Thursday 16 May 2024 04:31 PM IST : By സ്വന്തം ലേഖകൻ

‘കുട്ടിയുടെ വായില്‍ നിറയെ പഞ്ഞി, രക്തം, ആറാം വിരലിനു മാറ്റമില്ല’; അവയവം മാറി ഡോക്ടര്‍മാരുടെ ശസ്ത്രക്രിയ

kozhoookg6788

അങ്ങേയറ്റം ഞെട്ടലുളവാക്കുന്ന ഒരു വാര്‍ത്തയാണ് ഇന്ന് പുറത്തുവന്നത്. ആറാം വിരലിനു പകരമായി ഡോക്ടര്‍മാര്‍ ശസ്ത്രക്രിയ നടത്തിയത് കുട്ടിയുടെ നാവില്‍. ഇന്നലെയാണ് നാലു വയസുകാരിയെ ശസ്ത്രക്രിയയ്ക്കായി കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പ്രവേശിച്ചത്. ശസ്ത്രക്രിയ കഴിഞ്ഞ് കുട്ടിയെ പുറത്തുകൊണ്ടുവന്നപ്പോള്‍ കുട്ടിയുടെ വായില്‍ നിറയെ പഞ്ഞിവച്ചത് കണ്ടപ്പോഴാണ് കുടുംബത്തിനു സംശയം തോന്നിയത്. 

സംസാരത്തിനോ മറ്റെന്തെങ്കിലും ബുദ്ധിമുട്ടോ ഇല്ലാത്ത കുട്ടിയുടെ വായില്‍ രക്തം കണ്ടപ്പോള്‍ ബന്ധുക്കള്‍ അന്വേഷിച്ചു. അപ്പോഴാണ് നാവിനാണ് ശസത്രക്രിയ നടത്തിയതെന്ന് സിസ്റ്റര്‍ വിവരം പറയുന്നത്. സൂപ്രണ്ടിനോട് സംസാരിച്ചപ്പോള്‍ ഡോക്ടറുമായി സംസാരിക്കട്ടെ എന്ന മറുപടിയാണ് നല്‍കിയതെന്നും ഇതുപോലൊരു അനുഭവം ഇനി ഒരു കുട്ടിക്കും സംഭവിക്കരുതെന്നും ബന്ധുക്കള്‍ പറയുന്നു. 

സംഭവത്തില്‍ ആശുപത്രി സൂപ്രണ്ട് വീഴ്ച സമ്മതിച്ചു. നാക്കിലെ കെട്ട് നീക്കം ചെയ്യാനുള്ള ശസ്ത്രക്രിയ ആദ്യം ചെയ്തെന്ന് സൂപ്രണ്ട് പറഞ്ഞു. കുട്ടി കരഞ്ഞപ്പോഴാണ് നാവിലെ പ്രശ്നം ശ്രദ്ധയില്‍പ്പെട്ടത്. പിന്നീട് മറ്റൊരു ശസ്ത്രക്രിയയിലൂടെ ആറാംവിരല്‍ നീക്കം ചെയ്തു. ഇക്കാര്യം മാതാപിതാക്കളോട് പറഞ്ഞില്ലെന്നും സൂപ്രണ്ട് വ്യക്തമാക്കി. അതേസമയം, കുട്ടിക്ക് സംസാരിക്കാന്‍ പ്രശ്നമൊന്നും ഇല്ലായിരുന്നുവെന്ന് മാതാപിതാക്കള്‍ പ്രതികരിച്ചു. 

കോഴിക്കോട് മെഡിക്കല്‍ കോളജിലാണ് ഗുരുതരമായ മെഡിക്കല്‍ അനാസ്ഥ സംഭവിച്ചിരിക്കുന്നത്. തെറ്റുപറ്റിയെന്ന് ബോധ്യപ്പെട്ട  ഡോക്ടര്‍ മാപ്പു പറഞ്ഞെന്ന് കുട്ടിയുടെ കുടുംബം പറയുന്നു. പക്ഷേ, ഒരു മാപ്പുപറച്ചിലിലൂടെ മറക്കാനാകുന്ന അനാസ്ഥയാണോ ഇതെന്ന ചോദ്യമാണ് ഉയരുന്നത്. 

Tags:
  • Spotlight