Monday 10 July 2023 12:51 PM IST

‘മാഡം ഈ വെയിലിലും പൊടിയിലും ജോലി ചെയ്യാതെ ഓഫിസ് ജോലി നോക്കുന്നതല്ലേ നല്ലത്’: അഭിമാനം ഈ മലയാളി എൻജിനീയർമാർ

Roopa Thayabji

Sub Editor

krishna-aiswarya കൃഷ്ണതീർഥ (ഇടത്ത്), കെ.ഡി. ഐശ്വര്യ,

കൊച്ചിയിലെ വീട്ടിലിരുന്നു കെഎസ്ഇബി ലൈൻമാനായ അച്ഛൻ ഒരു സ്വപ്നം കണ്ടു. മിടുക്കിയായി പഠിച്ചു ജോലി വാങ്ങിയ മകൾ ബുള്ളറ്റ് ഓടിച്ച് ഓഫിസിലേക്കു പോകുന്നത്. സ്വപ്നം പോലെ മകൾ ബുള്ളറ്റ് ഓടിച്ച് ഓഫിസിലേക്കു പോയി. പിന്നെ, ഇന്ത്യയുടെ അഭിമാനമായ ബുള്ളറ്റ് ട്രെയിൻ പ്രോജക്ടിന്റെ ഭാഗവുമായി.

ഇന്ത്യയുടെ ബുള്ളറ്റ് ട്രെയിനായ മുംബൈ– അഹമ്മദാബാദ് ഹൈസ്പീഡ് റെയിൽ പ്രോജക്ടിൽ സേഫ്റ്റി എൻജിനീയർമാരായി ചരിത്രം സൃഷ്ടിക്കുന്ന രണ്ടു പെൺകുട്ടികളുടെ കഥയാണിത്. കൊച്ചിക്കാരി കെ.ഡി. ഐശ്വര്യയുടെയും തൃശൂരുകാരി കൃഷ്ണതീർഥയുടെയും.

മലയാളത്തിന്റെ സ്വന്തം കുട്ടി

ഐശ്വര്യ: അമ്മ സുമ ദേവദാസും കെഎസ്ഇബി ഓവർസിയറായി റിട്ടയർ ചെയ്ത അ ച്ഛൻ ദേവദാസുമാണു കൊച്ചിയിലെ വീട്ടിലുള്ളത്. ചേച്ചി അമൃത പഞ്ചാബ് നാഷനൽ ബാങ്കിൽ മാനേജരാണ്. ഏഴാം ക്ലാസ്സുവരെ കച്ചേരിപ്പടി സെന്റ് ആന്റണീസ് സ്കൂളിൽ പഠിച്ചു. എൻജിനീയറിങ് മോഹം മനസ്സിലുള്ളതു കൊണ്ടു കലൂരിലെ മോഡൽ ടെക്നിക്കൽ ഹയർ സെക്കൻഡറി സ്കൂളിലായിരുന്നു പിന്നെ, പ്ലസ്ടു വരെയുള്ള പഠനം.

കൃഷ്ണ: അച്ഛൻ രമേഷിന്റെ നാട് പാലക്കാടും അമ്മ ബിന്ദു രമേശിന്റെ വീട് ഇരിങ്ങാലക്കുടയിലുമാണെങ്കിലും ഞാൻ ജനിച്ചതും പഠിച്ചതുമൊക്കെ ഊട്ടിയിലാണ്. അച്ഛനു പ്രതിരോധ മന്ത്രാലയത്തിനു കീഴിലുള്ള ഊട്ടിയിലെ കോർഡൈറ്റ് ഫാക്ടറിയിലായിരുന്നു ജോലി. അമ്മ സ്കൂൾ അധ്യാപികയും. നീലഗിരിയിലെ കേന്ദ്രീയ വിദ്യാലയത്തിലും കോർഡൈറ്റ് ഫാക്ടറി ഹയർ സെക്കൻഡറി സ്കൂളിലുമായാണു പഠിച്ചത്. പ്ലസ്ടു ജില്ലാതലത്തി ൽ ഒന്നാം റാങ്ക് കിട്ടി. എൻജിനീയറിങ് ആയിരുന്നു സ്വപ്നം.

