‘ഇത്രയ്ക്കും വിവരമില്ലേ നിങ്ങൾക്ക്. നാട്ടിൽ എന്തൊക്കെ തട്ടിപ്പു നടക്കുന്നു. എന്നിട്ടും ഇങ്ങനെയുള്ള തട്ടിപ്പുകൾക്കു പണംകൊടുക്കുന്നു എന്നു പറഞ്ഞ് എല്ലാവരും ഞങ്ങളെ പരിഹസിക്കുകയാണ്. ഞങ്ങൾ വിശ്വസിച്ചവർ തന്നെയാണു വഞ്ചിച്ചത്. അതും ജനപ്രതിനിധികളായി ഞങ്ങൾ തിരഞ്ഞെടുത്തവർ. അവരാണു പകുതിവിലയ്ക്ക് സ്കൂട്ടറും മറ്റും നൽകുന്നത് ഉദ്ഘാടനം ചെയ്യാനെത്തിയത്. വിശ്വാസവഞ്ചനയല്ലേ കാട്ടിയത്. തട്ടിപ്പിനിരയായെന്നു കരുതി ഞങ്ങളങ്ങനെ പിന്മാറില്ല. കൊടുത്ത പണം കിട്ടുന്നതുവരെ പോരാടും.’’. പാതിവിലത്തട്ടിപ്പിനിരയായി എന്തുചെയ്യണമെന്നറിയാതെ സങ്കടപ്പെട്ടും കരഞ്ഞും വിഷമം പങ്കിട്ടിരുന്ന സ്ത്രീകളിപ്പോൾ പോരാട്ടമനസ്സുമായി തെരുവിലേക്കിറങ്ങുകയാണ്.
ജില്ലയിൽ തട്ടിപ്പിനിരയായ സ്ത്രീകളെ ഒറ്റക്കുടക്കീഴിൽ അണിനിരത്തി ‘സീഡ് വിമൻ ഓൺ ഫയർ’ എന്ന കൂട്ടായ്മ രൂപീകരിച്ച്, നഷ്ടമായ പണം തിരികെ ലഭിക്കാനുള്ള പോരാട്ടത്തിലാണിവർ. ‘‘സീഡിന്റെ ജില്ലാ പ്രോജക്ട് മാനേജരായ രാജാമണി പറയുന്നതു നേരിട്ട് ആരുടെ കയ്യിൽനിന്നും പണം വാങ്ങിയിട്ടില്ലെന്നാണ്. എന്നാൽ സീഡിന്റെ കണ്ണൂരിലെ പ്രമോട്ടർമാർ വഴി പണം വാങ്ങിയതിന്റെ തെളിവുണ്ട്. ഈ തെളിവെല്ലാം നൽകിയിട്ടും പൊലീസ് ഞങ്ങളുടെ പരാതിയിൽ കേസെടുക്കാൻ തയാറായിട്ടില്ല’’– തട്ടിപ്പിനിരയായവരുടെ കൂട്ടായ്മ പ്രതിനിധികളായ എ.പി.നഫീല, പി.ഇബ്രീസ, അനില തമ്പുരാൻക്കണ്ടി, ടി.പ്രേമജ എന്നിവർ മാധ്യമപ്രവർത്തകരോടു പറഞ്ഞു.
‘പരാതിയുമായി കലക്ടറെ സമീപിച്ചപ്പോൾ കാണാൻ അദ്ദേഹം തയാറായില്ല. 12 മണിക്ക് കാണാൻ അനുമതി നൽകിയിരുന്നു. എന്നാൽ പിന്നീട് ഒഴിഞ്ഞുമാറി. കമ്മിഷണർ ഓഫിസിൽ പോയപ്പോൾ അദ്ദേഹത്തെയും കാണാൻ അവസരം തന്നില്ല. കീഴുദ്യോഗസ്ഥനാണു പരാതി സ്വീകരിച്ചത്. അഴീക്കോട് പഞ്ചായത്തിൽമാത്രം 495 പേർ തട്ടിപ്പിനിരയായി. എന്നാൽ മണ്ഡലം എംഎൽഎയും പഞ്ചായത്ത് പ്രസിഡന്റും ഞങ്ങളിലൊരാളെപോലും കാണാൻ തയാറായിട്ടില്ലെന്നും ഇവർ പറഞ്ഞു.
