Friday 06 December 2024 10:18 AM IST : By സ്വന്തം ലേഖകൻ

'കൈ കൊണ്ട് തോളെല്ലിനു അടിച്ചു, കൈ മടക്കി ഇടിച്ചു'; സഹപാഠിയോട് സംസാരിച്ചതിന് വിദ്യാർഥിക്ക് മർദനം! അധ്യാപകന് സസ്‌പെൻഷൻ

stuuude6778

കോഴിക്കോട് മേപ്പയൂർ ഗവ. ഹയര്‍ സെക്കൻഡറി സ്‌കൂളില്‍ വിദ്യാര്‍ഥിയെ മര്‍ദിച്ചെന്ന പരാതിയില്‍ അധ്യാപകനെ സസ്പെൻഡ് ചെയ്തു. ഹൈസ്കൂൾ വിഭാഗം ഗണിത അധ്യാപകന്‍ കെ.സി. അനീഷിനെയാണ് അന്വേഷണ വിധേയമായി 14 ദിവസത്തേക്ക് സസ്‌പെൻഡ് ചെയ്തത്. 

ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിയുടെ രക്ഷിതാവ് നല്‍കിയ പരാതിയിലാണ് നടപടി. ചൊവ്വാഴ്ച ക്ലാസ് മുറിയില്‍വച്ച് വിദ്യാർഥിയെ മര്‍ദിച്ചെന്നാണ് പരാതി. മര്‍ദനത്തെ തുടര്‍ന്ന് വിദ്യാര്‍ഥിയുടെ തോളെല്ലിന് പരുക്കുണ്ടെന്നും ചികിത്സയിലാണെന്നും രക്ഷിതാവും പ്രധാന അധ്യാപകനും അറിയിച്ചിരുന്നു. വടകര ജില്ലാ വിദ്യാഭ്യാസ ഓഫിസര്‍ നടത്തിയ പ്രാഥമിക അന്വേഷണത്തിലും അധ്യാപകൻ വിദ്യാർഥിയെ മർദിച്ചതായി‌ സ്ഥിരീകരിച്ചു. ഈ സാഹചര്യത്തിലാണ് അധ്യാപകനെ സസ്‌പെൻഡ് ചെയ്യുന്നതെന്ന് ഡിഡിഇ ഉത്തരവില്‍ വ്യക്തമാക്കി. 

ക്ലാസ് നടക്കുന്നതിനിടെ സഹപാഠിയോട് സംസാരിച്ചതിനാണ് കുട്ടിയെ അടിച്ചതെന്ന് പിതാവ് പറഞ്ഞു. കൈ കൊണ്ട് തോളെല്ലിന് അടിക്കുകയും കൈ മടക്കി ഇടിക്കുകയും ചെയ്തുവെന്നും പരാതിയിൽ പറയുന്നു. തുടർന്ന് സഹപാഠികളാണ് വിവരം ക്ലാസ് അധ്യാപികയെ ഉൾപ്പെടെ അറിയിച്ചത്.

Tags:
  • Spotlight