ആരും സഞ്ചരിക്കാത്ത വഴികളിലൂടെ

കൃഷ്ണ: കോയമ്പത്തൂരിലെ പിഎസ്ജി കോളജ് ഓഫ് ടെക്നോളജിയിൽ നിന്നാണ് സിവിൽ എൻജിനീയറിങ് പാസ്സായത്. പഠനം മാത്രമായിരുന്നില്ല മെയിൻ. നൃത്തം കുട്ടിക്കാലം തൊട്ടേ പഠിക്കുന്നുണ്ട്. കുച്ചിപ്പുടിയിൽ കേന്ദ്രസർക്കാരിന്റെ സ്കോളർഷിപ് കിട്ടിയിട്ടുണ്ട്. തമിഴ്നാട് സർക്കാരിന്റെ ‘കലൈ ഇളമണി’ പട്ടവും ലഭിച്ചു.

ഐശ്വര്യ: എൻജിനീയറിങ് സ്വപ്നം കണ്ടത് അച്ഛനാണ്. നല്ല ജോലി വാങ്ങി, ബുള്ളറ്റിൽ ഓഫിസിൽ ചെന്നിറങ്ങുന്ന എന്നെ അച്ഛൻ പലവട്ടം സ്വപ്നം കണ്ടിട്ടുണ്ടത്രേ.

ചേർത്തല ഐഎച്ച്ആർഡി കോളജ് ഓഫ് എൻജിനീയറിങ്ങിൽ നിന്നാണ് ബിടെക് പസ്സായത്, ഇലക്ട്രിക്കൽ ആ ൻഡ് ഇലക്ട്രോണിക്സ് എൻജിനീയറിങ്ങിൽ. എംടെക്കിനു കുസാറ്റിൽ വച്ചു ഞങ്ങൾ കണ്ടുമുട്ടി.

കൃഷ്ണ: സ്കൂളിൽ പഠിക്കുന്ന കാലം, അടുത്തൊരു ഫാക്ടറിയിൽ പൊട്ടിത്തെറി ഉണ്ടായി കുറച്ചു പേർ മരിച്ചു. അ ന്നു നീലഗിരി മുഴുവൻ സ്ഫോടനത്തിൽ കുലുങ്ങി. അപ്പൂപ്പനും അച്ഛനും അച്ഛന്റെ സഹോദരങ്ങളുമൊക്കെ ഡിഫൻസ് മേഖലയിലാണു ജോലി ചെയ്തിരുന്നത്. ചെറിയ സുരക്ഷാ പിഴവു കൊണ്ടൊക്കെ ഉണ്ടാകുന്ന അപകടങ്ങളെ കുറിച്ച് അന്നേ അവർ പറഞ്ഞു കേട്ടിട്ടുണ്ട്. അങ്ങനെയാണു സേഫ്റ്റി എന്ന വാക്കു മനസ്സിൽ പതിഞ്ഞത്. ഗേറ്റ് പരീക്ഷ പാസ്സായപ്പോൾ കുസാറ്റിൽ ഇൻഡസ്ട്രിയൽ സേഫ്റ്റി (സ്പെഷലൈസേഷൻ ഇൻ ഹെൽത് സേഫ്റ്റി ആൻഡ് എൻവയോൺമെന്റ് മാനേജ്മെന്റ്) എന്ന അപൂർവ വിഷയം കണ്ടു. അങ്ങനെ അതിനു ചേർന്നു.

ഐശ്വര്യ: ബിടെക്കിന് ഇന്റേൺഷിപ് ചെയ്തതു ഡിഎംആർസിയിലാണ്. കൊച്ചി മെട്രോയുടെ പണി നടക്കുന്ന സമയം. അവിടെ വച്ചാണു സേഫ്റ്റി എൻജിനീയറിങ് എന്ന ബ്രാഞ്ചിന്റെ കാര്യം കേട്ടത്. പക്ഷേ, കോഴ്സ് കഴിഞ്ഞു പിഎസ്‌സിക്കും യുപിഎസ്‌സിക്കുമൊക്കെ തയാറെടുക്കാനായിരുന്നു പ്ലാൻ. എംബിഎ എൻട്രൻസ് പാസ്സായി കുസാറ്റിലെത്തിയപ്പോഴാണ് ഇൻഡസ്ട്രീസ് സേഫ്റ്റി എന്ന ബ്രാഞ്ചുണ്ടെന്നു കേട്ടത്. പിന്നെ, ഒന്നും നോക്കിയില്ല.

