വിക്രമാദിത്യൻ എന്ന സിനിമയിലെ പൊലീസുകാരായ അച്ഛനെയും മകനെയും ഓർമയില്ലേ. അച്ഛൻ വിരമിക്കുന്ന ദിവസം അതേ സ്റ്റേഷനിൽ മകൻ ജോലിയിൽ പ്രവേശിക്കുന്നതാണു സിനിമയിലെ രംഗം. എന്നാൽ ജീവിതത്തിൽ, അച്ഛൻ എസ്.ഐ ആയി സേവനമനുഷ്ഠിക്കുന്ന പൊലീസ് സ്റ്റേഷന്റെ പരിധിയിലുള്ള ഔട്ട് പോസ്റ്റിൽ സിവിൽ പൊലീസ് ഓഫിസറായി ജോലിക്കെത്തിരിക്കുകയാണ് മകൻ.
സീതത്തോട് പെരുനാട് സ്റ്റേഷൻ എസ്ഐ ആയ എ.ആർ.രവീന്ദ്രനാണ് മകൻ രാഹുൽ രവീന്ദ്രന്റെ കയ്യിൽ നിന്നും സല്യൂട്ട് വാങ്ങാൻ ഭാഗ്യം ലഭിച്ചത്. പൊലീസ് സേനയിലെ മിന്നും കായികതാരമാണു രവീന്ദ്രൻ. ‘സ്വാമി’യെന്ന ഓമനപ്പേരിൽ അറിയപ്പെടുന്ന രവീന്ദ്രൻ മാസങ്ങൾക്കു മുൻപാണ് എസ്.ഐയായി ചുമതല ഏൽക്കുന്നത്. കായിക ഇനങ്ങളിൽ വാരിക്കൂട്ടിയ മെഡലുകളാണു സിവിൽ പൊലീസ് ഓഫിസറിൽ നിന്നും ചുരുങ്ങിയ നാളുകൾക്കുള്ളിൽ എസ്ഐയിലേക്കെത്താൻ വഴി തുറന്നത്.
ശ്രീലങ്ക, മലേഷ്യ, ന്യൂസീലൻഡ്, ഇന്ത്യോനേഷ്യ തുടങ്ങിയ രാജ്യങ്ങളിൽ നടന്ന മത്സരങ്ങളിൽ വിജയ കിരീടം നേടിയിരുന്നു. ദീർഘദൂര ഓട്ടങ്ങളിലാണു പ്രധാനമായും പങ്കെടുക്കുന്നത്. നിയമപരിപാലനത്തിൽ അച്ഛന്റെ വഴി തിരഞ്ഞെടുത്ത മകൻ രാഹുൽ രവീന്ദ്രൻ ആഴ്ചകൾക്കു മുൻപാണ് കിലോമീറ്റർ മാത്രം അകലെയായുള്ള പെരുമ്പെട്ടി സ്റ്റേഷനിൽ സിവിൽ പൊലീസ് ഓഫിസറായി എത്തിയത്. ഇത്തവണ നടന്ന പൊലീസ് കായികമേളയിൽ 10 കിലോമീറ്റർ ഓട്ടത്തിൽ ജില്ലാ തലത്തിൽ രാഹുൽ വ്യക്തിഗത ചാംപ്യനായിരുന്നു. വെച്ചൂച്ചിറ പരുവയിലാണ് താമസം. സുമയാണു രവീന്ദ്രന്റെ ഭാര്യ. ഷെഫ് ഗോകുൽ, വിദ്യാർഥിയായ അഖിൽ എന്നിവരാണ് മറ്റു മക്കൾ.