‘‘വളപട്ടണം പൊലീസ് മാനുഷിക പരിഗണനപോലും തന്നില്ല. ഇത്രയും സ്ത്രീകളെ പറ്റിച്ചവരെ എന്തിനു പൊലീസ് സംരക്ഷിക്കുന്നു? ചെറിയ കുട്ടികളുടെ കമ്മൽ വിറ്റിട്ടുപോലും പണം കൊടുത്തിട്ടുണ്ട്. അതെല്ലാം കിട്ടുന്നതുവരെ ഞങ്ങൾ സമരരംഗത്തുണ്ടാകും. ഞങ്ങളെ സഹായിക്കുന്നവർക്കേ തിരഞ്ഞെടുപ്പിൽ വോട്ട് നൽകൂ. അതിൽ രാഷ്ട്രീയമൊന്നുമില്ല’’–ഇബ്രീസയും അനിലയും പറഞ്ഞു.
കേസെടുത്തില്ല;17ന് മാർച്ച്
കണ്ണൂർ ∙ ‘സീഡ് വിമൻ ഓൺ ഫയർ’ 17ന് 10.30ന് സിറ്റി പൊലീസ് കമ്മിഷണർ ഓഫിസിലേക്ക് മാർച്ച് നടത്തും. തട്ടിപ്പിനിരയായവർ നൽകിയ പരാതിയിൽ പൊലീസ് കേസ് എടുക്കാത്തതിൽ പ്രതിഷേധിച്ചാണ് മാർച്ച്. കൂട്ടായ്മയിൽ അംഗമാകാൻ 9946819137 നമ്പറിൽ ബന്ധപ്പെടണമെന്ന് ഇവർ പറഞ്ഞു.
ഒരുമാസം കഴിഞ്ഞ് കേസെടുത്തു
പരിയാരം∙ പാതിവിലത്തട്ടിപ്പിൽ അനന്തു കൃഷ്ണനും ആനന്ദ്കുമാറിനുമെതിരെ പരാതി ലഭിച്ചു ഒരുമാസം കഴിഞ്ഞു പരിയാരം പൊലീസ് കേസെടുത്തു. ചെറുതാഴം ശ്രീസ്ഥയിലെ സന്നദ്ധസംഘടനയായ സുസ്ഥിര സെന്റർ ഡയറക്ടർ ആശാരിപ്പറമ്പിൽ എ.യു.സെബാസ്റ്റ്യൻ ജനുവരി 8നു നൽകിയ പരാതിയിലാണ് കേസെടുത്തത്. 36,76,000 രൂപ തട്ടിയെടുത്തു എന്നാണ് പരാതി. സുസ്ഥിര 52 പേരിൽ നിന്നു പണം പിരിച്ചെടുത്ത് അനന്തു കൃഷ്ണൻ ആവശ്യപ്പെട്ട പ്രകാരം പ്രഫഷനൽ സർവീസ് ഇന്നവേഷൻസ് എന്ന കമ്പനിയുടെ അക്കൗണ്ടിലേക്കു പണം നിക്ഷേപിക്കുകയായിരുന്നു. തുടക്കത്തിൽ 10 പേർക്ക് സ്‌കൂട്ടറും ചിലർക്ക് ലാപ്‌ടോപ്പുകളും നൽകിയിരുന്നു.