ഈ കോഴ്സ് തിരഞ്ഞെടുത്തതിനു പിന്നിൽ മറ്റൊരു കാരണം കൂടിയുണ്ട്. അച്ഛൻ ജോലിക്കു കയറിയതു സാധാരണ തൊഴിലാളിയായാണ്. പിന്നീടു ലൈൻമാനും ഓവർസിയറുമായി. ലൈൻമാൻ ആയിരുന്ന കാലത്ത് അച്ഛൻ ജോലിക്കു പോയാൽ തിരികെ വരുന്നതു വരെ അമ്മയ്ക്കു ടെൻഷനാണ്. അതുകൊണ്ടു തൊഴിൽ സ്ഥലത്തെ ജീവനക്കാരുടെ സുരക്ഷ ഉറപ്പാക്കുന്ന ജോലിയാണ് എനിക്ക് ഏറ്റവും യോജിക്കുക എന്നുതന്നെ തോന്നി.

പഠനം രസകരം

ഐശ്വര്യ: വിവിധ എൻജിനീയറിങ് ബ്രാഞ്ചുകളിൽ നിന്നു വരുന്ന കുറേപ്പേർ ഒന്നിച്ചിരിക്കുന്ന അവിയൽ പോലെയായിരുന്നു എംെടക് ക്ലാസ് റൂം. സാധാരണ അധികം പെൺകുട്ടികൾ വരാത്ത ബ്രാഞ്ചാണ് സേഫ്റ്റി എൻജിനീയറിങ്. ഞങ്ങളുടെ ബാച്ചിൽ ആകെയുള്ള 17 പേരിൽ ‍ഞാനും കൃഷ്ണയുമടക്കം അഞ്ചു പെൺകുട്ടികൾ മാത്രം. അതിൽ മൂന്നു പേർ പഠനശേഷം ടീച്ചിങ് തിരഞ്ഞെടുത്തു.

എംടെക്കിനു തിസീസ് വിഷയം സെലക്ട് ചെയ്യേണ്ട സമയത്തും അച്ഛന്റെ ഇടപെടലുണ്ടായി. ഇലക്ട്രിക്കൽ ആക്സിഡന്റുകളെ കുറിച്ചുള്ള ആ തിസീസ് പൂർത്തിയായപ്പോഴാണ് അച്ഛന്റെ ജോലിയുടെ കഷ്ടപ്പാടും എനിക്കു ചെയ്യാനാകുന്ന കാര്യങ്ങളുടെ ആഴവും അറിഞ്ഞത്.

കൃഷ്ണ: ആമസോൺ കാടുകളിൽ അതിഭയങ്കരമായ കാട്ടുതീ ഉണ്ടായ കാലം. നശിച്ചുപോയ ഹെക്ടർ കണക്കിനു വനസമ്പത്തും ജീവൻ നഷ്ടപ്പെട്ട അനേകം ജീവജാലങ്ങളുടെ ചിത്രങ്ങളും കണ്ടപ്പോഴുണ്ടായ ഷോക്കിൽ നിന്നായിരുന്നു എന്റെ തിസീസ്, ഫോറസ്റ്റ് ഫയർ റിസ്കുകളെ കുറിച്ചും നേരിടേണ്ട വഴികളെ കുറിച്ചും. ഒരു ദേശീയ കോൺഫറൻസിൽ മികച്ച പ്രോജക്ടിനുള്ള അവാർഡ് കിട്ടി. ഒന്നാം റാങ്ക് നേടിയാണ് എംടെക് പാസ്സായത്. പക്ഷേ, ആദ്യവർഷം തന്നെ ഞങ്ങൾക്കു ടാറ്റ കൺസൽറ്റിങ് എൻജിനീയേഴ്സിൽ പ്ലേസ്മെന്റ് കിട്ടിയിരുന്നു.

