കൊല്ലം ചാത്തന്നൂരിൽ ഹോസ്റ്റൽ കെട്ടിടത്തിലെ സ്ലാബ് തകർന്നു വീണ് പരുക്കേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു. തൃശൂർ സ്വദേശിനി മനീഷ (25) ആണ് മരിച്ചത്. ചാത്തന്നൂർ തിരുമുക്ക് എംഇഎസ് കോളേജ് ഹോസ്റ്റലിൽ ചൊവാഴ്ചയാണ് അപകടമുണ്ടായത്. ഫോണിൽ സംസാരിച്ച് നിൽക്കവേയാണ് നാലാം നിലയിലെ സ്ലാബ് തകർന്ന് മനീഷയും സുഹൃത്ത് സ്വാതിയും അപകടത്തിൽപ്പെട്ടത്.
കൊല്ലം മേവറം മെഡിസിറ്റി ആശുപത്രിയിലെ ലാബ് ജീവനക്കാരി തൃശൂർ സ്വദേശിനി മനീഷ, എച്ച്.ആർ ജീവനക്കാരി കണ്ണൂർ സ്വദേശിനി സ്വാതി സത്യൻ (24) എന്നിവർക്കാണ് പരുക്കേറ്റത്. തുടര്‍ന്ന് കൊല്ലത്തെ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയായിരുന്നു മനീഷ. പ്ലംബിങ് ജോലികൾക്കായി സ്ഥാപിച്ച ആൾത്തുളയുടെ മേൽമൂടി തകർന്നാണ് അപകടം ഉണ്ടായത്.
ആൾത്തുളയിലേക്ക് വീണ മനീഷയുടെ മുകളിലേക്ക് സ്ലാബിന്റെ കോൺക്രീറ്റ് പാളി പതിച്ചിരുന്നു. സ്വാതി തെറിച്ച് മൂന്നാം നിലയുടെ താഴെ പുറത്തേക്ക് വീഴുകയുമായിരുന്നു. ഉടൻതന്നെ അഗ്‌നിരക്ഷാ സേനാംഗങ്ങള്‍ ചേർന്ന് പുറത്തെടുത്ത ഇരുവരെയും മേവറത്തെ സ്വകാര്യ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.