കോട്ടയം വെസ്റ്റ് പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥനായ ശ്യാം പ്രസാദ് കൊല്ലപ്പെട്ടതിന്റെ ഞെട്ടലിലാണ് ജില്ലയിലെ പൊലീസ് ഉദ്യോഗസ്ഥർ. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ ജിബിൻ കാരിത്താസ് ജംക്‌ഷനിലെ തട്ടുകടയിൽ സംഘർഷം സൃഷ്ടിക്കുകയായിരുന്നു. ഈ സമയത്താണ് പൊലീസ് ഉദ്യോഗസ്ഥനായ ശ്യാം കടയിൽ എത്തിയത്. ഇതോടെ കടയിലുണ്ടായിരുന്ന ഉടമ ജിബിനോട് ശ്യാം എത്തിയെന്നും, പ്രശ്നം ഉണ്ടാക്കിയാൽ അകത്ത് കിടക്കുമെന്നും പറഞ്ഞു. ഇതുകേട്ട് ക്ഷുഭിതനായ പ്രതി ശ്യാമിനു നേരെ പാഞ്ഞടുക്കുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. ശ്യാം വിഡിയോ ചിത്രീകരിക്കാൻ ശ്രമിച്ചതും പ്രകോപനത്തിനു കാരണമായെന്നാണ് വിവരം.
ജിബിന്റെ മർദനമേറ്റ ശ്യാം നിലത്തുവീണു. ഇതോടെ നെഞ്ചിൽ ആഞ്ഞുചവിട്ടി. ഈ അക്രമ സംഭവങ്ങൾ കണ്ടാണ് രാത്രി പെട്രോളിങ് ഡ്യൂട്ടിയിലുണ്ടായിരുന്ന കുമരകം എസ്എച്ച്ഒ കെ.എസ്. ഷിജി സ്ഥലത്ത് എത്തിയത്. പൊലീസ് വാഹനം കണ്ട ഉടൻ തന്നെ പ്രതി സംഭവ സ്ഥലത്തു നിന്നും ഓടി രക്ഷപ്പെടാൻ ശ്രമിച്ചു. പിന്നാലെ ഓടിയ പൊലീസ് ഇയാളെ പിടികൂടി.
പ്രതിയെ പിടികൂടിയ ശേഷം പൊലീസ് സംഘം സ്ഥലത്ത് എത്തിയപ്പോഴേക്കും ശ്യാം ജീപ്പിനുള്ളിൽ കുഴഞ്ഞുവീണു. ഉടൻ തന്നെ കാരിത്താസ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഭാര്യയും മൂന്ന് കുട്ടികളുമുള്ള ശ്യാം ഡ്യൂട്ടി കഴിഞ്ഞു മടങ്ങിപോകവേയാണ് ക്രൂരകൃത്യം നടന്നത്. മൃതദേഹം കോട്ടയം കാരിത്താസ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. കോട്ടയം ജില്ലാ പോലീസ് മേധാവി ഷാഹുൽ ഹമീദ് അടക്കമുള്ള ഉദ്യോഗസ്ഥർ ആശുപത്രിയിലെത്തി.