aiswarya ഐശ്വര്യ അച്ഛനമ്മമാർക്കും ചേച്ചിക്കുമൊപ്പം

ട്രെയിൻ ടു വഡോദര

കൃഷ്ണ: ആദ്യ പോസ്റ്റിങ് കോവിഡ് കാലത്താണ്, ഗുജറാത്തിലെ വഡോദരയിൽ. നാട്ടിൽ നിന്നു വളരെ ദൂരെ ആയിരുന്നുവെങ്കിലും സഹപ്രവർത്തകരെല്ലാം നന്നായി സഹായിച്ചു. ആ സൈറ്റിൽ ഞാൻ മാത്രമേ സ്ത്രീആയുള്ളൂ. ബാക്കി എല്ലാം പുരുഷന്മാർ. ജോലിയിൽ സ്ത്രീ എന്ന യാതൊരു വേർതിരിവും അറിയാതിരുന്ന എനിക്കു പക്ഷേ, ഒരു വലിയ പ്രശ്നം നേരിടേണ്ടി വന്നു; അവിടെ ആകെ പൊതു ടോയ്‌ലറ്റ് മാത്രമേ ഉള്ളൂ.

ഐശ്വര്യ: വഡോദരയിൽ തന്നെയായിരുന്നു എന്റെയും ആദ്യ പോസ്റ്റിങ്, മറ്റൊരു പ്രോജക്ടിൽ. ആദ്യ ദിവസം തന്നെ ഒരാൾ സ്നേഹത്തോടെ ഉപദേശിച്ചു, ‘മാഡം ഈ വെയിലിലും പൊടിയിലും ജോലി ചെയ്യാതെ ഓഫിസ് ജോലി നോക്കുന്നതല്ലേ നല്ലത്...’ സങ്കടവും ദേഷ്യവുമൊക്കെ വന്നെങ്കിലും ഇപ്പോൾ ഉപദേശം കേട്ടു ശീലമായി.

ഒരു സൈറ്റിൽ ഇൻസ്പെക്‌ഷനു ചെന്നപ്പോൾ ലേഡീസ് വാഷ് റൂമില്ല. ഇക്കാര്യം ചോദിച്ചപ്പോൾ അയാളുടെ എ ടുത്തടിച്ച മറുപടി, ‘ഇവിടെ ലേഡീസ് സ്റ്റാഫ് ഇല്ലല്ലോ...’ ടോയ്‌ലറ്റ് പ്രശ്നം ഉടൻ പരിഹരിച്ചെങ്കിലും ആ ആറ്റിറ്റ്യൂഡ് എന്നു മാറുമെന്ന് അറിയില്ല. സ്ത്രീകൾക്ക് ഇതൊക്കെ പറ്റുമോ, ഇതൊക്കെ വലിയ ഉത്തരവാദിത്തമല്ലേ എന്നൊക്കെയുള്ള മുൻവിധി കാണുമ്പോൾ ദേഷ്യം വരും.

ബുള്ളറ്റ് ടു ഓഫിസ്

ഐശ്വര്യ: അടുത്ത പോസ്റ്റിങ് നാട്ടിലായിരുന്നു. കൊച്ചി ൻ ഷിപ്‌യാർഡിലെ ഇന്റർനാഷനൽ ഷിപ് റിപ്പയറിങ് ഫെസിലിറ്റിയുടെ പ്രോജക്ടിൽ. അന്നു വീട്ടിൽ നിന്നു ബുള്ളറ്റിലാണു ജോലിക്കു പോയിവന്നത്.

കൃഷ്ണ: ആ പ്രോജക്ടിൽ ആകെ ഞങ്ങൾ രണ്ടു പെൺകുട്ടികൾ മാത്രമേയുള്ളൂ. കൺസ്ട്രക്‌ഷൻ സൈറ്റിലെ ജോലിക്കാരുടെയും മറ്റും സുരക്ഷയ്ക്കായുള്ള കാര്യങ്ങൾ മുതൽ കുടിവെള്ളം, വിശ്രമ കേന്ദ്രങ്ങൾ എന്നിങ്ങനെയുള്ള അടിസ്ഥാന സൗകര്യങ്ങൾ വരെ ഉറപ്പാക്കുന്ന ഉത്തരവാദിത്തം ഞങ്ങൾക്കായിരുന്നു.

