നിർമാണത്തിലിരിക്കുന്ന വീടിന്റെ മുകൾ നിലയിലെ കൂറ്റൻ കോൺക്രീറ്റ് സ്ലാബ് തകർന്നു വീണു 2 യുവാക്കൾ മരിച്ചു. 2 പേർക്കു ഗുരുതരമായി പരുക്കേറ്റു. നാദാപുരം വളയം മാരാങ്കണ്ടിയിൽ കുമ്മോട്ടു പൊയിൽ ശ്രീബേഷിനു വേണ്ടി നിർമിക്കുന്ന വീട്ടിലാണ് അപകടം ഉണ്ടായത്. ശ്രീബേഷിന്റെ സഹോദരൻ നവജിത്ത് (35), നിർമാണത്തൊഴിലാളി ആലിച്ചേരിക്കണ്ടിയിൽ വിഷ്ണു (29) എന്നിവരാണ് മരിച്ചത്. സഹോദരന്റെ വീടു നിർമാണമായതിനാൽ സഹായത്തിന് എത്തിയതായിരുന്നു നവജിത്ത്.
6 മീറ്റർ നീളവും ഒന്നര മീറ്റർ വീതിയുമുള്ള കൂറ്റൻ സ്ലാബിനു മുകളിൽ ജോലിക്കാർ ആരോ കയറി നിന്നപ്പോഴാണ് തകർന്നു വീണത്. 2 പേർ സ്ലാബിനടിയിലും 2 പേർ പുറത്തും പരുക്കേറ്റ നിലയിലായിരുന്നു. 4 പേരെയും ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും നവജിത്തും വിഷ്ണുവും മരിച്ചിരുന്നു. ഗുരുതരമായി പരുക്കേറ്റ രജിലാൽ(25), ലിഗേഷ്(39) എന്നിവർ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്.
അഗ്നിരക്ഷാ സേനയും പൊലീസും നാട്ടുകാരും എത്തിയാണ് രക്ഷാപ്രവർത്തനം നടത്തിയത്. നാണുവിന്റെയും ജാനുവിന്റെയും മകനാണ് നവജിത്ത്. ഭാര്യ: സഞ്ജന. മക്കൾ: റയാൻ, കല്യാൺ. സഹോദരി: ഷിജിന. സംസ്കാരം ഇന്ന് 9ന്. പരേതനായ കുമാരന്റെയും രമാദേവിയുടെയും മകനാണ് വിഷ്ണു. സഹോദരിമാർ: രമ്യ, സൗമ്യ. സംസ്കാരം ഇന്ന് 8ന്.
വളയം നിറയെ കണ്ണീർ
നാദാപുരം ∙ വളയം മാരാങ്കണ്ടിയിൽ നിർമാണത്തിലിരിക്കുന്ന വീടിന്റെ മുകളിലത്തെ നിലയിലെ കൂറ്റൻ കോൺക്രീറ്റ് സ്ലാബ് തകർന്നു വീണു 2 പേർ മരിച്ചതു നാടിനെ ദുഃഖത്തിലാഴ്ത്തി. വിവാഹ നിശ്ചയം കഴിഞ്ഞു വിവാഹത്തിനുള്ള ഒരുക്കത്തിനിടെയാണ് ആലിച്ചേരിക്കണ്ടി വിഷ്ണുവിന്റെ മരണം.
8 വർഷമായി ഇഷ്ടപ്പെട്ടിരുന്ന യുവതിയെ വിവാഹം ചെയ്യാനുള്ള ഒരുക്കത്തിനിടെ പ്രണയദിനത്തിൽ വിഷ്ണുവിനു നേരിട്ട ദുരന്തം ബന്ധുക്കളെയും സുഹൃത്തുക്കളെയും ഉലച്ചു. അപകടത്തിൽ പരുക്കേറ്റ് ഏറെ നാളായി കാര്യമായ ജോലിക്കു പോകാൻ കഴിയാത്ത നിലയിലായിരുന്നു ദുരന്തത്തിന് ഇരയായ നവജിത്തും. സഹോദരൻ ശ്രീബേഷിന്റെ വീടു നിർമാണമായതിനാലാണ് പരുക്കേറ്റ കാലുമായി നവജിത്ത് സഹോദരന്റെ വീടിന്റെ ജോലിക്കെത്തിയത്.
നവജിത്തിനു രണ്ടാമത്തെ കുഞ്ഞു ജനിച്ചിട്ടു 2 മാസം മാത്രമേ ആയിട്ടുള്ളൂ. വിഷ്ണുവും നവജിത്തും തേപ്പു ജോലിയാണു ചെയ്തിരുന്നത്. ഇരുവരുടെയും മൃതദേഹം ഒരു നോക്കു കാണാൻ രാത്രി വൈകിയും വൻജനാവലിയാണ് എത്തിയത്. കുറുവന്തേരി സ്വദേശി മാവിലന്റവിട രജിലാൽ(25), വളയം സ്വദേശി ചാലിൽ ലിഗേഷ്(39) എന്നിവരാണു പരുക്കേറ്റ് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലുള്ളത്.