സ്നേഹ സാന്ദ്രത്തിലെ കുരുന്നുകളുടെ സന്തോഷങ്ങൾക്കു നടുവില്‍ സർപ്രൈസ് അതിഥിയായി നടി കനി കുസൃതി. ശാരീരികമായും മാനസികമായും വെല്ലുവിളി നേരിടുന്ന കുഞ്ഞോമനകളെ കാണാനാണ് മലയാളത്തിന്റെ പ്രിയ നടി എത്തിയത്. സ്നേഹ സാന്ദ്രത്തിന്റെ തിരുവനന്തപുരത്തെ ഓഫീസിലായിരുന്നു ചടങ്ങുകൾ സംഘടിപ്പിച്ചത്.
സമ്മാനപ്പൊതികളും കേക്കിന്റെ മധുരവും പങ്കുവയ്ക്കപ്പെട്ട ചടങ്ങിൽ ഇരട്ടി മധുരമായിരുന്നു കനിയുടെ സന്ദർശനം. കുഞ്ഞുങ്ങൾക്ക് സമ്മാനങ്ങൾ നൽകാനും മധുരം പങ്കുവയ്ക്കാനും കനിയും ഒപ്പം കൂടിയത് ചടങ്ങിനെ വേറിട്ടതാക്കി. പാലിയേറ്റീവ് ദിനത്തോട് അനുബന്ധിച്ചാണ് ചടങ്ങുകൾ സംഘചിപ്പിച്ചത്.
ഭിന്നശേഷിക്കാരായ മക്കളുള്ള അമ്മമാരുടെ കൂട്ടായ്മയാണ് സ്നേഹസാന്ദ്രം. അമ്മമാർക്ക് ഉപജീവനം കണ്ടെത്താനും തൊഴിൽ നൈപുണ്യ പരിശീലനങ്ങൾ നൽകാനും സ്നേഹസാന്ദ്രം മുൻപന്തിയിലുണ്ട്. സ്നേഹ സാന്ദ്രം ചാരിറ്റബിൾ ട്രസ്റ്റിന്റെ സജീവാംഗമായ ഷീജ സാന്ദ്രയാണ് ചടങ്ങിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവച്ചത്.