ഐശ്വര്യ: ഒരു വർഷത്തിലധികമായി ബുള്ളറ്റ് ട്രെയിൻ പ്രോജക്ടിലെത്തിയിട്ട്. സൂറത്തിലാണു സൈറ്റ്. 50 കിലോമീറ്ററിലധികമുണ്ട് ഒരാളിന്റെ പരിധി. സിറ്റിയിൽ ജനിച്ചു വ ളർന്ന എനിക്കു ഗുജറാത്തിൽ വന്നപ്പോൾ അദ്ഭുതമായിരുന്നു. നീണ്ടുകിടക്കുന്ന കരിമ്പ്, നെല്ല്, ഗോതമ്പ്, കടുകു പാടങ്ങൾ, ചിക്കുവും മാമ്പഴവും പേരയ്ക്കയും നിറഞ്ഞ തോട്ടങ്ങൾ. വിളവെടുത്ത കരിമ്പു കാളവണ്ടിയിൽ കയറ്റി നിരനിരയായി പഞ്ചസാര ഫാക്ടറിയിലേക്കു കൊണ്ടുപോകുന്ന കാഴ്ച മിക്ക വൈകുന്നേരങ്ങളിലും പതിവാണ്. ഇടയ്ക്കു റോഡു മുറിച്ചുകടക്കുന്ന കാലിക്കൂട്ടങ്ങളെ കാണാം. ഒരിക്കൽ കുറേ ചെമ്മരിയാടുകൾ റോഡ് ക്രോസ് ചെയ്യുന്നു. ആട്ടിടയന്റെ കയ്യിൽ എന്തോ പൊതി കണ്ടു നോക്കുമ്പോൾ വഴിയിൽ വച്ചെങ്ങോ പ്രസവിച്ചുവീണ ഒരു ചെമ്മരിയാട്ടിൻകുട്ടിയാണതിൽ.

കോടിക്കണക്കിന് ആളുകൾ ഏറ്റവും വേഗത്തിൽ യാത്ര ചെയ്യേണ്ട റെയിൽ പാതയാണു നിർമിക്കപ്പെടുന്നത്. വെയിലത്തും മഴയത്തും മഞ്ഞിലുമൊന്നും ജോലി നിർത്തിവയ്ക്കുകയേയില്ല. ശാരീരികമായി നല്ല അധ്വാനം വേ ണം ഈ ജോലിക്ക്. എന്റെ പരിധിയിൽ വരുന്ന സ്ഥലത്തു തന്നെ മലകളും കൃഷിഭൂമിയും പുഴകളുമൊക്കെയുണ്ട്. എല്ലായിടത്തും എത്തണമല്ലോ, ചിലപ്പോഴൊക്കെ വളരെ ദൂരം നടക്കേണ്ടി വരും. പല സംസ്ഥാനങ്ങളിൽ നിന്നു വന്ന അറുപതോളം പുരുഷന്മാർക്കിടയിൽ ജോലി ചെയ്യുമ്പോൾ ‘യു ആർ എ ലേഡി, വീ ആർ ഗൈസ്’ എന്ന വ്യത്യാസമൊന്നും ആരും കാണിക്കാറില്ല.

കൃഷ്ണ: അഹമ്മദാബാദിനടുത്തു വട്ട്വായിലാണ് എന്റെ സൈറ്റ്. ദുർഘടവും കഠിനാധ്വാനം ആവശ്യമുള്ളതുമാണ് ഈ ജോലി എന്നു പറഞ്ഞല്ലോ. എട്ടു മുതൽ 25 മീറ്റർ ഉയരത്തിലുള്ള ഭീമാകാരങ്ങളായ തൂണുകൾക്കു മുകളിൽ വലിയ യന്ത്രങ്ങളുപയോഗിച്ചാണു റെയിൽ പാളങ്ങൾ നിർമിക്കുന്നത്. റെയിൽവേ സ്റ്റേഷനുകളും നദികൾക്കു കുറുകെയുള്ള പാലങ്ങളും കടലിനടിയിലൂടെയുള്ള തുരങ്കവുമൊക്കെ അതിൽ പെടും.

