അപ്രതീക്ഷിത ദുരന്തത്തിൽ വയനാട്ടിലെ മുണ്ടക്കൈ പകച്ചു നിന്നപ്പോൾ വടകരയിൽ നടക്കൽ കരീം സ്നേഹത്തിന്റെ കട തുറന്നു. ‘ഒരു കട നിറയെ’ സഹായവുമായി കരീമും മകന്‍ മുഹമ്മദ് കലഫും ചുരം കയറി വയനാട്ടിലെത്തി. ഉരുൾപൊട്ടൽ ദുരന്തമറിഞ്ഞയുടനെ കരീം ഓടിയെത്തിയത് പാലയാട് പുത്തൻനടയിലെ ‘സഫു’ എന്ന തന്റെ ടെക്സ്റ്റൈൽ കടയിലേക്കാണ്.
കടയിലുണ്ടായിരുന്ന മുക്കാൽ ഭാഗം തുണികളും കരീമും സെറീനയും പായ്ക്കു ചെയ്തു. അടുത്തുള്ള കടകളിൽനിന്ന് തുണികളും പായകളും അവശ്യ സാധനങ്ങളും വാങ്ങി മകനോടൊപ്പം കരീം വയനാട്ടിലേക്ക് തിരിച്ചു. ദുരിതാശ്വാസ ക്യാംപുകളിലെത്തി അധികൃതരെ സാധനങ്ങളേൽപ്പിച്ചു. ഇനിയും സാധനങ്ങളെത്തിക്കാനുള്ള തയാറെടുപ്പിലാണെന്നു കരീം പറഞ്ഞു.
‘‘വാർത്തയറിഞ്ഞപ്പോൾ ഞെട്ടലായിരുന്നു. കടയിലെത്തി സാധനങ്ങൾ ശേഖരിച്ചു. വയനാട്ടിലെത്തിയപ്പോൾ കണ്ട കാഴ്ച ഭീകരമായിരുന്നു. എല്ലാം നഷ്ടപ്പെട്ടവർ. ഇനിയും സാധനങ്ങൾ വയനാട്ടിലേക്ക് എത്തിക്കും.’’– കരീം പറയുന്നു. കരീം ടെക്സ്റ്റൈൽ ഷോപ്പ് തുടങ്ങിയിട്ട് 5 വർഷമായി.