ഡിവൈഎഫ്ഐ പരാതി നൽകി
പരിയാരം∙ സീഡ് സൊസൈറ്റി പ്രമോട്ടർമാരുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങൾ പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് ഡിവൈഎഫ്ഐ കടന്നപ്പള്ളി സൗത്ത് മേഖലാ കമ്മിറ്റി പരിയാരം പൊലീസിൽ പരാതി നൽകി.പണം തിരികെ ലഭിക്കുന്നതിനുള്ള ഇടപെടലുകൾ ഉണ്ടാകണമെന്ന് ആവശ്യപ്പെട്ട് ഡിവൈഎഫ്ഐ കടന്നപ്പള്ളി സൗത്ത് മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനവും പൊതുയോഗവും നടത്തി. പി.ലിബിൻ, പി.കെ.പ്രജീഷ്, എസ്.കെ.വിനീത്, പി.വി.സനോജ്, വി.എ.രഞ്ജിത്ത്, കെ.വി.നവനീത്, വിഷ്ണു കൃഷ്ണൻ എന്നിവർ പ്രസംഗിച്ചു.
ഇനിയൊരു പെണ്ണും ചതിക്കപ്പെടരുത്
∙ നാട്ടിലുള്ളവരെല്ലാം കളിയാക്കുന്നു. എന്തിനാ പോയി കുഴിയിലിട്ടുകൊടുത്തത് എന്നു ചോദിക്കും. ജീവിതത്തിൽ ആദ്യമായിട്ടാണ് ഇങ്ങനെയൊരു പറ്റിക്കലിനു ഇരയാകുന്നത്. ഇനിയൊരു പെണ്ണും ഇങ്ങനെ ചതിക്കപ്പെടരുത്’’– നിറകണ്ണോടെ അഴീക്കോട് സ്വദേശിയായ ടി.പ്രേമജ പറഞ്ഞു.
‘‘നാട്ടിൽതന്നെയുള്ളവരാണ് ചതിച്ചത്. സക്കീന, പുഷ്പൻ, മോഹനൻ, രതീഷ് എന്നിവരൊക്കെ നാട്ടുകാരാണ്. പണം വാങ്ങിയ പ്രമോട്ടർ സക്കീന കുടുംബത്തോടൊപ്പം ഗൾഫിൽപോയി. കുറച്ചുദിവസം മുൻപ് എന്നെ വിളിച്ചുപറഞ്ഞു നിങ്ങൾക്കുമാത്രം പൈസ തിരിച്ചുതരാമെന്ന്. ഞാൻ മാത്രമെങ്ങനെ പൈസ വാങ്ങും? അതൊരു വലിയ ചതിയാകില്ലേ. കഷ്ടപ്പെട്ടുണ്ടാക്കിയ പൈസയാണു ഞങ്ങളുടേത്. വീണുപോയി. എങ്ങനെയും പൈസ തിരികെ കിട്ടണം’’–ടി.പ്രേമജ പറഞ്ഞു.
മുന്നറിയിപ്പ് അവഗണിച്ചു
ഒരേ അക്കൗണ്ടിലേക്ക് പലരിൽ നിന്നായി വൻ തുക ട്രാൻസ്ഫർ ചെയ്യുന്നത് ശ്രദ്ധയിൽപെട്ട ബാങ്ക് ജീവനക്കാർ സംശയം പ്രകടിപ്പിച്ചിരുന്നുവെന്ന് കബളിപ്പിക്കപ്പെട്ടവരിൽ ഒരാൾ പറഞ്ഞു. എന്നാൽ സിഎസ്ആർ ഫണ്ട് വരുന്ന പദ്ധതിയാണെന്നു വിശ്വസിച്ചതിനാൽ ബാങ്കിൽ നിന്നുള്ള മുന്നറിയിപ്പ് അവഗണിച്ച് പണം നിക്ഷേപിക്കുകയായിരുന്നു.