krishna കൃഷ്ണതീർഥയും ഭർത്താവ് ശരത്കുമാറും കുടുംബാംഗങ്ങൾക്കൊപ്പം

നിർദിഷ്ട റെയിൽ പാതയോടു ചേർന്ന് ഒരു വശത്ത് ഇ ന്ത്യൻ റെയിൽവേയും മറുവശത്തു ഹെവി ട്രാഫിക് ഉള്ള ഹൈവേയുമാണ്. സുരക്ഷാ മുൻകരുതലുകൾ ഏറ്റവും വേണ്ടി വരുന്ന ഇടം. സുരക്ഷയിൽ വീഴ്ച വരാതെ ജോലികൾ നടത്തിയെടുക്കുന്നതാണു ഞങ്ങളുടെ ഡ്യൂട്ടി. ചില വിരുതന്മാരുണ്ട്, സൈറ്റ് ഇൻസ്പെക്‌ഷനു ചെല്ലുന്ന ഞങ്ങളെ കാണുമ്പോൾ പില്ലറിനു പിന്നിൽ ഒളിക്കും. അടുത്തു വിളിക്കുമ്പോഴാകും കാര്യം മനസ്സിലാകുക, അവർ പിപിഇ കിറ്റൊന്നും ധരിച്ചിട്ടുണ്ടാകില്ല.

കുടുംബത്തിന്റെ പിന്തുണ

കൃഷ്ണ: അധികമൊന്നും അറിയാത്ത ദൂരെയൊരു സ്ഥലത്തേക്കു തനിച്ചു ജോലിക്കു വിട്ട കുടുംബാംഗങ്ങളോടു നന്ദി പറയാതെ തരമില്ല. അവരുടെ പിന്തുണ കൊണ്ടാണു പോസിറ്റീവ് ചിന്തകളോടെയും മനസ്സമാധാനത്തോടെയും ഈ ഫീൽഡിൽ ജോലി ചെയ്യാനാകുന്നത്.

2021 ഓഗസ്റ്റിലായിരുന്നു വിവാഹം. ഭർത്താവ് ശരത് കുമാർ മർച്ചന്റ് നേവിയിൽ ഇലക്ട്രോ ടെക്നിക്കൽ ഓഫിസറാണ്. അദ്ദേഹത്തിന്റെ അച്ഛനുമമ്മയും അനിയനുമൊക്കെ എന്റെ ജോലിയിൽ വലിയ അഭിമാനമാണ്.

ഐശ്വര്യ: കരിയർ തുടങ്ങിയിട്ടല്ലേ ഉള്ളൂ, കുറച്ചു ലോകം കണ്ട ശേഷം വിവാഹം കഴിക്കാമെന്നാണു പ്ലാൻ. ഇപ്പോൾ ഞങ്ങൾക്കു രണ്ടുപേർക്കും അസിസ്റ്റന്റ് മാനേജരായി (സേഫ്റ്റി) പ്രമോഷനായി.

എന്തിനാ ഈ ജോലിക്കു വന്നത് എന്നു മുൻപു ചോദിച്ചിരുന്നവരൊക്കെ ‘കൃഷ്ണയെയും ഐശ്വര്യയെയും ക ണ്ടപ്പോഴാണ് എന്റെ മകളെയും ഒരു ടെൻഷനുമില്ലാതെ വേറൊരു നാട്ടിലേക്കു പഠിക്കാനും ജോലിക്കു വിടാൻ ധൈര്യം വന്ന’തെന്ന് ഇപ്പോൾ തിരുത്തി പറയുന്നുണ്ട്. അതു കേൾക്കുമ്പോഴുള്ള അഭിമാനവും സന്തോഷവും ചെറുതല്ല. ഇന്ത്യയിലെ ആദ്യത്തെ ബുള്ളറ്റ് ട്രെയിൻ പ്രോജക്ടിൽ ജോലി ചെയ്യുമ്പോൾ ഞങ്ങൾ ഏറ്റവും കടപ്പെട്ടിരിക്കുന്നതും ബഹുമാനിക്കുന്നതും ഞങ്ങളുടെ കോർപറേറ്റ് സേഫ്റ്റി ഹെഡും മലയാളിയുമായ ജോസി ജോൺ സാറിനെയാണ്. സുരക്ഷയുമായി ബന്ധപ്പെട്ട ഈ ജോലിയിൽ ഞങ്ങളുടെ റോൾമോഡൽ അദ്ദേഹമാണ്.

രൂപാ ദയാബ്ജി