Wednesday 20 December 2023 03:53 PM IST : By സ്വന്തം ലേഖകൻ

‘ഒരു പോറല്‍ പോലും ഏല്‍ക്കാതെ അവനെയവര്‍ ചേര്‍ത്തുപിടിക്കും, കൂടെക്കൂട്ടും’; സ്കൂളിലെത്തിയാല്‍ ആദി ഡബിള്‍ ഹാപ്പിയാണ്!

adhish-yyu

കാസര്‍കോട് ചാലിങ്കാല്‍ സ്കൂളിലെ ഒന്നാം ക്ലാസ് വിദ്യാര്‍ഥികളുടെ നല്ല മനസ്സിന് കേരളമൊന്നാകെ കൈയടിക്കുകയാണ്. ഭിന്നശേഷിക്കാരനായ ആദിഷിനോട് സഹപാഠികള്‍ കാട്ടുന്ന കരുതലിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്. ക്ലാസ് ടീച്ചറെടുത്ത വിഡിയോ വിദ്യാഭ്യാസ മന്ത്രി തന്റെ ഫെയ്സ്ബുക് പേജിലും പങ്കുവച്ചു. 

സ്കൂളിലെത്തിയാല്‍ ആദി ഡബിള്‍ ഹാപ്പിയാണ്. ആദിയേയും കാത്ത് അവന്റെ പ്രിയപ്പെട്ട കൂട്ടുകാരുണ്ട്. ഒരു പോറല്‍ പോലും ഏല്‍ക്കാതെ അവനെയവര്‍ ചേര്‍ത്തുപിടിക്കും, കൂടെക്കൂട്ടും. ഭക്ഷണം കഴിക്കുമ്പോള്‍ യൂണിഫോമില്‍ വീഴാതിരിക്കാന്‍ ഏപ്രണ്‍ കെട്ടി നല്‍കാനും കൈ കഴുകിക്കാനും ചെരിപ്പിട്ട് കൊടുക്കാനുമെല്ലാം കൂട്ടുകാര്‍ തമ്മില്‍ മത്സരമാണ്. ഇടയ്ക്കവന്‍ കുസൃതി കാട്ടിയാലും ഇവര്‍ക്കാര്‍ക്കും പരിഭവമില്ല, ഇതവരുടെ ആദിയാണ്. മറ്റാരെക്കാളും അവര്‍ക്കവനെ അറിയാം. 

ക്ലാസ് ടീച്ചറായ സഹാദിയയാണ് കുട്ടികളുടെ കളിചിരികള്‍ പകര്‍ത്തി ഫെയ്സ്ബുക്കിലിട്ടത്. അത് കേരളം മുഴുവന്‍ കണ്ടു. വിദ്യാഭ്യാസ മന്ത്രി വിഡിയോ പങ്കുവച്ചു. ഈ കുട്ടികള്‍ ആദിഷിനോട് കാട്ടുന്ന സ്നേഹവും കരുതലും മുതിര്‍ന്നവര്‍ക്കും പാഠമാണ്. കളങ്കമില്ലാത്ത നല്ല മനസ്സിന്റെ പാഠങ്ങള്‍.

Tags:
  • Spotlight