നിയമത്തിന്റെ നൂലാമാലകൾ ഭയന്നാണ് കെഎസ്ആർടിസി ഡ്രൈവറെ ആശുപത്രിയിലെത്തിച്ച ശേഷം ‘മുങ്ങി’യതെന്ന് ഡ്രൈവർ. നെടുമ്പാശേരി കറുകുറ്റി സ്വദേശി ഷൈൻ ജോർജ് ആണ് കഴിഞ്ഞ ദിവസം ശാരീരികാസ്വാസ്ഥ്യത്തെ തുടർന്ന് കുഴഞ്ഞു വീണ കെഎസ്ആർടിസി ഡ്രൈവറെ ആശുപത്രിയിലെത്തിച്ച് ജീവൻ രക്ഷിച്ചത്.
വല്ലാർപാടം കണ്ടെയ്നർ ടെർമിനലിൽ കണ്ടെയ്നർ ഡ്രൈവറായ ഷൈൻ (40) കുറുകുറ്റി പള്ളി അങ്ങാടി തെക്കേക്കുന്നേൽ ജോർജിന്റെ മകനാണ്. 15 വർഷത്തോളമായി സഹോദരന്റെ കണ്ടെയ്നർ ലോറി ഓടിക്കുകയാണ് ഷൈൻ. നീതുവാണ് ഭാര്യ. അങ്കണവാടി വിദ്യാർഥിനിയായ ഇവാഞ്ചലിൻ ആണ് മകൾ. ചൊവ്വാഴ്ച വൈകിട്ട് കളമശേരിയിലെ സർവീസ് സെന്ററിലേക്ക് പോകുമ്പോഴാണ് സഞ്ചരിച്ചിരുന്ന കെഎസ്ആർടിസി ബസിലെ ഡ്രൈവർ ചാലക്കുടി സ്വദേശി ബിജോയി കരിയാട്ടിൽ അവശനായി കുഴഞ്ഞു വീണത്.
"പിൻസീറ്റിലാണ് ഞാന്‍ ഇരുന്നിരുന്നത്. ബസ് പെട്ടെന്ന് ബ്രേക്കിട്ട് നിർത്തിയപ്പോൾ കാര്യം തിരക്കി മുൻപിലേക്ക് ചെല്ലുകയായിരുന്നു. ഡ്രൈവറുടെ കയ്യും കാലും തളർന്ന അവസ്ഥയിലായിരുന്നു. ഡ്രൈവറെ താഴേക്കിറക്കി മറ്റൊരു വാഹനത്തിൽ കയറ്റാനാകാത്ത അവസ്ഥയായതിനാലാണ് ഞാൻ ബസ് ഓടിക്കാമെന്നും ആശുപത്രിയിൽ എത്തിക്കാമെന്നും കണ്ടക്ടറോട് പറഞ്ഞത്. എന്റെ ഹെവി ഡ്രൈവിങ് ലൈസൻസ് കാണിച്ചിട്ടും കണ്ടക്ടർക്ക് ആദ്യം പാതി മനസ്സായിരുന്നു. ഡ്രൈവറുടെ നില കൂടുതൽ വഷളായതോടെ കണ്ടക്ടർക്ക് സമ്മതം മൂളേണ്ടി വരികയായിരുന്നു.
ബസിൽ നിന്നും ഡ്രൈവറെ ഇറക്കി ആശുപത്രിയിൽ ഡോക്ടറുടെ അടുത്ത് എത്തിക്കുകയും ചെയ്തു. പിന്നീട് ഒപ്പമുണ്ടായിരുന്ന ബസിലെ യാത്രക്കാരിയായ ഒരു ചേച്ചി തന്റെ വീട് അടുത്താണെന്നും എന്നോട് പൊയ്ക്കോളാനും പറഞ്ഞു. വിഎഫ്പിസികെ ഉദ്യോഗസ്ഥ അംജ ആയിരുന്നു അത്. തുടർന്ന് ആലുവ കെഎസ്ആർടിസി ഡിപ്പോയിലെത്തി സ്റ്റേഷൻ മാസ്റ്ററോട് സംഭവങ്ങളെല്ലാം പറഞ്ഞ ശേഷമാണ് ജോലി സ്ഥലത്തേക്ക് പോയത്. ഇതിനിടയിൽ, ബസ് ഇരിങ്ങാലക്കുട ഡിപ്പോയിലേത് ആയതിനാൽ വിവരം അവിടേയ്ക്ക് വിളിച്ചറിയിച്ചെങ്കിലും സൗഹാർദപരമായ സമീപനമല്ല അവിടെ നിന്ന് ലഭിച്ചത്.
അതോടെ വിവരം കൂടുതൽ പേരെ അറിയിക്കേണ്ടെന്ന് തീരുമാനിക്കുകയായിരുന്നുവെന്നു. കെഎസ്ആർടിസി ബസ് അനുമതിയില്ലാതെ ഓടിച്ചതിന്റെ പേരിൽ നടപടിയുണ്ടാകുമോയെന്ന് ആശങ്കയുണ്ടായിരുന്നു. മാധ്യമങ്ങളിലെ വാർത്ത അഭിമാനവും സന്തോഷവും നൽകുന്നതായിരുന്നു. അതോടെയാണ് സുഹൃത്തുക്കളോട് വിവരം പങ്കുവച്ചതും അവർ അത് സമൂഹ മാധ്യമങ്ങളിലൂടെ ലോകത്തെ അറിയിച്ചതും."- ഷൈൻ പറയുന്നു.