Monday 22 July 2024 11:13 AM IST : By സ്വന്തം ലേഖകൻ

കുത്തിവയ്പിന് പിന്നാലെ അബോധാവസ്ഥയില്‍ കൃഷ്ണ; അമ്മ മരിച്ചതറിയാതെ ആ മൂന്നു വയസ്സുകാരി, നെഞ്ചുലഞ്ഞ് കുടുംബം

krishna-thankappan-demise

മൂന്നു ദിവസം മുൻപായിരുന്നു കൃഷ്ണയുടെ ജന്മദിനം. ജൂലൈ 30ന് മകൾ ഋതികയുടെ നാലാം ജന്മദിനവും. രണ്ടു ജന്മദിനങ്ങളും അറിയാതെ കൃഷ്ണ മടങ്ങി. തിരുവനന്തപുരം നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ ചികിത്സയ്ക്കിടെ കുത്തിവയ്പ് എടുത്തതിനെ തുടർന്ന് മരിച്ച മലയിൻകീഴ് മച്ചേൽ കുണ്ടൂർകോണം സ്വദേശിനി കൃഷ്ണയുടെ (28) അപ്രതീക്ഷിത വിയോഗത്തിൽ നെഞ്ചുലഞ്ഞിരിക്കുകയാണ് കുടുംബം. ഒരാഴ്ചയായി അബോധാവസ്ഥയിലായിരുന്നു കൃഷ്ണ.

മലയിൻകീഴിലെ വീട്ടിൽ ഋതികയുടെ വസ്ത്രവും ബാഗും അടുക്കിവച്ചിരിക്കുന്നു. അങ്കണവാടിയിൽ പോകാനുള്ള വസ്ത്രവും ബാഗും തയാറാക്കി വച്ച ശേഷമാണ് കൃഷ്ണ നെയ്യാറ്റിൻകര ആശുപത്രിയിലേക്ക് ഭർത്താവിനൊപ്പം പോയത്. അമ്മയുടെ മരണവിവരം അറിയാതെ തുള്ളിച്ചാടി നടക്കുന്ന മൂന്നു വയസ്സുകാരിയായ ഋതിക വീട്ടിലെത്തിയവരെ കണ്ണീരണിയിച്ചു. ഒരാഴ്ചയായി ഋതിക അമ്മയെ കണ്ടിട്ടില്ല.

വെൽഡിങ് തൊഴിലാളിയ ശരത്തിന്റെയും ചെങ്ങന്നൂർ സ്വദേശിയായ കൃഷ്ണയുടെയും പ്രണയവിവാഹമായിരുന്നു. ഈ വർഷം നാലാം വിവാഹ വാർഷികമാണ്. സ്വന്തം ജന്മദിനവും കൃഷ്ണയറിഞ്ഞില്ല. അബോധവസ്ഥയിൽ മെഡിക്കൽ കോളജ് ആശുപത്രിയിൽ കഴിഞ്ഞ 19ന് ആയിരുന്നു കൃഷ്ണയുടെ 28–ാം ജന്മദിനം.

വയറുവേദനയെത്തുടർന്ന് 12ന് ആണ് കൃഷ്ണ തൈക്കാട് ആശുപത്രിയിൽ എത്തിയത്. വൃക്കയിൽ കല്ലാണെന്നും ശസ്ത്രക്രിയ നടത്തണമെന്നും ഡോക്ടർ നിർദേശിച്ചു. 15ന് നെയ്യാറ്റിൻകര ജനറൽ ആശുപത്രി സർജനെ കണ്ടു. കുത്തിവയ്പ് നൽകിയതോടെ കടുത്ത ശ്വാസംമുട്ടൽ അനുഭവപ്പെട്ടു. മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്. 

ഉന്നത ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ പോസ്റ്റുമോർട്ടം നടത്തണം, നെയ്യാറ്റിൻകര ആശുപത്രിയിലെ മെഡിക്കൽ റിപ്പോർട്ട് അടിയന്തരമായി വേണം എന്നീ ആവശ്യങ്ങളുന്നയിച്ച് മെഡിക്കൽ കോളജ് ആശുപത്രിയിൽ ബന്ധുക്കൾ ഇന്നലെ പ്രതിഷേധിച്ചു. നെയ്യാറ്റിൻകര ജനറൽ ആശുപത്രിക്കു മുന്നിലും ദേശീയപാതയിലും രാഷ്ട്രീയപാർട്ടികൾ ഉപരോധ സമരം നടത്തി. 

മരുന്നുകളോട് അലർജിയുള്ള കൃഷ്ണയ്ക്ക് ടെസ്റ്റ് ഡോസ് നൽകാതെയാണ് കുത്തിവയ്പെടുത്തതെന്ന് ബന്ധുക്കൾ ആരോപിച്ചു. അലർജി പ്രശ്നം ഉണ്ടെന്ന് പെൺകുട്ടിയോ കൂടെ ഉള്ളവരോ പറഞ്ഞില്ലെന്ന് ആശുപത്രി അധികൃതർ പറയുന്നു. കുത്തിവയ്പ്പ് നൽകിയെന്നത് തെറ്റാണ്. പെൺകുട്ടിക്ക് ഡ്രിപ്പിലൂടെ മരുന്ന് നൽകുകയായിരുന്നു. ഇതിനു പിന്നാലെയാണ് പ്രശ്നം ഉണ്ടായതെന്നും അധികൃതർ പറഞ്ഞു. 15 ദിവസത്തിനകം റിപ്പോർട്ട് നൽകണമെന്ന് മനുഷ്യാവകാശ കമ്മിഷൻ ഉത്തരവിട്ടു.

Tags:
  • Spotlight