ്സലിനു റവന്യു വിഭാഗത്തിൽ ക്ലാർക്കായാണു സ്ഥാനക്കയറ്റം ലഭിച്ചത്.

ADVERTISEMENT

ഡഫേദാർ: കലക്ടറുടെ പഴ്സനൽ അസിസ്റ്റന്റ്

ഓഫിസ് അസിസ്റ്റന്റ് റാങ്കിലുള്ള തസ്തികയാണു ഡഫേദാർ. കലക്ടറുടെ പഴ്സനൽ അസിസ്റ്റന്റ് എന്നു ഡഫേദാറിനെ പറയാം. ചേംബറിൽ കലക്ടർക്കു വേണ്ട ക്രമീകരണങ്ങൾ ഒരുക്കുക, കലക്ടറെ കാണാൻ എത്തുന്നവരെ ചേംബറിലേക്ക് കടത്തിവിടുക, അവർക്കു വേണ്ട നിർദേശങ്ങൾ നൽകുക തുടങ്ങിയവയാണു പ്രധാന ജോലികൾ.

ADVERTISEMENT
ADVERTISEMENT