ആദ്യമേ തിരിച്ചറിഞ്ഞു;പണം തിരികെക്കിട്ടി
കണ്ണൂർ പള്ളിക്കുന്ന് കുന്നേൽ വീട്ടിൽ ടി.എം.ലിൻസി പണം തിരികെ കിട്ടിയ ആശ്വാസത്തിലാണ്. സീഡ് ട്രസ്റ്റ് തട്ടിപ്പാണെന്നു മനസ്സിലാക്കി ലിൻസിയുടെ ഭർത്താവ് ടി.എം.സന്തോഷ് കണ്ണൂർ ടൗൺ പൊലീസ് സ്റ്റേഷനിൽ പരാതി നൽകി പണം തിരികെ വാങ്ങുകയായിരുന്നു.‘‘തട്ടിപ്പുനടക്കുന്നതായി ഒക്ടോബറിൽ സൂചന ലഭിച്ചപ്പോൾ കണ്ണൂർ ടൗണിലുള്ള ജില്ലാ ഓഫിസിൽ പോയി. ജില്ലാ ചുമതലയുള്ള രാജാമണി, മോഹനൻ എന്നിവരെ കണ്ടു പണം തിരികെ വേണമെന്നാവശ്യപ്പെട്ടു. രാജാമണി വളരെ മോശമായാണു പെരുമാറിയത്.
ഉടൻ തന്നെ ഞാനും ഭാര്യയും ടൗൺ പൊലീസിൽ പരാതി നൽകി. എസ്ഐ ബാബുജോൺ, രാജാമണിയോടും മോഹനനോടും സ്റ്റേഷനിൽ വരാൻ ആവശ്യപ്പെട്ടു. ഇൻസ്പെക്ടർ ശ്രീജിത്ത് കൊടേരി ഉടൻ പണം തിരികെ നൽകണമെന്നും ഇല്ലെങ്കിൽ കേസെടുക്കുമെന്നും പറഞ്ഞു. രണ്ടുദിവസംകൊണ്ട് അവർ 60,000 രൂപയുടെ ചെക്ക് തന്നു. തട്ടിപ്പുനടക്കുന്നുവെന്നു പലർക്കും മുന്നറിയിപ്പു നൽകിയിരുന്നെങ്കിലും ആരും പരാതി നൽകാൻ തയാറായില്ല’’– സന്തോഷ് പറഞ്ഞു.
ഗൃഹോപകരണങ്ങളുടെ പേരിലും തട്ടിപ്പ്
∙ പാതിവിലത്തട്ടിപ്പിലേക്കു കൂടുതൽപേരെ ആകർഷിക്കാൻ ഗൃഹോപകരണങ്ങളും മൊബൈൽ ഫോണും വരെ നൽകുന്ന പദ്ധതികൾ ആവിഷ്ക്കരിച്ചിരുന്നതായി കബളിപ്പിക്കപ്പെട്ടവർ. പ്രമുഖ ഇലക്ട്രോണിക്സ്, ഗൃഹോപകരണ സ്ഥാപനങ്ങളിൽനിന്ന് പരമാവധി 60,000 രൂപ വില വരുന്ന സാധനങ്ങളുടെ ക്വട്ടേഷൻ വാങ്ങാൻ നിർദേശിച്ചിരുന്നതായി തട്ടിപ്പിൽ കുടുങ്ങിയയാൾ പറഞ്ഞു.ഈ ക്വട്ടേഷനുകൾ സീഡ് പ്രമോട്ടർമാരെ ഏൽപിക്കണം. ഒപ്പം ക്വട്ടേഷനിൽ പറഞ്ഞ തുകയുടെ പകുതിയും. ഒരു മാസത്തിനകം ഗൃഹോപകരണങ്ങൾ വാങ്ങി നൽകുമെന്നായിരുന്നു വാഗ്ദാനം. നൂറുകണക്കിനു പേർ ഈ വാഗ്ദാനത്തിൽ ആകൃഷ്ടരായി പണം മുടക്കിയിട്ടുണ്ട്.